സമുദായത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന : സുന്നി നേതാക്കള്‍

കോഴിക്കോട് : മുസ്‌ലിം സമുദായത്തില്‍ ശൈഥില്യം സൃഷ്ടിക്കാനും സമസ്തയുടെ പ്രവര്‍ത്തനത്തിന് തടയിടാനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മൂഹമ്മദ് നദ്‌വി, സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി മുക്കം ഉമര്‍ഫൈസി, സുന്നി യുവജന സംഘം സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ്‌ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
കേരളത്തില്‍ മഹാഭൂരിപക്ഷം മഹല്ലുകളും മതസ്ഥാപനങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമാക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് . അവിടെ പലയിടത്തും മറ്റു മത സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും പരസ്പരം സൗഹൃദം നിലനിര്‍ത്തുന്നുമുണ്ട്. എന്നാല്‍ സമാധാന പരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ നാമമാത്രസാന്നിദ്ധ്യം മാത്രമുള്ള കാന്തപുരം വിഭാഗത്തിന്റെ പ്രവര്‍ത്തകരെക്കൊണ്ട് ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിന്റെ സഹായത്തോടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെ ബല്ലാകടപ്പുറത്ത് മഹല്ല് ജമാഅത്തിന്റെ തീരുമാനത്തെയും കോടതി വിധിയെ യും അവഗണിച്ച് പോലീസ് സഹായത്തോടെ നടത്തിയ അക്രമം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മലപ്പുറം ജില്ലയിലെ കരിപ്പൂര്‍, ആല്‍പറമ്പ്, ഇരുകുളം, കണ്ടംപാറ, ചാമപ്പറമ്പ്, കാരാട്ടാലുങ്ങല്‍, മുന്നിയൂര്‍ ചിനക്കല്‍, പെരിന്തല്ലൂര്‍, എ ആര്‍ നഗര്‍ കുട്ടശ്ശേരിച്ചിന, ഇരിങ്ങാവൂര്‍, കാടാംമ്പുഴ, മുട്ടുംപുറം, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, പുറ്റേക്കാട്, വടകര വള്ളിയാട്, കാസര്‍ഗോഡ് ജില്ലയിലെ കുന്നുംകൈ, തുടങ്ങിയ മഹല്ലുകളില്‍ ഇതേ രീതിയില്‍ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. സമസ്തക്ക് ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പോലീസിനെക്കൊണ്ട് മദ്ധ്യസ്ഥ ശ്രമം നടത്തി പള്ളിയും മദ്രസയും വീതം വെപ്പിക്കാന്‍ ചില മന്ത്രിമാര്‍ തന്നെ സഹായിക്കുന്നുണ്ട്.
അമാനത്ത് ട്രസ്റ്റ്, ക്രസന്റ് സിമന്റ്കമ്പനി, മാള മെഡിക്കല്‍ കോളേജ്, കുറ്റിപ്പുറത്തെ അബ്ദുല്‍ നൂര്‍ നടത്തിയ ഷാന്‍ എന്റര്‍പ്രൈസസ് , ബാംഗ്ലൂര്‍ റിയല്‍എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങി കോടികളുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പിന്നില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പങ്ക് നിഷേധിക്കാനാവില്ല, പ്രവാചകന്റെ പേരില്‍ വ്യാജകേശം സൂക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കുന്നു വെന്ന് പ്രചരിപ്പിച്ച് കോടികള്‍ തട്ടിയതിന്റെ മറവില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് മുഖ്യമന്ത്രി തന്നെ തുടക്കം കുറച്ചത് കേരളീയര്‍ക്ക് അപമാനമാണ്. സാമ്പത്തിക തട്ടിപ്പുകള്‍ നിത്യസംഭവമായി മാറുന്ന കേരളത്തില്‍ വലിയ തട്ടിപ്പു വീരന്‍മാര്‍ക്ക് മുഖ്യമന്ത്രി തന്നെ പരവതാനി വിരിച്ച് കൊടുക്കുന്നത് അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞു കേള്‍ക്കുന്ന ആദര്‍ശ വിശുദ്ധി സംശയിക്കപ്പെടുകയാണ്.
പ്രവാചകന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ മറവില്‍ കെട്ടിപ്പൊക്കുന്ന സംരംഭങ്ങള്‍ക്ക് സത്യവിശ്വാസികളായി അറിയപ്പെടുന്ന മന്ത്രിമാര്‍ തന്നെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് മുസ്‌ലിം സമുദായത്തിന് കളങ്കമാണ്. വിവാഹ രജിസ്‌ട്രേഷന്‍ വിവാദത്തില്‍ പോലും മുസ്‌ലിം വ്യക്തി നിയമങ്ങള്‍ക്ക് പരിരക്ഷ നല്‍കുവാന്‍ കഴിയാത്തവര്‍ പ്രവാചക നിന്ദകരെ തലോടാന്‍ രംഗത്ത് വരുന്നത് ദൗര്‍ഭാഗ്യകരമാണ്. നിരന്തരം സമസ്തക്കെതിരായ നിലപാടുമായി മുന്നോട്ടുപോവുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വയം നാശം വിതക്കുകയാണെന്ന് ഓര്‍ക്കണമെന്നും ഇതിനവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് തെളിവുനല്‍കാന്‍ സൗകര്യപ്പെടുന്ന വിധം ഒരു സിറ്റിംഗ്ജഡ്ജിയെ ക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE