മലപ്പുറം : മലപ്പുറത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ ഭൂമികയിലെ ഏറ്റവും വലിയ ശൂന്യതയ്ക്ക് ഒരാണ്ട്. കിനിഞ്ഞിറങ്ങുന്ന വേദനപോലെ പടിയിറങ്ങിപ്പോയ പാണക്കാട്ടെ വലിയ തങ്ങള്‍ ഓര്‍മകളിലെ അപൂര്‍വ ചൈതന്യമായി ജനമനസ്സുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. കഴിഞ്ഞ ശഅബാന്‍ ഒന്‍പതിനായിരുന്നു (ഓഗസ്റ്റ് ഒന്ന്) പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം. വേദിയില്‍ നിറഞ്ഞുനിന്ന അദ്ദേഹം മതേതര നിലപാടുകളിലൂടെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് സൗഹാര്‍ദത്തിന്റെ മുഖം പകര്‍ന്നുനല്‍കി.
സാധാരണക്കാര്‍ക്കുവേണ്ടി അത്രയേറെ സമയം മാറ്റിവയ്ക്കാന്‍ തുനിഞ്ഞ നേതാക്കള്‍ അപൂര്‍വമാണ്. ആര്‍ക്കു മുന്നിലും അടച്ചിടാത്തതായിരുന്നു പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിലെ ആ ഹൃദയവാതില്‍. പൂമുഖത്തെ എട്ടുകോണുള്ള മേശയ്ക്കു പിന്നില്‍നിന്ന് രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാനും ശിഹാബ് തങ്ങള്‍ക്കു കഴിഞ്ഞിരുന്നു. തങ്ങള്‍ വിടപറഞ്ഞ ദിനങ്ങളിലെ സങ്കടക്കടല്‍തന്നെ അതിനു സാക്ഷ്യം. വീട്ടിലും മലപ്പുറം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വച്ചപ്പോഴും പാണക്കാട് ജുമാമസ്ജിദിലേക്ക് കബറടക്കത്തിനായി കൊണ്ടുപോയപ്പോഴും മലപ്പുറം അന്നുവരെ കാണാത്ത ജനപ്രവാഹമായിരുന്നു.
മഴപോലും വകവയ്ക്കാതെ നാടിന്റെ എല്ലാ വഴികളും പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഓടിയെത്തിയ ആ രാത്രി മലപ്പുറം ഒരിക്കലും മറക്കില്ല. അക്രമരാഷ്ട്രീയവും തീവ്രവാദപ്രവര്‍ത്തനങ്ങളും വീണ്ടും പിടിമുറുക്കുമ്പോള്‍ പാണക്കാട്ടെ വലിയ തങ്ങളുടെ ആജ്ഞാപൂര്‍ണമായ സാന്നിധ്യം ഇല്ലാതാകുന്നത് എത്രമാത്രം വേദനാജനകമാണെന്ന് തിരിച്ചറിയുന്ന ദിനങ്ങളാണിത്. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി മുന്നില്‍ നില്‍ക്കുമ്പോഴും ഇതരസമുദായങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അദ്ദേഹത്തിനു സാധിച്ചു. മറ്റൊരു സമുദായത്തെയും ഒരിക്കല്‍പ്പോലും നോവിച്ചില്ല.
പതിഞ്ഞ ശബ്ദത്തില്‍ മാത്രം സംസാരിച്ച ശിഹാബ് തങ്ങള്‍ ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയുമായി രുന്നു. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും ഒരേസമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാള്‍.