മൂല്ല്യങ്ങളുടെ വീണ്ടെടുപ്പിന് ഖുര്‍ആനിലേക്ക് മടങ്ങുക : ഓണമ്പിള്ളി മുഹമ്മദ് ഫൈസി

കുവൈത്ത് സിറ്റി : അന്ന പാനീയ ഭോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിലപ്പുറം തിന്‍മയുടെ ദുഷിച്ച വിചാരങ്ങളില്‍ നിന്നകലാനും തീക്ഷ്ണ പരീക്ഷണങ്ങളെ അതിജയിക്കാനുള്ള മനക്കരുത്ത് നേടിയെടുക്കാനും റമളാനിലൂടെ നമുക്കവസരം ഒരുങ്ങണമെന്ന് SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ഖുര്‍ആന്‍ പഠനവും പാരായണവും ജീവിത സപര്യ ആക്കുന്നതോടൊപ്പം ഖുര്‍ആനിലൂടെ ദൈനം ദിനം ജീവിതത്തെ അവലോകനം ചെയ്യണംസനാതന മൂല്ല്യങ്ങള്‍ നിരാകരിക്കപ്പെടുകയും ഭൗതിക ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ കൊണ്ട് മാത്രം ജീവിതത്തെ അളന്നെടുക്കുകയും ചെയ്യുന്ന പൊതു സമൂഹത്തിന് യഥാര്‍ത്ഥ ജീവിത ലക്ഷ്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ വഴി ഒരുക്കുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ 'റമദാന്‍ വിശുദ്ധിയുടെ തണല്‍ ; ഖുര്‍ആന്‍ വിവേകത്തിന്റെ പൊരുള്‍ ' എന്ന പ്രമേയത്തില്‍ ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി, കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് തയ്യില്‍ , സുന്നീ കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദലി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ദാരിമി സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു. വൈകുന്നേരം നാലു മണിക്ക് നടന്ന ദിക്‌റ് മജ്‌ലിസിനും ഇഫ്ത്ത്വാര്‍ മീറ്റിനും പ്രമുഖര്‍ നേതൃത്വം നല്‍കി.
- kuwait islamic center