റിയാദ് : തന്‍റെ പരിശുദ്ധ ധന്യജീവിതം കൊണ്ട് ഒരുകാലഘട്ടത്തെ തന്നിലേക്ക് ആവാഹിച്ചെടുത്ത് ശാന്തിയും സമാധാനവും സാഹോദര്യവും രാജ്യത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു നെറികേടില്‍ നിന്നും നേരിന്‍റെ ദിശയിലേക്ക് നൌഖ തുഴഞ്ഞ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ 30-07-2010 വെള്ളിയാഴ്ച രാത്രി 7 മണിക്ക് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ അനുസ്മരണ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു.
പാണ്ഡിത്യത്തിന്‍റെ കൊടുമുടിയിലും പരമാധികാരത്തിന്‍റെ കരുത്തിലും വിനയത്തിന്‍റെ തനി സ്വരൂപമായി സംഘര്‍ഷ വഴിയില്‍ സംയമനത്തിന്‍റെ ശാന്തിദൂതനായി വികാരത്തിനെതിരെ വിവേകത്തിന്‍റെ മുന്നറിയിപ്പുകാരനായി നിരാലംബരില്‍ ആലംബത്തിന്‍റെ ആശ്രയമായി നിറഞ്ഞു നിന്ന ആ ജീവിത ദര്‍ശനത്തിനു പ്രസക്തിയേറുന്പോള്‍ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ശിഹാബ് തങ്ങള്‍ ദര്‍ശനം എന്ന വിഷയത്തിലായിരിക്കും സെമിനാര്‍. ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി പനങ്ങാങ്ങര, സൈതലവി ഫൈസി, മുഹമ്മദാലി ഫൈസി മോളൂര്‍, അബ്ബാസ് ഫൈസി, നൌഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.