മാനവിക നന്മയ്ക്ക് ആത്മീയത അനിവാര്യം - ഹൈദരലി തങ്ങള്‍

തിരൂരങ്ങാടി : മാനസിക വിശുദ്ധിക്കും മാനവിക നന്മയ്ക്കും ആത്മീയത അനിവാര്യമാണെന്ന് ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മിറാജ് ദിനത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. പ്രാര്‍ഥനയ്ക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി.

ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനാസംഗമത്തിന് നേതൃത്വംനല്‍കി. ദാറുല്‍ ഹുദയിലെ മുന്‍ ഭൗതിക വിദ്യാഭ്യാസ വിഭാഗം മേധാവി അന്തരിച്ച പ്രൊഫ. ഇ. മുഹമ്മദിന്റെ പേരില്‍ ഓര്‍മപ്പുസ്തകം പ്രകാശനംചെയ്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ആദ്യപ്രതി ഏറ്റുവാങ്ങി.

മൗലാനി താരീഖ് അന്‍വര്‍ മിസ്ബാഹി, കാലിക്കറ്റ് സര്‍വകലാശാല അറബിക് ബിരുദ റാങ്ക്‌ജേതാവ് കെ.എം. അലാവുദ്ദീന്‍, യൂസഫ് വാളക്കുളം, കെ. സുഹൈല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എം. ജിഫ്‌രി തങ്ങള്‍ കക്കാട്, സയ്യിദ് അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഫൈസി കടലുണ്ടി, സയ്യിദ് അഹമ്മദ് ജിഫ്‌രി മമ്പുറം, വി.പി. അബ്ദുള്ളക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മുഹയുദ്ധീന്‍കുട്ടി മുസ്‌ലിയാര്‍, സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.