പൊന്നാനി : അഭ്യസ്ഥവിദ്യരായ മുസ്‌ലിം യുവജനങ്ങളെ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെ മൈനോറിറ്റി ട്രെയിനിങ് സെന്റര്‍ പൊന്നാനിയില്‍ ആരംഭിക്കുന്നു. ജില്ലയ്ക്ക് അനുവദിച്ച സെന്റര്‍ പൊന്നാനിയില്‍ അനുവദിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ച അഞ്ച് മത്സര പരീക്ഷാപരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണിത്.
യു.പി.എസ്.സി, കെ.പി.എസ്.സി, ബാങ്കിങ്, റെയില്‍വേ, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിയമനവുമായി ബന്ധപ്പെട്ട മത്സരപരീക്ഷയ്ക്കുള്ള പരിശീലനമാണ് ഇവിടെ നല്‍കുക. പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ റീജ്യണല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിട്ടുകൊടുക്കുന്ന കെട്ടിടത്തിലാണ് സെന്റര്‍ തുടങ്ങുക.