സമര്‍പ്പണത്തിന്റെ നാളുകള്‍

ഭക്തി പൂര്‍ണ്ണമായ റമദാനിനു  ഗള്‍ഫിലും കേരളത്തിലും ഇന്ന് തുടക്കമാവുന്നു.

പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍
(ജന. സെക്രട്ടറി, സമസ്ത കേരള സുന്നീ യുവജന സംഘം, പ്രിന്സിപാല്‍ ജാമിഅ: നൂരിയ്യ: അറബിയ്യ:, ജോ. സെക്രെട്ടറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ, ചീഫ്‌ എഡിറ്റര്‍ സുന്നി അഫ്കര്‍ വാരിക)
ലോക മുസ്ലിംകളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിച്ച് വീണ്ടും ഒരു റമദാന്‍കൂടി സമാഗതമായി. ഈ പവിത്രമാസത്തെ പ്രതീക്ഷിച്ച് വീടും പരിസരവും പള്ളിയുമൊക്കെ വൃത്തിയാക്കിയവര്‍ ഇനി ഹൃദയശുചീകരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ക്ഷമയുടെയും കാരുണ്യത്തിന്‍െറയും പരസ്പരസ്നേഹത്തിന്‍െറയും മഹിതസന്ദേശവുമായി കടന്നുവരുന്ന റമദാന്‍ അനിര്‍വചനീയ ആത്മീയാനുഭൂതിയാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്.
മഹത്ത്വങ്ങളുടെ മാസമായ റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന വ്രതാനുഷ്ഠാനംതന്നെയാണ്. വ്രതത്തിലൂടെ നേടിയെടുക്കുന്ന ഒട്ടനേകം സുകൃതങ്ങള്‍ ഈ മാസത്തിന്‍െറ പ്രസക്തി വര്‍ധിപ്പിക്കുന്നു. സ്രഷ്ടാവിന്‍െറ സാമീപ്യത്തിന് വിശ്വാസികള്‍ക്ക് സാധ്യമാകുന്ന വേളയാണിത്.
ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ ഖുര്‍ആനിന്‍െറ മാസമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ബദ്റിന്‍െറ ധീരചരിത്രം പറയുന്ന മഹത്തുക്കളായ ശുഹദാക്കളുടെ വീരസ്മരണകള്‍ക്കും ഈ പരിശുദ്ധ മാസം സാക്ഷിയാണ്. ഉത്കൃഷ്ടരാത്രി ‘ലൈലത്തുല്‍ ഖദ്ര്‍’ കൂടിയാവുമ്പോള്‍ റമദാനിന്‍െറ പവിത്രത അതിന്‍െറ പാരമ്യതയിലെത്തുന്നു. ആരാധനാകര്‍മങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹു വര്‍ധമാനമായി നല്‍കുമ്പോള്‍ സത്യവിശ്വാസിക്ക് ആരാധനാ നിമഗ്നമാവാനുള്ള അവസരമാണ് ലഭിക്കുന്നത്. വിശുദ്ധമായ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നതിലൂടെ ലഭ്യമാവുന്ന ദൈവപ്രീതി വിശ്വാസത്തിന്‍െറ മാറ്റ് കൂട്ടുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളുടെ കൊയ്ത്തുകാലമാണ് റമദാന്‍.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ധര്‍മനിഷ്ഠ(തഖ്വ)യുള്ളവരായിരിക്കാന്‍ വേണ്ടി’ (വി.ഖു. 2:183). നിതാന്തമായ ദൈവബോധവും ദൈവഭക്തിയും ധര്‍മബോധവും, പിശാചിന്‍െറ ദുര്‍ബോധനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹായകമാവുന്ന നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവുമാണ് തഖ്വ. എന്നാല്‍, തഖ്വയെന്ന ഈ ആത്മീയബോധത്തിന്‍െറ ചൈതന്യം ഏറെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഇസ്ലാമിലെ ആരാധനയാണ് റമദാനിലെ വ്രതം. നോമ്പിന്‍െറ ലക്ഷ്യവും ഫലവും തഖ്വയാണെന്ന ഖുര്‍ആനിക പ്രഖ്യാപനം അതിലേക്ക് വെളിച്ചംവീശുന്നു. ദൈവപ്രീതിയും പ്രതിഫലവും ലഭ്യമാക്കി; ജഡികചോദനകളെ നിയന്ത്രിച്ചും പാപപ്രലോഭനങ്ങളെ അതിജയിച്ചും ആരാധനകളും സുകൃതങ്ങളും വര്‍ധിപ്പിച്ചും നോമ്പുകാരന്‍ റമദാനില്‍ മറ്റു മാസങ്ങളില്‍ നേടാനാവാത്ത തരത്തിലുള്ള ആത്മസംയമനവും ആധ്യാത്മിക ഔത്യവും ജീവിതവിശുദ്ധിയും ദൈവസാമീപ്യവും ആര്‍ജിക്കുന്നു. ദൈവഭക്തിയിലധിഷ്ഠിതമായ ഈ പാവനജീവിതം അധര്‍മജടിലവും പാപകലുഷവും അശാന്തവുമായ ആധുനികകാലത്ത് പ്രസക്തമാണ്.
