ഖുര്ആന്റെ വെളിച്ചം പകരാന് ഈജിപ്തിലെ പണ്ഡിതര് കേരളത്തിലെത്തി

വേങ്ങര:പുണ്യറംസാനില്‍ വിശ്വാസികള്‍ക്ക് ഖുര്‍ആന്റെ വെളിച്ചം പകരാന്‍ ഈജിപ്തിലെ പണ്ഡിതര്‍ കേരളത്തിലെത്തി. പ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലായിലെ മതകാര്യ വകുപ്പിന് കീഴിലെ അധ്യാപകരായ അബ്ദുല്‍ഖാദിര്‍ അല്‍ മഗ്‌രിബി, അബ്ദുള്ള മുഹമ്മദ് അല്‍ ഹസ്സന്‍ എന്നിവരാണ് മിസ്‌റിന്റെ മണ്ണില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിന്റെ നിയമങ്ങള്‍ പകരാന്‍ മലയാള മണ്ണിലെത്തിയത്. റംസാന്‍ 30വരെ ഊരകം കുറ്റാളൂര്‍ ബദ്‌രിയ്യ ജുമാമസ്ജിദിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ബദ്‌രിയ്യ നഗര്‍ ശരീഅത്ത് കോളേജിലെ 50 വിദ്യാര്‍ഥികള്‍ക്ക് പുറമെ രാപകല്‍ വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്കും ഇവര്‍ ഖുര്‍ആന്റെ വെളിച്ചം പകരുന്നു.

ഒരുവര്‍ഷം മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പട്ടിക്കാട് ജാമിഅയുടെ പ്രതിനിധിയായി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ അല്‍ അസ്ഹറിലേക്ക് അയച്ചിരുന്നു. അന്ന് മതകാര്യ വകുപ്പ് വാഗ്ദാനം ചെയ്തതനുസരിച്ചാണ് സംഘം കേരളത്തിലെത്തിയത്.

ആദ്യമായാണ് ഇവര്‍ ഇന്ത്യയില്‍വരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ പാരായണ ദൗത്യവുമായി ബെല്‍ജിയം, അയര്‍ലന്റ്, അറബ് രാജ്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞു. ഇവര്‍ 15-ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരാണ്. നൂറുകണക്കിനാളുകള്‍ അല്‍ അസ്ഹറില്‍ ഇവരുടെ കീഴില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി യിട്ടുണ്ട്.

ഖുര്‍ആന്‍ പഠനത്തിന് പുറമെ ഒഴിവ് സമയങ്ങളില്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സംഘാംഗങ്ങള്‍ സമയം കണ്ടെത്തുന്നു. കഴിഞ്ഞദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് ഈജിപ്തിലെ പണ്ഡിതര്‍ വേങ്ങരയിലെത്തിയത്. സുന്നി പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ പി.പി. മുഹമ്മദ് ഫൈസി, പള്ളിക്കമ്മിറ്റി ഭാരവാഹികളായ ഒ.കെ. കുഞ്ഞിമാനു മുസ്‌ലിയാര്‍, കെ.പി. ചെറീത് ഹാജി, പി.പി.ഹസ്സന്‍, ഹാഫിള് ഫൈസി എന്നിവര്‍ സംഘാംഗങ്ങളോടൊപ്പം സേവനസന്നദ്ധരായി കൂടെയുണ്ട്. ജില്ലയിലെ പ്രകൃതി ഭംഗിയും അടുത്തടുത്തുള്ള പള്ളികളും ഏറെ ആകര്‍ഷിക്കുന്നതായി സംഘാംഗങ്ങള്‍ പറഞ്ഞു.