ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം- എം.കെ. മുനീര്‍

കോഴിക്കോട്: സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ഇസ്‌ലാമിക ചരിത്ര സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുല്ല ഖാസിമിയുടെ റംസാന്‍ പ്രഭാഷണത്തിന്റെ അഞ്ചാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇസ്‌ലാം വെളിച്ചത്തിന്റെ മതമാണ്. വെളിച്ചത്തെ കെടുത്തി ഇരുട്ടിനെ ഉണ്ടാക്കി ആ ഇരുട്ടില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നവര്‍ മതത്തോടുതന്നെ വലിയ ക്രൂരതയാണ് ചെയ്യുന്നത്. പ്രവാചകന്റെ ക്ഷമയും വിട്ടുവീഴ്ചയുമാണ് ഇസ്‌ലാമിനെ വളര്‍ത്തിയത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ചുമരില്‍ തേന്‍ പുരട്ടി മാറിനില്ക്കുന്ന ചെകുത്താന്മാരെ തിരിച്ചറിയാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും മുനീര്‍ പറഞ്ഞു.പ്രവാചകനെ ആഴത്തില്‍ പഠിക്കാത്തതിനാലാണ് യുവാക്കള്‍ അക്രമത്തിലേക്ക് വഴി തെറ്റുന്നതെന്ന് അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് ഹമീദലി ശിഹാഭ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഉഡുപ്പി ബ്രാഹ്മണ സഭ പ്രസിഡന്റ് ഗിരിരാജന്‍ മുഖ്യാതിഥിയായിരുന്നു. ക്വിസ് മത്സര വിജയികള്‍ക്ക് മുന്‍ എം.എല്‍.എ. എ.സി. മോയിന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 'സിയാറത്ത്: മനസ്സും മനോഭാവവും' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തി. ഇസ്‌ലാമിനെതിരെ പുതിയ കരിമ്പടങ്ങള്‍ എറിയുന്ന വര്‍ത്തമാനകാലത്ത് ഒരുമിച്ചുനിന്ന് സ്വയം ശുദ്ധീകരിക്കുകയും ഒപ്പം ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രഭ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടതെന്ന് ഖാസിമി പറഞ്ഞു. 'കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്' എന്ന വി.സി.ഡി. ഹമീദ്അലി തങ്ങള്‍ പ്രകാശനം ചെയ്തു. അഷ്‌റഫ് കാട്ടില്‍പീടിക ഏറ്റുവാങ്ങി. ഇസ പുറത്തിറക്കുന്ന മാനു മുസ്‌ല്യാരുടെ രചനയുടെ വീഡിയോ ആവിഷ്‌കാരമായ 'കൈയൊപ്പ്' ഹമീദലി ശിഹാബ് തങ്ങള്‍ മോയിന്‍ മാത്തറയ്ക്ക് നല്കി പ്രകാശനം ചെയ്തു. ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വി.ടി. ബാവ മാത്തറ നന്ദിയും പറഞ്ഞു.