വിവാദ കേശം വ്യാജമെന്ന്‌ പിന്നെയും തെളിയുമ്പോള്‍..

വ്യാജ കേശം
പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെതെന്ന പേരില്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന വിവാദ കേശം വ്യാജമാണെന്ന്‌ കാന്തപുരം വിഭാഗത്തിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ ട്ടിന്റെ കൂടുതൽ വീഡിയോകൽ  പുറത്ത്‌ വിട്ടു. 
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിനെ തിരുകേശമെന്ന പേരില്‍ പ്രചരിപ്പിക്കാനും അത്‌ സൂക്ഷിക്കാന്‍ നാല്‍പത്‌ കോടി രൂപയുടെ പള്ളി നിര്‍മ്മിക്കുമെന്ന്‌ പറഞ്ഞ്‌ പണം സ്വരൂപിക്കുകയും കേശം മുക്കിയ വെള്ളം വ്യാപകമായി വിതരണം ചെയ്‌തതും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന്റെ ആധികാരികത ചോദ്യം ചെയ്‌ത്‌ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്ത്‌ വന്നതോടെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രചാരണങ്ങളില്‍ നിന്നും കാന്തപുരവും കൂട്ടരും പിന്‍വാങ്ങുകയായിരുന്നു. 
തിരുകേശസൂക്ഷിപ്പിനൊരുത്തമകേന്ദ്രമെന്ന പേരില്‍ ശഅ്‌റെ മുബാറക്‌ മസ്‌ജിദ്‌ ഒന്നര വര്‍ഷം മുമ്പ്‌ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും 2012 മാര്‍ച്ചില്‍ നിര്‍മ്മാണമാരംഭിക്കുമെന്ന്‌ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുത്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയും കേശത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കാന്തപുരം വിഭാഗത്തിന്റെ പ്രഭാഷകരും എഴുത്തുകാരുമടങ്ങുന്ന സംഘം കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്‌തവരുടെ ആരോപണങ്ങള്‍ പരിശോധിക്കാനുള്ള ഉദ്യമത്തിന്‌ തുടക്കമിട്ടത്‌. കാന്തപുരം വിഭാഗത്തിന്റെ പണ്ഡിത സഭയോ മറ്റു കീഴ്‌ഘടകങ്ങളോ തിരുകേശമെന്ന്‌ ഇതിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതും ഈ വിഭാഗത്തിന്റെ അന്വേഷണത്തിന്‌ പ്രേരകമായിട്ടുണ്ട്‌. 
കാന്തപുരം വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌ റൂമിലെ പ്രഭാഷകനും കാന്തപുരം ഉള്‍പ്പെടെയുള്ളവരുടെ സന്തത സഹചാരിയുമായ ജിഷാന്‍ മാഹിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌. മര്‍കസിലേക്ക്‌ വിവാദ കേശം എത്തിച്ചത്‌ മുതല്‍ ഇതുമായി ബന്ധപ്പെട്ട ഓരോരുത്തരോടും ഫോണ്‍ സംഭാഷണത്തിലൂടെ വസ്‌തുതകള്‍ ചികഞ്ഞന്വേഷിക്കുകയും വ്യക്തിബന്ധം മുന്‍നിര്‍ത്തി തുറന്ന്‌ പറഞ്ഞ ഇവരുടെ വിശദീകരണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ്‌ ചെയ്‌തുമാണ്‌ ജിഷാന്‍ തെളിവുകള്‍ സമ്പാദിച്ചത്‌. കൂടാതെ കാന്തപുരത്തിന്‌ കേശം നല്‍കിയ മുംബെയിലെ ഇഖ്‌ബാല്‍ ജാലിയാ വാലയെ നേരില്‍ സന്ദര്‍ശിക്കുകയും അവിടത്തെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. അന്വേഷണത്തിലൂടെ ജിഷാന്‍ മാഹി പുറത്തുവിട്ട വിവരങ്ങള്‍:
ജിഷാന്‍ മാഹി
1. കാന്തപുരത്തിന്‌ കേശം നല്‍കിയ മുംബൈയിലെ ഇഖ്‌ബാല്‍ ജാലിയാവാല ശുദ്ധ തട്ടിപ്പുകാരനാണ്‌. പ്രവാചകന്റെയും മറ്റു ചരിത്രപുരുഷന്‍മാരുടെയും പേരില്‍ വ്യജമായ പല വസ്‌തുക്കളും ഉപയോഗിച്ച്‌ ഇദ്ദേഹം പണം സമ്പാദനം നടത്തുന്നുണ്ട്‌. ഇദ്ദേഹം മതഭക്തനോ സത്യസന്ധനോ അല്ല. 
2. മുംബൈയില്‍ നിന്ന്‌ ലഭിച്ച ഈ കേശം പ്രവാചകന്റേതാണെന്ന്‌ സ്ഥിരീകരിക്കാന്‍ കാന്തപുരത്തിന്റെ നിര്‍ദ്ദേശപ്രകാരം മര്‍കസില്‍ വെച്ച്‌ കൃത്രിമ കൈമാറ്റ പരമ്പര എഴുതിയുണ്ടാക്കിയതാണ്‌. എഴുതിയുണ്ടാക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ്‌ ജീവനക്കാരന്‍ തന്നെ ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. 
3. മുടി വ്യാജമാണെന്ന അറിവോടുകൂടി തന്നെയാണ്‌ കാന്തപുരം ഇതിനെ തിരുകേശമെന്ന്‌ പ്രചരിപ്പിച്ചതും അതിന്റെ പേരില്‍ പണംപിരിച്ചതും. 
