സമൃദ്ധിക്കായി കടലോരത്ത് കൂട്ട പ്രാര്‍ഥന

പഴയങ്ങാടി : കടലോര മക്കളുടെ ദുരിതമകറ്റാന്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കടപ്പുറത്ത് കൂട്ട പ്രാര്‍ഥന.മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ക്കടകം വറുതിയുടെയും ഭയപ്പാടിന്റെയും കൂടി കാലമാണ്. ഈ ദുരിതമകറ്റാന്‍ കടപ്പുറത്ത് കൂട്ട പ്രാര്‍ഥന നടത്തിവരാറുണ്ട്.

പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയങ്ങാടി കടപ്പുറത്ത് കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കിയിരുന്നു. തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ദീര്‍ഘകാലം ചടങ്ങിന് എത്തി. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിനെത്തി. വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, പി.ഒ.പി.മുഹമ്മദലി, ഒ.പി.കുട്ടി, കെ.അബ്ബാസ്, എ.ഹമീദ് ഹാജി, എ.പി.ബദറുദ്ദീന്‍, പി.എം.ശെരീഫ്, കെ.സയീദ്, സി.സി.കാസിം തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു.