യഥാര്ഥ ഇസ്‌ലാമിന്റെ മാതൃകകളാവുക: മുനവ്വറലി ശിഹാബ്തങ്ങള്

പെരിന്തല്‍മണ്ണ: വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗ്രഹീതമായ വിശുദ്ധ റമദാന്റെ രാപ്പകലുകള്‍ ആരാധനകളില്‍ മുഴുകി യഥാര്‍ഥ ഇസ്‌ലാമിന്റെ മാതൃകകളായി മാറാന്‍ നാം യത്‌നിക്കണമെന്നു പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍. വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ വിമോചനത്തിന് എന്ന പ്രമേയവുമായി എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആറാമതു റമദാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് പി ടി അലി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ കെ സി എം തങ്ങള്‍ വഴിപ്പാറ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. റയ്യാന്‍ റമദാന്‍ സപ്ലിമെന്റ് മുനവ്വറലി ശിഹാബ്തങ്ങള്‍ പച്ചീരി നാസറിനു നല്‍കി പ്രകാശനം ചെയ്തു. ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കാളാവ് സെയ്തലവി മുസ്‌ല്യാര്‍, എ എം അബ്ദു മുസ്‌ല്യാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പാതായ്ക്കര മുഹമ്മദ് കോയതങ്ങള്‍, വി എസ് കുഞ്ഞിതങ്ങള്‍, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍, ഒ കെ എം മൗലവി ആനമങ്ങാട്, കെ റഷീദ് ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ശമീര്‍ ഫൈസി ഒടമല സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി ദാരിമി കാരേക്കാട് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് ജില്ലാതല ഖുര്‍ആന്‍ ക്വിസ് മല്‍സരം പ്രഭാഷണ നഗരിയില്‍ സംഘടിപ്പിക്കും.