കാസര്‍കോടിന് നഷ്ടമായത് മികച്ച സംഘാടകനെ
തളങ്കര: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച തളങ്കര ഇബ്രാഹിം ഖലീല്‍ കാസര്‍കോടിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാനിധ്യമായിരുന്നു. ഖലീലിന്റെ വിയോഗത്തിലൂടെ മികച്ച സംഘാടകനെയാണ് കാസര്‍കോടിന് നഷ്ടമായത്. കാസര്‍കോടിന്റെ സമസ്ത മേഖലകളുടെയും ഉയര്‍ച്ചയ്ക്കുവേണ്ടി ഏറെ പ്രയത്‌നിച്ചുവരുന്നതിനിടെയാണ് വിമാന ദുരന്തം എം.ബി.എ.ബിരുദധാരിയായ ഖലീലിന്റെ ജീവന്‍ കവര്‍ന്നത്. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍, താലൂക്കിലെ അമ്പതിലേറെ ജമാഅത്ത് കമ്മിറ്റികളുടെ കൂട്ടായ്മയായ കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി, തുടങ്ങിയ നിലകളില്‍ തിളങ്ങിയിരുന്നു.പ്രശസ്തമായ തളങ്കര മാലിക് ദിനാറില്‍ ഇക്കുറി നടന്ന ഉറൂസ് മുമ്പെങ്ങുമില്ലാത്ത വിധം ഏറെ ശ്രദ്ധിക്കപ്പെട്ടതുവഴി ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഖലീലിന്റെ നേതൃപാടവം പ്രശംസ പിടിച്ചുപറ്റിയിരുന്നു.