എസ്.വൈ.എസ്. കാന്പയിന് ഉജ്ജ്വല സമാപനം



ദമ്മാം : വിശുദ്ദ റംസാനിന്‍റെ കാര്യഗൗരവം മനസ്സിലാക്കി പുണ്യ കര്‍മ്മങ്ങളില്‍ നിരതരാവാന്‍ മുസ്‍ലിം സമൂഹം തയ്യാറാവണമെന്ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. മാനവികതക്ക് മത വിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാന്പയിനിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിദ്യാഭ്യാസ രംഗത്ത് കേരളക്കരയില്‍ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത് എന്നും പിഞ്ചു ഹൃദയങ്ങളില്‍ മതപരമായ അറിവ് നുകരാന്‍ മത പഠന ശാലകള്‍ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ആനമങ്ങാട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ അബൂത്വാഹിര്‍ ഫൈസി മഞ്ചേരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സി.എച്ച്. മൗലവി, സുലൈമാന്‍ ഫൈസി വാളാട് എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, സി.എച്ച്. മുഹമ്മദ് മുഗു എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.