ജനാധിപത്യാവകാശം നീതിപൂര്‍വം സംരക്ഷിക്കാന് കഴിയണം: അസദുദ്ദീന് ഉവൈസി

കോഴിക്കോട്: ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കാന്‍ കഴിയാത്തതാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി എം.പി.
ഭരണഘടനാ അവകാശങ്ങള്‍ നീതിപൂര്‍വം പരിരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പൗരന്മാര്‍ക്കിടയില്‍ അരക്ഷിതബോധം വളരുമെന്നും ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ മതസൗഹാര്‍ദംകൊണ്ട് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ മോചനത്തിന് എന്ന പ്രമേയത്തില്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ ഒമ്പതാമത് റംസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം ''മാനവികത മറക്കരുത്, മരിക്കരുത്'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കോഴിക്കോട് വികാരി ജനറല്‍ ഫാദര്‍ വിന്‍സെന്റ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു.പി.എ. സ്വാദിഖ് ഫൈസി താനൂര്‍ രചിച്ച 'മുഖ്യധാരയും വിഘടിത ചേരികളും' പുസ്തകം സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് ട്രഷറര്‍ നടുക്കണ്ടി അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു. സുഹൈല്‍ ഹുദവിയുടെ 'ഓറിയന്റലിസം: പാശ്ചാത്യന്റെ പിന്നാമ്പുറ യുദ്ധം' പുസ്തകം അസദുദ്ദീന്‍ ഉവൈസി എം.പി, ഫാദര്‍ വിന്‍സെന്റ് അറക്കലിന് നല്‍കി പ്രകാശനംചെയ്തു. ഹാഫിള് മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും കണ്‍വീനര്‍ പി.വി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. കെ.മോയിന്‍കുട്ടി, ബഷീര്‍ പനങ്ങാങ്ങര, വി.മോയിമോന്‍ ഹാജി, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ഫൈസി, എം.ഹംസ ഹാജി, സി.കെ.സുബൈര്‍, നൗഫല്‍ ഹുദവി, കെ.പി.കോയ എന്നിവര്‍ സംബന്ധിച്ചു.