ദാറുല്‍ഹുദാ ശോകമൂകം; മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും

തിരൂരങ്ങാടി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച വൈകീട്ട് ദാറുല്‍ഹുദാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് അറിഞ്ഞതുമുതല്‍ ചെമ്മാട്ടെ ദാറുല്‍ഹുദാ സമുച്ചയം ശോകമൂകമായി.അപകടവിവരം അറിഞ്ഞതോടെ ഫോണ്‍വിളികളുടെയും സന്ദര്‍ശകരുടെയും പ്രവാഹവും തുടങ്ങി.ദാറുല്‍ഹുദാ നേരിട്ടുനടത്തുന്ന ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിലുള്ള പുങ്കനൂരിലെ മന്‍ഹജുറശാദ് അറബിക് കോളേജിലേക്ക് ചൊവ്വാഴ്ച രാവിലെയാണ് എട്ടംഗസംഘം പുറപ്പെട്ടത്.ഇവിടത്തെ അറബിക് കോളേജിന്റെ രണ്ടാംനിലയുടെ വാര്‍പ്പ് ജോലി വ്യാഴാഴ്ച നടക്കാനിരിക്കുകയായിരുന്നു.
ദാറുല്‍ഹുദാ സെക്രട്ടറി യു. ഷാഫിഹാജി, മാനേജിങ് കമ്മിറ്റി അംഗം വെന്നിയൂര്‍ കൊടിമരം പൈനാട്ടില്‍ ഹൈദ്രോസ് ഹാജി, ദാറുല്‍ഹുദാ ഭൗതിക പഠനവിഭാഗം മേധാവിയും പി.എസ്.എം.ഒ കോളേജിലെ റിട്ട. പ്രൊഫസറുമായ ഇ. മുഹമ്മദ്, പറപ്പൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഇല്ലത്ത് മൊയ്തീന്‍ഹാജി, എന്‍ജിനിയര്‍ മുഹമ്മദ് ജാസിം, ടി.ടി. ഓമച്ചപ്പുഴ, ദാറുല്‍ ഹുദാ പി.ജി. വിദ്യാര്‍ഥികളും പുലാമന്തോള്‍ സ്വദേശികളുമായ മുഹമ്മദ്‌ഖൈര്‍, അബ്ദുള്‍ നാസര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പുതുപ്പറമ്പ് സ്വദേശി മുഹമ്മദ് മുസമ്മിലായിരുന്നു വാന്‍ ഡ്രൈവര്‍.അപകടവിവരമറിഞ്ഞതോടെ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി ദാറുല്‍ഹുദയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കെ.സി. മുഹമ്മദ് ബാഖവി നേതൃത്വം നല്‍കി.സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, മുനവ്വറലി ശിഹാബ്തങ്ങള്‍, ബഷീറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ അനുശോചനമറിയിച്ചു.അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ദാറുല്‍ ഹുദയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമേ ഖബറടക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. ദാറുല്‍ഹുദയില്‍ ബുധനാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. സഹസ്ഥാപനങ്ങളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.