ദുബൈ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്ക് 24-07-2010 ശനിയാഴ്ച യു.എ.ഇ. യിലെ വിവിധ മദ്റസകളില്‍ തുടക്കമാവും. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ പതിനൊന്ന് സെന്‍ററുകളിലായി എഴുന്നൂറോളം കുട്ടികളാണ് ഈ വര്‍ഷം പൊതുപരീക്ഷയെഴുതുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണി വരെ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിന്നായി യു.എ.ഇ. റെയിഞ്ചിന് കീഴില്‍ 16 സൂപ്രവൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന്നായി സൂപ്രവൈസര്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക ട്രൈനിംഗ് ക്യാന്പ് നാളെ (22-7-2010 വെള്ളിയാഴ്ച) ഉച്ചക്ക് മൂന്ന് മണി മുതല്‍ ദുബൈ സുന്നി സെന്‍ററിന്‍റെ ദേര ഓഫീസ് ഹാളില്‍ നടക്കും. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തിക്കുന്നതിന് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു.എ.ഇ. റെയിഞ്ച് ഭാരവാഹികളായ കെ.എം. കുട്ടി ഫൈസി അച്ചൂര്‍, സഅദ് ഫൈസി, എം.എ. റഹ്‍മാന്‍ ഫൈസി, എം.കെ. അബ്ദുന്നാസര്‍ മൗലവി എന്നിവര്‍ അറിയിച്ചു.