വിവാഹജീര്‍ണതയ്‌ക്കെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍

കോഴിക്കോട്: വിവാഹത്തിലെ ജീര്‍ണതകള്‍, മദ്യം എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിവാഹവുമായി ബന്ധപ്പെട്ട് മഹല്ല് വഴി 14 നിര്‍ദേശങ്ങളും നടപ്പാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സമുദായാംഗങ്ങള്‍ക്കിടയില്‍ മദ്യപാനാസക്തി വര്‍ധിക്കുന്നവെന്നതിന്റെ അടിസ്ഥാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍ മുഖേന ബോധവതക്‌രണ പ്രവര്‍ത്തനം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.മെയ് 26ന് ജില്ലയിലെ 10 മേഖലകളില്‍ ജാഗ്രതാ സമ്മേളനവും റാലിയും നടത്തും. ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയ്ക്ക് സമീപങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവാഹത്തിലെ കച്ചവടരീതി, ധൂര്‍ത്ത്, മദ്യസത്കാരം എന്നിവ ഒഴിവാക്കും. വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ മഹല്ലുകമ്മിറ്റികള്‍ പരസ്​പരം എതിര്‍പ്പില്ലാ രേഖ കൈമാറണം. പണ്ടവും പണവും വിലപേശി കച്ചവട രീതിയില്‍ നടത്തുന്ന വിവാഹങ്ങള്‍ ഒഴിവാക്കുക, ആര്‍ഭാടവും ദുര്‍വ്യയവും ഒഴിവാക്കുക, വിവാഹച്ചടങ്ങില്‍ മഹല്ല്കമ്മിറ്റികളുടെ പ്രതിനിധിയുട സാന്നിധ്യം ഉറപ്പുവരുത്തുക, വീഡിയോഗ്രാഫി, ഫോട്ടോഗ്രഫി എന്നിവ ഒഴിവാക്കുക തുടങ്ങിയവ 14 നിര്‍ദേശങ്ങളില്‍പ്പെടുന്നു.ജില്ലയിലെ ഒമ്പതിനായിരത്തോളം മഹല്ലുകളില്‍ ആഗസ്ത് 15ന് മുമ്പ് കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.വി.അബ്ദുറഹ്മാന്‍ ഫൈസി, വര്‍ക്കിങ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുന്നിയുവജന സംഘം ജില്ലാ പ്രസിഡന്റ് ആര്‍.വി.കുട്ടിഹസ്സന്‍, മദ്യവിരുദ്ധ പ്രചാരണം കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍.എസ്. മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.