ഹജ്ജ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഹജ്ജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.25നും 50നും മധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്മാരും, ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുത്തവരായിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത്‌രാജ്-നഗരപാലിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ജീവനക്കാര്‍ അപേക്ഷിക്കേണ്ടതില്ല.നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിന്മേല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, പേര്, മേല്‍വിലാസം, എസ്.റ്റി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനന തിയ്യതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ എന്നിവ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ ഓഫീസ് മേധാവിയുടെ ശുപാര്‍ശയോടെ സമര്‍പ്പിക്കണം.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകുന്നേരം മൂന്നു മണി വരെ. കവറിന് മുകളില്‍ 'ഹജ്ജ് വളണ്ടിയര്‍ അപേക്ഷ' എന്ന് എഴുതണം.
അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org, haj.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടുക.
വിലാസം: എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം-673 647.