കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി : ‍അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധ വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.സി. ഹൈദര്‍ അധ്യക്ഷത വഹിച്ചു. മതകീയ വിജ്ഞാനങ്ങളില്‍ അവബോധമില്ലായ്മ നിമിത്തം വിശ്വാസ കര്‍മ്മ മേഖലകളില്‍ കടന്ന് കൂടിയ അനിസ്‍ലാമികതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പകരം അവക്ക് സുന്നി ദര്‍ശനവുമായി ബന്ധമുണ്ടെന്ന്കുപ്രചരണം നടത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രമുഖ പണ്ഡിതന്‍ ആര്‍.വി. അബ്ദുല്‍ ഹമീദ് മൗലവി പ്രസ്താവിച്ചു. അഹ്‍ലുസ്സുന്നയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമാണെന്നും ഇതിനെ ചെറുക്കാന്‍ ആദര്‍ശ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി വിഷയാവതരണവും സദസ്യരുടെ സംശയങ്ങള്‍ക്ക് നിവാരണവും നടത്തി. കേന്ദ്ര നേതാക്കളായ സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഹാജി, റഊഫ്, ഉണ്ണീന്‍ കുട്ടി ദാരിമി, അലിക്കുട്ടി ഹാജി, ശുക്കൂര്‍ എടയാറ്റൂര്‍, ഫത്താഹ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ഇഖ്ബാല്‍ ഫൈസി സ്വാഗതവും അയ്യൂബ് പുതുപ്പറന്പ് നന്ദിയും പറഞ്ഞു.