മിസാല്‍ 2010 സംസ്ഥാന അവാര്‍ഡ് ഫരീദ് റഹ്മാനിക്ക്

കാളികാവ്: മിസാല്‍ 2010 സംസ്ഥാന അവാര്‍ഡിന് ഫരീദ് റഹ്മാനി കാളികാവ് അര്‍ഹനായി. സംസ്ഥാനത്തെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മത-ഭൗതിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയതാണ് മിസാല്‍ അവാര്‍ഡ്. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി.പി.എം അബ്ദുല്‍അസീസ് സ്മാരക ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഫരീദ് റഹ്മാനി കാളികാവ് മഹല്ലിനുകീഴിലെ യഅഖുബി മസ്ജിദ് ഖതീബാണ്. മസ്ജിദിനുകീഴില്‍ പരീക്ഷ നടത്തി മികച്ച 100 കുട്ടികളെ കണ്ടെത്തി സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കുക, കെ.ടി. മാനുമുസ്‌ലിയാര്‍ സ്മാരക സെന്റര്‍ ആരംഭിച്ച് സ്മാര്‍ട്ട് ക്ലാസ്‌റൂം, പി.എസ്.സി പരീക്ഷാപരിശീലനം, ഖുര്‍ആന്‍ പഠനക്ലാസ് എന്നിവ നടത്തുക, 60 വയസ്സ് തികഞ്ഞ നിര്‍ധനര്‍ക്ക് പള്ളി കേന്ദ്രീകരിച്ച് പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഹ്മാനിക്ക് അവാര്‍ഡ്.