മദ്രസ അധ്യാപക പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പിന്തിരിയണം

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരുന്ന മദ്രസ അധ്യാപക പെന്‍ഷന്‍ പദ്ധതി അധ്യാപകരെയും മാനേജിങ് കമ്മിറ്റികളെയും ദ്രോഹിക്കുന്നതും മതവിരുദ്ധ നടപടിയുമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കമ്മിറ്റികള്‍ക്കോ വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന ഉസ്താദുമാര്‍ക്കോ വാര്‍ഷിക വിഹിതമായ 1200രൂപ അടയ്ക്കാനാവില്ല. പലിശക്കെതിരെ പ്രവര്‍ത്തിക്കുന്ന പണ്ഡിതര്‍ക്ക് പലിശ പദ്ധതിയില്‍ അംഗത്വമെടുക്കാനുമാവില്ല. അതുകൊണ്ട് സര്‍ക്കാര്‍ ഈ പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. ഇതൊന്നും ഗുണഭോക്താക്കളില്‍ നിന്നോതൊഴില്‍ ദാതാവില്‍ നിന്നോ, വിഹിതം സ്വീകരിച്ച് ലഭിക്കുന്ന പലിശയില്‍നിന്നല്ല നല്‍കിവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഉപയോഗപ്പെടുത്തിയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ധനസഹായങ്ങള്‍ സംയോജിപ്പിച്ചും പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാവണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പലതവണ നിവേദനം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.