പ്രൊഫ. ഇ. എം. പവിത്ര വിദ്യാഭ്യാസത്തിന്‍റെ രാജ ശില്പി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി

(വൈസ്‌ ചാന്‍സിലര്‍, ദാറുല്‍ ഹുദ ഇസ്ലാമിക്‌ യൂണിവെഴ്സിറ്റി)

സാമൂഹികവും വൈജ്ഞാനികവുമായ നവോത്ഥാനം ചരിത്രത്തിന്‍റെ നിയോഗമെന്നോണം സംഭവിക്കുമ്പോള്‍ അവിടെ ഓരോ ശില്‍പിക്കും തന്‍റേതായ പ്രാധാന്യമുണ്ട്‌. ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റിയുടെ ആന്ധ്ര ബ്രാഞ്ചിലേക്കുള്ള യാത്രക്കിടയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രൊഫ. ഇ. മുഹമ്മദിന്‍റെ ജീവിത സന്ദേശവും ദര്‍ശനവും ഈയൊരര്‍ഥത്തിലാണ്‌ കൂടുതല്‍ പ്രസക്തമാകുന്നത്‌. കോട്ടക്കല്‍ പുതുപ്പറമ്പ്‌ സ്വദേശിയായ ഇദ്ദേഹം തുടക്കം മുതല്‍ ദാറുല്‍ഹുദായിലെ മതേതരവിദ്യാഭ്യാസ വിഭാഗം മേധാവിയായിരുന്നു. കേരള മുസ്ളിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്‍റെ മാറ്റൊലി മുഴക്കിയ മതഭൌതിക സമന്വയ വിദ്യാഭ്യാസ സപര്യക്ക്‌ നാന്ദി കുറിക്കപ്പെട്ടപ്പോള്‍ ആത്മീയ നായകരോടൊപ്പം അതിന്‍റെ ഭൌതിക പൂര്‍ത്തീകരണത്തിന്‌ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ച നവോത്ഥാന ശില്‍പ്പിയായിരുന്നു പ്രൊഫ. ഇ. മുഹമ്മദ്‌. ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത പര്‍വ്വങ്ങള്‍ താണ്ടുമ്പോള്‍ സാമുദായിക പുരോഗതിയുടെ യഥാര്‍ത്ഥ ആത്മീയ ധാര വിസ്മരിക്കപ്പെട്ടു പോകുന്ന ഇക്കാലത്ത്‌ ഭൌതിക വിദ്യാഭ്യാസത്തെ സമുദായത്തിന്‍റെ ആത്മീയ പുരോഗതിയുടെ ചാലകമാക്കിയെന്നതാണ്‌ ഇ. എമ്മിന്‍റെ മഹത്തായ ജീവിതസന്ദേശം. മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ പരപ്പനങ്ങാടി പനയത്തില്‍ ജുമുഅത്ത്‌ പള്ളിയില്‍ മുദര്‍രിസായിരിക്കവെ അവിടെ ഇ.എം ദര്‍സ്‌ പഠനം നടത്തിവരുന്ന കാലം. അപാരബുദ്ധിശക്തിയും ഗണിതത്തിലും ശാസ്ത്രത്തിലുമുള്ള താല്‍പര്യവും കഥാപുരുഷനില്‍ ദീര്‍ഘദര്‍ശനം ചെയ്ത ഉസ്താദ്‌ ഭൌതിക വിദ്യാഭ്യാസത്തിന്‍റെ ഉന്നതങ്ങളിലെത്തി സമുദായ സേവനം നടത്തുന്ന 'കര്‍മ നൈരന്തര്യ'ത്തെ അദ്ദേഹത്തില്‍ വായിച്ചെടുക്കുകയുണ്ടായി. ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം ദര്‍സ്‌ പഠനവും മുന്നോട്ടുകൊണ്ടുപോയ ഈ ആദര്‍ശവാദി ഔദ്യോഗിക ജീവിതത്തിലെ സന്നിഗ്ദഘട്ടങ്ങളില്‍ പോലും സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. നാട്ടുകാരനെന്നതിലുപരി, പുതുപ്പറമ്പ്‌ ദേശത്തെ ആത്മീയ വിളക്കായിരുന്ന സി.എച്ച്‌ ഹൈദറൂസ്‌ മുസ്ലിയാരുമായുള്ള ബന്ധം അദ്ദേഹത്തിന്‍റെ ജീവിത പ്രയാണത്തില്‍ നിഴലിച്ചുകണ്ടിരുന്നു. സമൂഹത്തിന്‍റെ അടിത്തട്ടില്‍ നിന്നായിരിക്കണം നവോത്ഥാന-സംസ്കരണ പ്രവര്‍ത്തനങ്ങളെന്ന സി.എച്ച്‌ ഉസ്താദിന്‍റെ 'പ്രവര്‍ത്തന മാര്‍ഗ രേഖ' ഇ.എമ്മിന്‍റെ ജീവിതത്തെയും വഴിനടത്തിയതായി കാണാനാവും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായിരുന്ന മൌലാനാ മുഹമ്മദ്‌ അബ്ദുല്‍ബാരി മുസ്ലിയാരുടെ മാര്‍ഗദര്‍ശനങ്ങള്‍ ചെറുപ്പത്തില്‍ ലഭിച്ചതും അദ്ദേഹം അനുസ്മരിക്കാറുണ്ട്‌. വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കാവസ്ഥയുടെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ -അറുപതുകളിലും എഴുപതുകളിലും- ഒരു കോളേജ്‌ അധ്യാപകനുള്ള സ്ഥാനം പ്രൌഢമായിരുന്നു. അതും പാരമ്പര്യവിശ്വാസികള്‍ക്കിടയില്‍ നിന്നൊരു വ്യക്തി ഭൌതികരംഗത്ത്‌ ഉന്നതി കൈവരിക്കുമ്പോള്‍, ഇപ്രകാരം ശോഭിക്കുമ്പോഴും സാധാരണക്കാരോടൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കാനും അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കാനും തയ്യാറായി എന്നുള്ളതാണ്‌ അദ്ദേഹത്തിന്‍റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്‌. മതവൈജ്ഞാനിക ധാര്‍മിക രംഗത്ത്‌ വ്യത്യസ്ത സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പുതുപ്പറമ്പ്‌ മഹല്ല്‌ കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയായിരുന്നു പരേതന്‍. മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള സമൂഹ സംസ്കരണത്തിന്‌ പ്രഥമവും പ്രധാനവുമായി വേണ്ടത്‌ നവോത്ഥാനത്തിന്‍റെ വിദ്യാഭ്യാസമാണെന്ന തിരിച്ചറിവാണ്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍റെ നേതാക്കളെ ദാറുല്‍ ഹുദാ സംസ്ഥാപനത്തിലെത്തിക്കുന്നത്‌. സി.എച്ച്‌ ഹൈദറൂസ്‌ മുസ്ലിയാരുടെയും എം.എം ബശീര്‍ മുസ്ലിയാരുടെയും ഡോ. യു. ബാപ്പുട്ടി ഹാജിയുടെയും ധിഷണയും കര്‍മവും ദാറുല്‍ ഹുദാക്ക്‌ അസ്തിവാരമിട്ടപ്പോള്‍ കാല്‍ നൂറ്റാണ്ടു മുമ്പുതന്നെ അവരോടൊപ്പം നിന്ന്‌ സജീവമായി പ്രവര്‍ത്തിച്ച ദീര്‍ഘദൃക്കായിരുന്നു ഇ.എം. ദര്‍സ്‌-അറബി കോളേജ്‌ ഗ്രന്ഥങ്ങളും ഭൌതിക വിദ്യാഭ്യാസത്തിന്‍റെ പാഠപുസ്തകങ്ങളും രണ്ട്‌ ഭിന്ന ധ്രുവങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും മതപഠനത്തിന്‌ പ്രാമുഖ്യം നല്‍കി വിദ്യയഭ്യസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ യോജിച്ച രീതിയില്‍ ഭൌതിക സിലബസ്‌ ഉണ്ടാക്കുകയെന്നത്‌ ശ്രമകരമായ ഒരു ജോലി തന്നെയായിരുന്നു. ദാറുല്‍ ഹുദായെ സംബന്ധിച്ചിടത്തോളം പ്രസ്തുത ജോലിയേറ്റെടുത്ത്‌ നടപ്പാക്കിയത്‌ സ്മര്യപുരുഷനാണ്‌. പ്രസ്തുത വിദ്യാഭ്യാസയത്നം ഒരു പരീക്ഷണം മാത്രമായിത്തീരാതെ പൂര്‍ണാര്‍ത്ഥത്തില്‍ വിജയപഥത്തിലെത്തിയെന്നത്‌ അദ്ദേഹത്തിന്‍റെ ജീവിതവിജയം തന്നെയാണ്‌. ഇതിനദ്ദേഹം നിരന്തരമായിത്തന്നെ പ്രവര്‍ത്തനരംഗത്തു നിലകൊണ്ടു. കേരളത്തിനകത്തും പുറത്തുമായി ഇരുപതോളം ദാറുല്‍ ഹുദാ സഹസ്ഥാപനങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ പരസ്സഹസ്രമാളുകള്‍ ഈ അനുഗൃഹീത നേട്ടത്തിന്‍റെ ഗുണഭോക്താക്കളായിത്തീരുകയാണ്‌. 'A teacher should know everything about something and something about everything' എന്ന മുദ്രാവാക്യമായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസദര്‍ശനത്തിന്‍റെ ആണിക്കല്ല്‌.

