ശിഹാബ് തങ്ങളുടെ ഓര്‍മ്മകളില്‍ ഒരു സായന്തനം

മലപ്പുറം : ശിഹാബ് തങ്ങളുടെ സ്മരണകളുമായി ഒരു സായന്തനം. 'തങ്ങളുടെ' ഓര്‍മകള്‍ പങ്കുവെച്ച് നൂറുകണക്കിന് പേര്‍...

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്നാം ഉറൂസിനോടനുബന്ധിച്ച് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ആത്മീയ സമ്മേളനത്തിലാണ് ശിഹാബ്തങ്ങള്‍ സ്മരണകളിരമ്പിയത്. ശിഹാബ്തങ്ങളോടൊത്ത് ചെലവിട്ട നിമിഷങ്ങള്‍ സമ്മേളനത്തില്‍ പങ്കുവെച്ചു.

ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന മഹല്ലുകളില്‍ നിന്നുള്ള പൊതുജനങ്ങളും മതപണ്ഡിതരും സമസ്തയുടെ നേതാക്കളുമടക്കം നൂറുകണക്കിന് പേര്‍ ആത്മീയ സമ്മേളനത്തില്‍ പങ്കെടുത്തു.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണപ്രഭാഷണം നടത്തി. ദര്‍സുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മുദരിസുകള്‍ക്ക് ശിഹാബ്തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയ പി.പി. മുഹമ്മദ് ഫൈസിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിച്ചു.ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പൊന്നാടയണിയിച്ചു.

ഉറൂസിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സര വിജയികള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണംചെയ്തു. തുടര്‍ന്ന് സി.ഡി പ്രകാശനംചെയ്തു.കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വാഗതവും കെ.എ. റഹ്മാന്‍ നന്ദിയും പറഞ്ഞു.