ഇതര ആരാധനാരീതികളില്‍നിന്ന് ഏറെ ഭിന്നവും സവിശേഷതകള്‍ നിറഞ്ഞതുമായ ഒരു ആരാധനയാണ് നോമ്പ്. അല്ലാഹുവും അവന്‍െറ അടിമയും മാത്രമറിയുന്ന അതീവരഹസ്യമായ ആരാധനയാണത്. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇപ്രകാരം പറഞ്ഞതും: ‘നോമ്പ് എനിക്കുള്ളതാണ്; അതിന് ഞാനാണ് പ്രതിഫലം നല്‍കുക. കാരണം, എനിക്കു വേണ്ടിയാണവന്‍ ആഹാരവും വികാരവും മാറ്റിവെച്ചത്’ (ബുഖാരി, മുസ്ലിം).
ലോക മുസ്ലിംകള്‍ വ്രതമനുഷ്ഠിച്ച് റമദാനില്‍ സായുജ്യരാവുമ്പോള്‍, ഹിന്ദുമതത്തിന്‍െറ അനുയായികള്‍ വിദ്യാപൂജയും ക്രിസ്ത്യാനികള്‍ പെരുന്നാള്‍ വ്രതവുമെല്ലാം ആചരിച്ച് ആത്മസംതൃപ്തി അടയുന്നു. ശാരീരിക-മാനസിക നിയന്ത്രണത്തിന്‍െറ വ്രതസന്ദേശം മതങ്ങള്‍ക്കതീതമായി മാനവലോകം ഉള്‍ക്കൊള്ളുന്നുവെന്ന് സാരം. ദാരിദ്ര്യദു$ഖത്തിന്‍െറ കൊടും തീവ്രത മനസ്സിലാവണമെങ്കില്‍ വിശപ്പ് എന്താണെന്ന് നാമറിയണം. ജാതി-മത-വര്‍ണ-ദേശ-ഭാഷകള്‍ക്കതീതമായി അതിന്‍െറ ഭാഷ ഒന്നുതന്നെയാണ്. നാഥനായ അല്ലാഹുവിന്‍െറ മുന്നില്‍ സൃഷ്ടികള്‍ എല്ലാവരും തുല്യരാണെന്ന സഹവര്‍ത്തിത്വത്തിന്‍െറയും പാരസ്പര്യത്തിന്‍െറയുംകൂടി സാമൂഹികപാഠം നോമ്പ് പ്രദാനം ചെയ്യുന്നു.
ഇസ്ലാം അനുശാസിക്കുന്ന സകാത് ആഗോള സമ്പദ്ഘടനയെപ്പോലും വെല്ലുവിളിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയാണല്ലോ. ദാനധര്‍മങ്ങള്‍ ധനികന്‍ ദരിദ്രന് നല്‍കുന്നതിലൂടെ സാമൂഹിക സമത്വത്തിന്‍െറ രീതിശാസ്ത്രമാണ് ദര്‍ശിക്കാനാവുന്നത്. ഇത്തരം ശ്രേഷ്ഠകര്‍മങ്ങള്‍ക്ക് വിശ്വാസികള്‍ റമദാനെ തെരഞ്ഞെടുക്കുമ്പോള്‍ പുണ്യങ്ങള്‍ക്കുള്ള പ്രതിഫലങ്ങള്‍ യഥേഷ്ടം നേടാനുള്ള സൗഭാഗ്യമാണ് ലഭിക്കുന്നത്.
