കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പുണ്യങ്ങളുടെ വാടാമലരുകള്‍ വിതറി നറുമണം ചൊരിഞ്ഞു നിന്ന നന്മകളുടെ ആള്‍രൂപമായിരുന്നു ശിഹാബ് തങ്ങള്‍ (ന:മ). ഏഴു പതിറ്റാണ്ടിലധികം നീണ്ടു നിന്ന ജീവിത തപസ്യയില്‍ പകുതിയിലധിക കാലം കേരള മുസ്‍ലിം ഉമ്മത്തിന്‍റെ ദിശാസൂചികയായി കര്‍മ്മ മണ്ഡലത്തില്‍ തിളങ്ങി നിന്ന് വെളിച്ചം വിതറിയ വഴിവിളക്കായിരുന്നു ആ മഹാവ്യക്തിത്വമെന്ന് മശ്ഹൂര്‍ തങ്ങള്‍ പറഞ്ഞു. ആത്മീയത വിറ്റു കാശാക്കുന്ന വ്യാജ സിദ്ധന്മാരും രാഷ്ട്രീയത്തെ അടക്കി വാഴുന്ന ഭൗതിക ലാഭേച്ഛകളും അരങ്ങു വാഴുന്ന ആധുനിക ലോകത്ത് രണ്ട് രംഗങ്ങളിലും വിശുദ്ധിയുടെ നിറമലരുകള്‍ വിരിയിച്ചു കൊണ്ട് വേറിട്ട ജീവിതം നയിച്ചവരായിരുന്നു ശിഹാബ് തങ്ങളെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ അസീസ് വയനാട് പറഞ്ഞു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, ആക്ടിംഗ് പ്രസിഡന്‍റ് ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.