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വിദ്യാര്‍ഥികള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയെന്ന ലക്ഷ്യത്തോടെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആരംഭിച്ച ട്രെന്‍റ് കരിയര്‍ ഗൈഡന്‍സ്‌ പ്രോഗ്രാമിന്‍റെ അണിയറ ശില്‍പിയും ഇ.എം ആയിരുന്നു. എസ്‌.കെ.എസ്‌.എസ്‌.എഫിന്‍റെ മാത്രമല്ല, സമസ്ത എംപ്ളോയീസ്‌ അസോസിയേഷന്‍റെയും ഭാരവാഹിയായി അദ്ദേഹം പ്രവര്‍ത്തിക്കുകയും നവോത്ഥാനത്തിന്‍റെ വഴിയില്‍ തന്‍റേതായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. ഉത്തരേന്ത്യയുടെ മുസ്ളിം നഭോമണ്ഡലങ്ങളിലും മതവിജ്ഞാനത്തിന്‍റെ പ്രകാശഗോപുരം പണിയാനുള്ള ദാറുല്‍ ഹുദായുടെ ആന്ധ്രാ പ്രയാണത്തിനിടയിലാണ്‌ 'രക്തസാക്ഷ്യം'പോലെ അരുപത്തെഴാം വയസ്സില്‍ ഇ.എം വിടവാങ്ങുന്നത്‌. അദ്ദേഹത്തിന്‍റെ മരണവും ജീവിതത്തിന്‍റെ നിദര്‍ശനമായിരുന്നു. പരേതാത്മാവിന്‌ അല്ലാഹു നിത്യശാന്തിയും സ്വര്‍ഗവും നല്‍കട്ടെ.