പ്രീ മെട്രിക് സ്‌കോളര്‍ഷിപ്; ഹെല്‍പ് ഡസ്‌ക് ആരംഭിക്കും : SKSSF കാസറകോട്

കാസറകോട് : ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാര പ്രദമാകും വിധം സ്‌കൂളുകള്‍ക്ക് സമീപത്ത് അതാത് സ്‌കൂളിന്റെ പരിധിയില്‍ വരുന്ന SKSSF ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്ന് ജില്ലാ പ്രസ്ഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ഹെല്‍പ് ഡസ്‌കിന്റെ ജില്ലാ തലത്തിലുള്ള മേല്‍നോട്ടം ട്രന്റ് ജില്ലാ കമ്മിറ്റിക്ക് ആയിരിക്കും. സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷ വിഭാഗങ്ങളായി കണക്കാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ , എയ്ഡഡ്‌സകൂളുകള്‍ , അഫിലിയേഷനുള്ള സി.ബി.എസ്., .സി.എസ്.ഇ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തില്‍ നിന്ന് പരമാവധി രണ്ട് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷകര്‍ മുന്‍ വാര്‍ഷിക പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു വാങ്ങി വിജയിച്ചിരിക്കണം. ഒന്നാം ക്ലാസുകാര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വരുമാനം സംബന്ധിച്ച് സ്വയം തൊഴിലിലേര്‍പ്പട്ടവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ജോലിയുള്ളവര്‍ ഓഫീസ് മേധാവിയില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. കുട്ടിയുടെ മതം സംബന്ധിച്ച് രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാകും. വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ മുദ്രപത്രത്തിലുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വരുമാനം, മതം എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലം സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂലൈ 31 നകം സമര്‍പ്പിക്കണം. അപേക്ഷകരുടെ ആധാര്‍ നമ്പര്‍ , യു..ഡി നമ്പര്‍ , ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് ലഭിച്ചവര്‍ അപേക്ഷാഫോറത്തില്‍ 'റിന്യൂവല്‍' എ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്ത് അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് പുതിയ അപേക്ഷ നല്‍കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലല്ലാതെ മറ്റൊരിടത്തും അപേക്ഷ സ്വീകരിക്കുന്നതല്ല.
- Secretary, SKSSF Kasaragod Distict Committee