4. വ്യാജമാണെന്ന്‌ സ്ഥിരീകരിക്കുന്ന തെളിവുകളുമായി കാന്തപുരത്തേയും മറ്റു മര്‍കസ്‌ അധികൃതരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ നിശ്ശബ്‌ദരാക്കാന്‍ ശ്രമിച്ചു. 
5. കാന്തപുരത്തിന്റെ വ്യക്തിപ്രഭാവത്തേയും സ്വാധീനങ്ങളേയും ഉപയോഗപ്പെടുത്തി പുത്രന്‍ അബ്‌ദുല്‍ ഹഖീം അസ്‌ഹരി നോളജ്‌ സിറ്റിയുടെ മറവില്‍ ലക്ഷ്യമിടുന്ന സ്‌പിരിച്ച്വല്‍ ടൂറിസമാണ്‌ പ്രവാചകന്റെ പേരില്‍ കേശമവതരിപ്പിക്കാനുള്ള പ്രേരകം.
ഇത്തരം യാഥാര്‍ത്ഥ്യങ്ങളും കണ്ടെത്തലുകളും നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും തങ്ങളുടെ ഉദ്യമം പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയ ജിഷാന്‍ മാഹി തന്റെ വീഡിയോ പ്രഭാഷണം തയ്യാറാക്കി പുറത്തുവിട്ടത്‌. വിഷയം വിവാദമായതോടെ നേരത്തെ എ.പി. വിഭാഗം സമസ്‌തയില്‍ ഇതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്ന പൊന്മള അബ്‌ദുല്‍ 
ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം അടിയന്തിര മുശാവറ (കൂടിയാലോചന) യോഗം വിളിപ്പിക്കുകയും ഇനി മേലില്‍ കാരന്തൂര്‍ മര്‍കസില്‍ കേശ പ്രദര്‍ശനവും അത്‌ മുക്കിയ വെള്ളം വിതരണവും നടത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌. മര്‍കസും അനുബന്ധ സ്ഥാപനങ്ങളും കാന്തപുരത്തിന്റെ കൈവശമാണെങ്കിലും സംഘടനയില്‍ പൊന്മള വിഭാഗം പിടിമുറുക്കിയിരിക്കുക യാണ്‌. ഇതോടെ പൊന്മളയുടെ എതിരാളികളും കാന്തപുരത്തിന്റെ സ്വന്തക്കാരുമായ പലര്‍ക്കു മെതിരെയും നടപടികള്‍ വന്നു തുടങ്ങി. എന്നാല്‍ കാരന്തൂര്‍ മര്‍കസില്‍ രണ്ട്‌ തവണകളിലായി എത്തിയെന്ന്‌ അവകാശപ്പെടുന്ന വിവാദ കേശങ്ങള്‍ വ്യാജമാണെന്ന്‌ സ്ഥിരീകരിക്കുന്ന തെളിവുകള്‍ സമസ്‌ത നേതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മുംബൈയിലെ ഇഖ്‌ബാല്‍ ജാലിയാവാലയില്‍ നിന്നാണ്‌ ആദ്യം കേശമെത്തിയതെന്ന്‌ കാന്തപുരം അവകാശപ്പെട്ടത്‌. എന്നാല്‍ സുന്നി യവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഇഖ്‌ബാല്‍ ജാലിയാവാലയെ നേരില്‍ കണ്ട്‌ ഏഴ്‌ കേശങ്ങള്‍ നേരില്‍ വാങ്ങി പരിശോധിച്ച്‌ അത്‌ വ്യാജമാണെന്ന്‌ കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുമ്പിലും തുടര്‍ന്ന്‌ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. രണ്ടാമത്‌ അബൂദാബിയിലെ അഹ്‌മദ്‌ ഖസ്‌റജി മുഖേന മര്‍കസിലെത്തിയ കേശവും മുംബൈയില്‍ നിന്ന്‌ വാങ്ങിയതാണെന്ന്‌ ഇഖ്‌ബാല്‍ ജാലിയാ വാലയില്‍ നിന്ന്‌ തന്നെ അറിവായി. കൂടാതെ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അബുദാബിയിലെ ഖസ്‌റജി കുടുംബവുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ കുടുംബത്തില്‍ തിരുകേശമില്ലെന്നും അഹ്‌മദ്‌ ഖസ്‌റജി കളവ്‌ പറഞ്ഞതാണെന്നുമുള്ള രേഖാമൂലമുള്ള കത്ത്‌ പുറത്ത്‌ വിട്ടു. ഇതോടെ പ്രചാരണങ്ങളില്‍ നിന്ന്‌ പിന്‍വാങ്ങിയ കാന്തപുരം ഗ്രൂപ്പില്‍ തന്നെ ഇതിന്റെ സത്യം പരിശോധിക്കാന്‍ ഒരു വിഭാഗം മുന്നോട്ടുവന്നതാണ്‌ കേശം വ്യാജമാണെന്ന സ്ഥിരീകരണത്തിലേക്ക്‌ അവരെത്തന്നെ എത്തിച്ചത്‌. ഈ കേശസൂക്ഷിപ്പിനെന്ന പേരില്‍ കാന്തപുരം പിരിച്ചെടുത്തുവെന്ന്‌ പറയുന്ന നാല്‍പത്‌കോടി രൂപ, ശിലാസഥാപനം നടത്തി ഒന്നരവര്‍ഷമായിട്ടും നിര്‍മ്മാണമാരംഭിക്കാത്ത പള്ളി, ഇതിന്റെ ബിസിനസ്സ്‌ സാധ്യത കണ്ടുതുടങ്ങുന്ന നോളജ്‌ സിറ്റി എന്നിവ സംബന്ധിച്ച്‌ കാന്തപുരം ഇനി എന്ത്‌ പറയുമെന്നതാണ്‌ ജനങ്ങള്‍ക്കു മുമ്പിലെ ചോദ്യം.