പൂക്കോട്ടൂര് ഹജ്ജ്ക്യാമ്പ് ഇന്ന് തുടങ്ങും (24-07-2010)

മലപ്പുറം : ഹജ്ജ്യാത്രയ്ക്ക് അനുമതി ലഭിച്ചവര്ക്കായി ശനിയാഴ്ചയും ഞായറാഴ്ചയും പൂക്കോട്ടൂര് ഖിലാഫത്ത് കാമ്പസില് നടത്തുന്ന ഹജ്ജ്ക്യാമ്പിന് ഒരുക്കങ്ങള് പൂര്ത്തിയായി.

ഇന്ന് രാവിലെ ഒമ്പതിന് കേന്ദ്ര റെയില്വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള് അധ്യക്ഷത വഹിക്കും. ഹജ്ജ് ഗൈഡ് പ്രകാശനം ജില്ലാകളക്ടര് എം.സി. മോഹന്ദാസ് നിര്വഹിക്കും. ഹാജിമാര്ക്കുള്ള ഉപഹാരങ്ങള് പി.കെ. കുഞ്ഞാലിക്കുട്ടി വിതരണംചെയ്യും.

പതിനായിരത്തോളം ഹാജിമാര്ക്ക് ഇരിക്കാന് വിശാലമായ പന്തല് ഒരുക്കിയിട്ടുണ്ട്. 50 അടി ഉയരമുള്ള പന്തല്, ക്ലോസ് സര്ക്യൂട്ട് ടി.വി എന്നിവ ഒരുക്കിയതായി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു. ക്യാമ്പിന്റെ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘമാണ് പ്രവര്ത്തിക്കുന്നത്.

ക്യാമ്പില് പങ്കെടുക്കുന്നവര്ക്ക് താമസസൗകര്യവും ഭക്ഷണവും , മെഡിക്കല് സെന്റര്, ആംബുലന്സ് സൗകര്യം, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേക നമസ്കാരഹാള് തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

ദേശീയപാത 213ല് മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയില് അറവങ്കര, പൂക്കോട്ടൂര് സ്റ്റോപ്പുകളില് എത്തുന്നവര്ക്ക് ഖിലാഫത്ത് കാമ്പസിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ബസ്സുകള്ക്ക് ക്യാമ്പ് ദിവസങ്ങളില് പൂക്കോട്ടൂരില് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികള് അറിയിച്ചു.

കഴിഞ്ഞവര്ഷം ഹജ്ജ്ക്യാമ്പില് 6751 ഹാജിമാര് പങ്കെടുത്തിരുന്നുവെന്ന് ഭാരവാഹികള് പറഞ്ഞു. ക്യാമ്പ് സംബന്ധിച്ച വിശദവിവരങ്ങള്ക്ക് ഫോണ്: 0483 2771819, 9288040603.

പത്രസമ്മേളനത്തില് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്, അബ്ദുസ്സമദ് പൂക്കോട്ടൂര്, കെ.പി. ഉണ്ണീതുഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്, എം. മൊയ്തീന്ബാപ്പു, ഇല്ലിക്കല് മൂസഹാജി, പി.പി. മുഹമ്മദ്മൗലവി, കരുമ്പില് മുഹമ്മദ്ഹാജി തുടങ്ങിയവര് പങ്കെടുത്തു.