ഖത്തര്‍ റാഫ് ഇഫ്താര്‍ സംഗമവും റമദാന്‍ പ്രഭാഷണവും 12 വെള്ളിയാഴ്ച

ഖത്തര്‍ : ശൈഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൌണ്ടേഷന്‍ ഫോര്‍ ഹ്യമാനിറ്റേറിയന്‍ സര്‍വ്വീസസ് (റാഫ്), കേരള കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഇന്ത്യന്‍ കമ്യൂണിറ്റിക്കായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഇഫ്താര്‍ മീറ്റും റമദാന്‍ പ്രഭാഷണവും ജൂലൈ 12ന് (വെള്ളിയാഴ്ച) സലത ജദീദിലെ അല്‍അറബ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുകയാണ്വിവിധ കമ്യൂണിറ്റികള്‍ക്കായി റാഫ് ഖത്തര്‍ വര്‍ഷം തോറും നടത്താറുള്ള ഇഫ്താര്‍ മീറ്റുകളില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്കായുള്ള സംഗമം കഴിഞ്ഞ നാല് വര്‍ഷമായി, കേരള ഇസ്ലാമിക് സെന്ററാണ് സംഘടിപ്പിക്കാറ്. മുന്‍വര്‍ഷങ്ങളിലെല്ലാം രണ്ടായിരം മുതല്‍ മുവ്വായിരം വരെ ആളുകള്‍ പ്രസ്തുത സംഗമങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം 3000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. അതിനായി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്വൈകുന്നേരം 5.30ന് തുടങ്ങുന്ന പരിപാടിയില്‍ റാഫ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് ക്വിസ് മല്‍സരവും ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ബോധവല്‍കരണവും അരങ്ങേറും. ഇഫ്താറിന് ശേഷം റാഫ് പ്രതിനിധികളും വിവിധ മന്ത്രാലയ പ്രമുഖരും സദസ്സിനെ അഭിമുഖീകരിക്കും. മഗ്രിബ്, ഇശാ, തറാവീഹ് നിസ്കാരങ്ങള്‍ സമൂഹമായി അവിടെ വെച്ച് തന്നെ നിര്‍വ്വഹിക്കാനാവശ്യമായ സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്
തറാവീഹിനു ശേഷം നടക്കാറുള്ള റമദാന്‍ പ്രഭാഷണമാണ് സംഗമത്തിന്റെ മറ്റൊരു സുപ്രധാന ഭാഗം. ഇതിനായി കേരളത്തില്‍നിന്ന് പ്രമുഖ വാഗ്മികളെയും പണ്ഡിതരെയും കൊണ്ടുവരാറാണ് പതിവ്. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി ആണ് ഈ വര്‍ഷം റമദാന്‍ പ്രഭാഷണം നടത്തുന്നത്. 'ഖുര്‍ആന്‍, ആത്മനിര്‍വൃതിയുടെ സാഫല്യം' എന്നതാണ് ഈ വര്‍ഷം പ്രഭാഷണത്തിനായി തെരഞ്ഞെടുത്ത വിഷയംഇഫ്താര്‍സംഗമത്തിന്റെ സന്ദേശം പരമാവധി ഇന്ത്യക്കാരിലേക്ക് എത്തിക്കാന്‍ സംഘടാകര്‍ ശ്രമിക്കുന്നുണ്ട്. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും അതിന് കീഴില്‍ പ്രോഗ്രാം ആന്റ് റിസപ്ഷന്‍, മീഡിയാ ആന്റ് പബ്ലിസിറ്റി, ഫുഡ് ആന്റ് വളണ്ടിയര്‍സ്, ട്രാന്‍സ്പോര്‍ട്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ സജീവമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
- Aslam Muhammed