ക്ഷമയും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിന്‍െറ മുഖമുദ്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിയല്‍ മാത്രമല്ല വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യുത, കാമ-കോപ-ക്രോധാദി വികാരങ്ങളെ നിയന്ത്രിക്കുകയും മുഴുവന്‍ അവയവങ്ങളെയും അരുതായ്മകളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്താല്‍ മാത്രമേ നോമ്പിന്‍െറ പരിപൂര്‍ണ പ്രതിഫലം പ്രതീക്ഷിക്കാന്‍ കഴിയൂ. തിരുമേനി പ്രസ്താവിച്ചു: ‘നോമ്പ് പരിചയാണ്; അതിനാല്‍, നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കില്‍ അവന്‍ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ ചീത്തപറയുകയോ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്നവര്‍ പറയണം.’ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വര്‍ജിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന വിശ്രമം മനുഷ്യന്‍െറ ആരോഗ്യവ്യവസ്ഥക്ക് ഏറെ ഉപകരിക്കുമെന്നും ശാരീരികാവയവങ്ങള്‍ക്ക് ഉണര്‍വും ഉത്തേജനവും നല്‍കാന്‍ അതേറെ പര്യാപ്തമാണെന്നും വൈദ്യശാസ്ത്രം വിലയിരുത്തുന്നുണ്ട്. ശാരീരിക-മാനസിക ത്യാഗത്തിന്‍െറ സന്ദേശമാണ് നോമ്പ് ഇതിലൂടെ ബോധ്യപ്പെടുത്തിയത്.
‘ത്യാഗമെന്നതേ നേട്ടം
താഴ്മതാന്‍ അഭ്യുന്നതി’ എന്ന് വള്ളത്തോള്‍ പാടിയതും
‘നമിക്കിലുയരാം
നടുകില്‍ തിന്നാം
നല്‍കുകില്‍ നേടീടാം’ എന്ന് ഉള്ളൂര്‍ പാടിയതുമൊക്കെ നോമ്പിന്‍െറ ഈ അനുഷ്ഠാനാര്‍ഥത്തെ പുരസ്കരിച്ചുകൊണ്ടാണ്.
വ്രതത്തിലൂടെ സത്യവിശ്വാസി സ്വായത്തമാക്കുന്ന വിശുദ്ധി ആത്മാവിന്‍െറ വെളിച്ചമാണ്. ഹൃദയത്തില്‍ നന്മയുടെ വിളക്കായാണത് ജ്വലിക്കുന്നത്.
ഒരാള്‍ അന്ധന് വിളക്ക് നല്‍കി. എന്നിട്ട് പറഞ്ഞു: ‘ഈ രാത്രിയില്‍ നടന്നുപോകുമ്പോള്‍ കൈയിലൊരു വിളക്ക് ഇരിക്കട്ടെ.’
‘അന്ധനായ എനിക്ക് വിളക്കുകൊണ്ടെന്ത് പ്രയോജനം?’ -അന്ധന്‍ പരിതപിച്ചു.
‘താങ്കള്‍ക്ക് കാഴ്ചയില്ലെങ്കിലും കാഴ്ചയുള്ളവര്‍ വരുമ്പോള്‍ വിളക്ക് കണ്ട് വഴിമാറിത്തരുമല്ലോ?’
വളരെ നല്ല കാര്യം -അന്ധന്‍ സ്വയം സമാശ്വസിച്ചു.
അന്ധന്‍ ശരറാന്തലും തൂക്കി രാത്രിയില്‍ നടന്നു. കുറച്ചുദൂരം ചെന്നതേയുള്ളൂ. ഒരാള്‍ ദേഹത്ത് വന്നുമുട്ടി.
