അരുതായ്മകളോട് സഹിഷ്ണുതയോടെ പ്രതികരിക്കലാണ് പ്രവാചകമാര്‍ഗം: ഖാസിമി

കോഴിക്കോട്്: അരുതായ്മകളോട് സഹിഷ്ണുതയോടെ പ്രതികരിക്കലാണ് പ്രവാചകമാര്‍ഗമെന്ന് റഹ്മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു. 'മാനവികത, മറക്കരുത് മരിക്കരുത്'വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ ശത്രുവിന്റെ പോലും മനമാറ്റത്തിന് വഴിവയ്ക്കും. സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യകരമായ കൈവെട്ട് കേസ് ആഘോഷിച്ച മാധ്യമങ്ങളുടെ ശൈലി തെറ്റിദ്ധാരണ വളര്‍ത്താനാണ് ഉപകരിച്ചത്. ജനാധിപത്യ സംവിധാനത്തിലെ നീതിയും നിയമവും അംഗീകരിക്കലാണ് മതവിശ്വാസിയുടെ ബാധ്യത. സ്‌നേഹം, ശാന്തി, സൗഹാര്‍ദ്ദം എന്നീ മാനുഷിക സത്യങ്ങള്‍ പഠിപ്പിക്കുന്ന മതത്തിന്റെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണം. സര്‍വ മതവിശ്വാസികളും സാഹോദര്യത്തോടെ കഴിയുന്നതാണ് മനുഷ്യസംസ്‌ക്കാരമെന്നും ഖാസിമി പറഞ്ഞു. മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കണ്‍വീനര്‍ പി വി ശാഹുല്‍ ഹമീദ് സംസാരിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര അരയിടത്ത് പാലത്തെ ശിഹാബ് തങ്ങള്‍ നഗറിലാണ് നടക്കുന്നത്. പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍ വിഷയത്തില്‍ ഇന്ന് നടക്കുന്ന പ്രഭാഷണം എം കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും