വഖഫ് ബോര്‍ഡ് ചട്ടം റദ്ദാക്കല്‍: 21ന് പ്രതിഷേധദിനം

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 21ന് പ്രതിഷേധ ദിനമാചരിക്കാന്‍ മുസ്‌ലിം സഘടനകളുടെ യോഗം തീരുമാനിച്ചു. വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം തന്ത്രപരമായി കൈക്കലാക്കുക എന്ന കമ്യൂണിസ്റ്റ് രഹസ്യ അജന്‍ഡയാണ് റദ്ദാക്കലിനു പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.

2003ല്‍ സര്‍ക്കാര്‍ അംഗീകരിച്ച റഗുലേഷന്‍ ഇപ്പോള്‍ റദ്ദാക്കിയതുമൂലം ജീവനക്കാരുടെ വിരമിക്കല്‍, ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. റഗുലേഷനില്‍ എന്തെങ്കിലും പോരായ്മകള്‍ ഉള്ളതുകൊണ്ടല്ല, നടപടിച്ചട്ടങ്ങള്‍ പാലിച്ചില്ല എന്ന കാരണം പറഞ്ഞാണ്
റദ്ദാക്കിയത്. ഇതു തിരുത്താനുള്ള അധികാരം ഉണ്ടായിട്ടും സര്‍ക്കാര്‍ ചെയ്തില്ല. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

വഖഫ് ബോര്‍ഡ് അംഗം ടി. കെ. സെയ്താലിക്കുട്ടി, പി. വി. സൈനുദ്ദീന്‍, എം. സി മായിന്‍കുട്ടി ഹാജി, എന്നിവര്‍ പ്രസംഗിച്ചു. ടി. പി. എം. സാഹിര്‍, പി. കെ. കെ. ബാവ (മുസ്‌ലിം ലീഗ്), പ്രഫ. ആലിക്കുട്ടി മുസല്യാര്‍, ആര്‍. വി. കുട്ടിഹസന്‍ ദാരിമി, പിണങ്ങോട് അബൂബക്കര്‍ (സമസ്ത), ഡോ. എം. അബ്ദുല്‍ അസീസ്, സി. അബ്ദുല്ല മദനി( കെഎന്‍എം), വി. എം. കോയ(എ. പി.), ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എ. അബ്ദുല്‍ ഹമീദ് മദനി (കെഎന്‍എം മടവൂര്‍), പി. പി. അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാ അത്തെ ഇസ്‌ലാമി), സി. ടി. സക്കീര്‍ ഹുസൈന്‍ (എംഇഎസ്), കോതൂര്‍ മുഹമ്മദ്, പി. സിക്കന്ദര്‍, (എംഎസ്എസ്), ടി. കെ. പരീക്കുട്ടി ഹാജി, ( ഓര്‍ഫനേജ് അസോസിയേഷന്‍), പി. കെ. മുഹമ്മദ്, ടി. ഹംസ, കെ. മൊയ്തീന്‍ കോയ(മുതവല്ലി അസോ.) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍ ചെയര്‍മാനും ടി. കെ. സെയ്താലിക്കുട്ടി ജനറല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്