കാസര്‍കോട് ജില്ലാ ഇസ്‌ലാമിക് കലാമേള നാളെ തുടങ്ങും

നീലേശ്വരം: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 11-ാമത് ജില്ലാ ഇസ്‌ലാമിക് കലാമേള നാളെ നീലേശ്വരം സി.എം. അബ്ദുല്ല മൗലവി നഗറില്‍ തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് നാല് മണിക്ക്‌കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ് അങ്കണത്തില്‍ സയ്യിദ് യഹ്‌യ തങ്ങളുടെ മഖ്ബറ സിയാറത്ത് നടത്തും. നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മുസ്‌ല്യാര്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ കോട്ടപ്പുറത്തുനിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിക്കും. നാളെ രാവിലെ 9.30 നീലേശ്വരം മര്‍ക്കസ് കാമ്പസില്‍ പതാക ഉയര്‍ത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ.ടി.അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍ കലാ മേള ഉദ്ഘാടനം ചെയ്യും. കെ.പി.കെ. തങ്ങള്‍ പൊവ്വല്‍ പ്രാര്‍ത്ഥന നടത്തും. പി. കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും.കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലയിലെ 24 റെയിഞ്ചുകളില്‍നിന്നും 60 ഓളം ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ 1500 മത്സരാര്‍ത്ഥികള്‍ അഞ്ചുവേദികളിലായി മാറ്റുരക്കും.
വ്യാഴാഴ്ച 5.30 ന് സമാപന സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂര്‍ അധ്യക്ഷത വഹിക്കും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തും. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ മുഖ്യാതിഥിയായിരിക്കും. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും മുഅല്ലിം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് തളങ്കര ഇബ്രാഹിം ഖലീലും കലാ പ്രതിഭകള്‍ ക്കുള്ള പുരസ്‌കാരം സി.ടി.അഹമ്മദലി എം.എല്‍.എ.യും സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ബി. അബ്ദുല്‍ റസാഖും ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് കെ.കെ.അബ്ദുല്ല ഹാജിയും സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് സൈനുദ്ദീന്‍ കടിഞ്ഞിമൂലയും സൂപ്പര്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് പി.കെ.സി. മുഹമ്മദലി ഹാജിയും വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ സി.കെ.കെ. മാണിയൂര്‍, ജില്ലാജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുല്ല മൗലവി, ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, സി.പി. മൊയ്തു മൗലവി സംബന്ധിച്ചു.