സമസ്ത പൊതുപരീക്ഷയ്ക്ക് 2.10 ലക്ഷം വിദ്യാര്‍ഥികള്‍

ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് 24, 25 തീയതികളില്‍ നടത്തുന്ന പൊതുപരീക്ഷയില്‍ 2.10 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

അഞ്ചാംതരത്തില്‍ 6354 കേന്ദ്രങ്ങളില്‍ 116610 കുട്ടികളും ഏഴാംതരത്തില്‍ 5370 കേന്ദ്രങ്ങളില്‍ 76299 കുട്ടികളും 10-ാം തരത്തില്‍ 2107 കേന്ദ്രങ്ങളില്‍ 16354 കുട്ടികളും പ്ലസ്ടു ക്ലാസില്‍ 182 കേന്ദ്രങ്ങളില്‍ 853 കുട്ടികളും ഉള്‍പ്പെടെ 210116 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും.

പൊതുപരീക്ഷയ്ക്ക് 7878 സൂപ്പര്‍വൈസര്‍മാരെയും 126 ഡിവിഷണല്‍ സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറം ജില്ലയിലും കുറവ് കോട്ടയം ജില്ലയിലുമാണ്.

21, 22 തീയതികളില്‍ ചേളാരി സമസ്താലയത്തില്‍ ഡിവിഷന്‍ സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം നടക്കും.

പൊതുപരീക്ഷാ സംബന്ധമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു