കാസറഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കുണിയ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരിക്കുന്ന ജിന്ന് സിദ്ധനെപ്പറ്റി ആ സ്ഥലം ഉള്‍പെട്ട മേഘലയുടെ സംയുക്ത ഖാസി ചുമതലയുള്ള ശൈഖുന ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരിയുടെ ഔദ്യോഗിക പ്രസ്താവന:
.
"കുണിയ അടുക്കം എന്ന എന്റെ മഹല്ല് വിലായത്തില്‍പ്പെട്ട സ്ഥലത്ത് വര്‍ഷങ്ങളായി നടന്നുവരുന്ന ജിന്ന് ഹാളിറാത്ത് ചികിത്സയെപ്പറ്റി ഞാന്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ തന്നെ പലരില്‍ നിന്നും ചോദ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച് ഈ ഹാളിറാത്തിന്റെ നിജസ്ഥിതി അറിയാന്‍ അവിടെച്ചെന്ന് ഈ സിദ്ധനെ നേരില്‍ കണ്ട പലരുമായും ഞാന്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസ്സിലാക്കി എന്നുമാത്രമല്ല ഒന്നിലധികംപേരെ ഈ ഹാളിറാത്തിലേക്ക് അതിന്റെ നിജസ്ഥിതി ഗ്രഹിക്കാനുള്ള സൂത്രങ്ങളുമായി പറഞ്ഞയക്കുകയും ചെയ്‌തു. അവര്‍ മുഖേന ഈ ജിന്ന് തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാജമുഖം എന്റെ മുന്നില്‍ തെളിഞ്ഞു. അപ്പോള്‍ ഈ തട്ടിപ്പിന്റെ കഥ ജനങ്ങളെ അറിയിക്കുക എന്നത് എന്റെ ദീനിയായ കടമയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല.
ആയത്‌കൊണ്ട് കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്തിനോട് ഈ ജിന്ന് തട്ടിപ്പ് ജനങ്ങളോട് ബോധ്യപ്പെടുത്തണമെന്ന് മാത്രമല്ല ഔദ്യോഗികമായി ഈ ജിന്ന് ചികിത്സാ തട്ടിപ്പ് നിര്‍ത്തി തൗബ ചെയ്‌തു മടങ്ങി നല്ല നടപ്പ് നടക്കാന്‍ ഈ വ്യാജനോട് കല്‍പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അവന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ 13-ാം തീയ്യതി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ഈയുള്ളവന്‍ കുണിയ ജുമാഅത്ത് പള്ളിയില്‍ വരുന്നതും അന്നേരത്ത് കുണിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ അവന്‍ അവന്റെ ഹാളിറാത്തുമായി വന്നു പ്രകടിപ്പിക്കട്ടെ. അപ്പോള്‍ ഹാളിറാവുന്ന സത്വം ജിന്നോ, ശൈത്താനോ, ഖരീനോ, ആത്മാവോ എന്ന് അതുമായി സംസാരിച്ച് യഥാര്‍ത്ഥ വിധി അവന്ന് നല്‍കാമെന്നും മാത്രമല്ല ശരിയാണങ്കില്‍ ഇത് തുടര്‍ന്നോ എന്ന സാക്ഷിപത്രം എഴുതിക്കൊടുക്കാമെന്നും അവനെ അറിയിക്കാനും ജമാഅത്തിനോട് ഈയുള്ളവന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പേതന്നെ വ്യാജനെന്ന് എന്റെ മുമ്പില്‍ സ്ഥിരീകരിക്കപ്പെട്ട കുണിയയിലെ വ്യാജ സിദ്ധന്‍ പ്രസ്‌തുത സമയത്ത് വരാന്‍ തയ്യാറാകാതെ ജൂലൈ 12 ന് ഒരു ഉഴപ്പന്‍ എഴുത്തു കൊടുത്തുവിടുകയാണുണ്ടായത്. ആയതിനാല്‍ അവനെപ്പറ്റിയുള്ള വിധി അവന്റെ അസാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്‌കൊണ്ട് അന്നവിടെക്കൂടിയ ജമാഅത്തിലെ അംഗങ്ങളോട് അവന്റെ കള്ളത്തരം വെളിപ്പടുത്തുകയാണ് ഈയുള്ളവന്‍ ചെയ്‌തത്. എന്റെ ഈ നിലപാട് ശറഇയ്യായി നൂറ് ശതമാനം ശരിയാണെന്ന് എനിക്കുറപ്പുണ്ട്.
ഇനി ഈ വ്യാജന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ നേരിട്ട് ജിന്ന് ഹാളിറാത്തിനെപ്പറ്റി പഠിച്ച ഒരു പണ്ഡിതന്റെകൂടെ അവന്‍ ഹാളിറാത്ത് ഉണ്ടെന്ന് പറയുന്ന സമയത്ത് പോയി നിജപ്പെടുത്തട്ടെ. അല്ലാതെ അതും ഇതും പറയലല്ല. ചില പത്രങ്ങള്‍ കൊഴിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നുംതന്നെ കുണിയയിലില്ലെന്ന് അറിയിക്കാനും ഈ സമയം ഞാനുപയോഗപ്പെടുത്തുന്നു. കൂടാതെ നിയമപാലകരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക് തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു."
കാസര്‍ഗോഡ്
18.7.2010
എന്ന്
ഖാസിയാറകത്ത് അഹമ്മദ് മുസ്‌ലിയാര്‍ (ഒപ്പ്)
കീഴൂര്‍-മംഗലാപുരം ഖാസി