രോഷാകുലനായി അന്ധന്‍ ചോദിച്ചു: ‘എന്‍െറ കൈയിലെ വിളക്ക് താന്‍ കണ്ടില്ലേ?’ ഉടനെ യാത്രികന്‍ പ്രതിവചിച്ചു: ‘ക്ഷമിക്കണം സ്നേഹിതാ! താങ്കളുടെ കൈയിലെ വിളക്ക് എപ്പോഴോ അണഞ്ഞുപോയിരിക്കുന്നു.’
ആത്മക്കാഴ്ചയില്ലാത്തവന്‍ അന്ധന്‍െറ കൈയിലെ വിളക്കുപോലെയാണ്. സൂര്യഗോളംതന്നെ കിട്ടിയാലും അന്ധന് ഗുണമില്ലാത്തതുപോലെയാണ് ഹൃദയത്തില്‍ സദ്ഗുണങ്ങളുടെ പ്രകാശമില്ലാത്തവന്‍.
നോമ്പ് ശരീരം മുഴുക്കെ പങ്കെടുക്കുന്ന ആത്മാവിന്‍െറ അനുഷ്ഠാനമാണ്. വിശ്വാസി അതിനെ ആത്മാവിന്‍െറ വസന്തവും ആനന്ദവുമാക്കി മാറ്റുന്നു. റമദാന്‍ വരുന്നുണ്ടെന്നറിഞ്ഞ് ആരെങ്കിലും സന്തോഷിച്ചാല്‍ അവന് അല്ലാഹു നരകം വിലക്കിയിരിക്കുന്നുവെന്ന് വിശുദ്ധ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിലെ സന്തോഷാതിരേകത്തിന്‍െറ അനുഭവത്തെ അല്ലാഹു ഏറ്റെടുക്കുന്നുവെന്നത് നോമ്പുകാരനോടുള്ള സ്രഷ്ടാവിന്‍െറ ആഭിമുഖ്യം വ്യക്തമാക്കുന്നു. പ്രവാചകന്‍ പറയുന്നു: ‘രണ്ട് ആഹ്ളാദങ്ങളാണ് നോമ്പുകാരനുള്ളത്: ഒന്ന്, നോമ്പുതുറക്കുന്നതിന്‍െറ ആഹ്ളാദം. മറ്റൊന്ന്, അവന്‍െറ റബ്ബിന്‍െറ തിരുദര്‍ശന സമയം.’
ഇമാം ഗസ്സാലി പറയുന്നു: ‘ധിഷണാശാലികളുടെ ആരാധന സ്രഷ്ടാവിന്‍െറ സൗന്ദര്യഗാംഭീര്യത്തോടുള്ള അടങ്ങാത്ത അനുരാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വര്‍ഗത്തെയും സ്വര്‍ഗാനുഗ്രഹങ്ങളെയുമല്ല അവര്‍ കാംക്ഷിക്കുന്നത്. അല്ലാഹു മാത്രമാണവരുടെ ലക്ഷ്യം. റമദാന്‍ അല്ലാഹുവിന്‍െറ തിരുദര്‍ശനത്തിനുള്ള കര്‍മവേദികൂടിയാണ്.
കര്‍മനൈരന്തര്യത്തിലൂടെ ദൈവപ്രീതിക്കുവേണ്ടി പ്രാര്‍ഥനാനിരതരായി റമദാനിനെ ധന്യരാക്കുന്നവര്‍ക്ക് വിജയമന്ദഹാസത്തിന് അത് അവസരം നല്‍കുന്നു. വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മവിശുദ്ധി ഭാവിജീവിതത്തിലും കാത്തുസൂക്ഷിക്കാന്‍ സാധ്യമാവണം. ആരാധനാകര്‍മങ്ങളുടെ ഉള്‍സാരമറിഞ്ഞ് ആരാധനകള്‍ നിര്‍വഹിച്ച് നന്മയുടെ വാഹകരാവുക എന്നതാണ് റമദാന്‍ നല്‍കുന്ന സന്ദേശം.
Counrtesy: Madhyamam