മദീന സിയാറത്ത് നവം. 5 വരെ; നാട്ടിലേക്കുള്ള ആദ്യസംഘം 31ന് ;
മലയാളി ഹാജിമാരുടെ മരണ സംഖ്യ 11 ആയി
മദീന: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയ ഹാജിമാരിലെ ആദ്യസംഘം ഇന്നലെ വിശുദ്ധ മദീനയില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ 25ന് കരിപ്പൂരില്‍നിന്ന് മക്കയിലെത്തിയ സംഘമാണ് ഇവര്‍. മസ്ജിദുല്‍ ഹറാമിലെത്തി വിദാഇന്റെ ത്വവാഫ് ചെയ്ത് 8.30ന് മക്കയില്‍നിന്ന് പുറപ്പെട്ട സംഘം വൈകുന്നേരം നാലു മണിക്ക് മദീന മുനവ്വറയില്‍ എത്തിച്ചേര്‍ന്നു. എട്ടു ബസുകളിലായിരുന്നു ഇവരുടെ യാത്ര. മലയാളി ഹാജിമാരുടെ മദീന സിയാറത്ത് (സന്ദര്‍ശനയാത്ര) അടുത്തമാസം 5 വരെ തുടരും.
മദീന സന്ദര്‍ശനത്തിനും പ്രാര്‍ഥനക്കുമായി ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. കരിപ്പൂരിലേക്കുള്ള ആദ്യസംഘം 31ന് മദീനയില്‍നിന്ന് നാട്ടിലേക്ക് തിരിക്കും. മസ്ജിദുന്നബവിയുടെ പ്രധാന കവാടത്തിനടുത്തുള്ള മര്‍ക്കസിയ ഇല്യാസ് ഹോട്ടലിലാണ് ഇവരുടെ താമസം. മക്കയില്‍നിന്നും വിഭിന്ന കാലാവസ്ഥയാണ് മദീനയിലേത്. അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത മിതശീതോഷ്ണ കാലാവസ്ഥ. മഗ്‌രിബ് ഇശാ നിസ്‌കാരത്തിനു ശേഷം ഓരോരുത്തരും റൗള ശരീഫില്‍ പ്രാര്‍ഥന നടത്തി.
ബാബു സലാമിലൂടെയാണ് റൗള ശരീഫിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമാധാനത്തോടെ അരിച്ചരിച്ചു നീങ്ങിയ അവര്‍ മുഹമ്മദ് നബി (സ)യുടെ ഖബറിനരികെയെത്തി 'അസ്സലാമു അലൈക യാ റസൂലല്ലാ' എന്ന് വികാരഭരിതരായി മൊഴിഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയില്‍ അല്ലാഹുവിന്റെ രക്ഷ ഉണ്ടായിരിക്കട്ടെയെന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു. തൊട്ടടുത്ത് അന്ത്യവിശ്രമംകൊള്ളുന്ന അബൂബക്കര്‍ സിദ്ദീഖ് (റ), ഉമറുബ്‌നു ഫാറൂഖ് (റ) എന്നീ സ്വഹാബി വര്യരിലും അവര്‍ അഭിവാദ്യംചെയ്തു.
നിസ്‌കരിച്ചും ഇഅ്തികാഫിരുന്നും അവര്‍ ഏറെ നേരം റൗളയില്‍ പ്രാര്‍ഥനയില്‍ മുഴുകി. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) സ്വന്തം കരങ്ങളാല്‍ പണിതുയര്‍ത്തിയ പള്ളിയില്‍ ആരാധനക്കും പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും പ്രത്യേക ഫലമുണ്ടെന്ന് വിശ്വസിക്കുന്ന റൗളയിലാണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. സ്വര്‍ഗത്തോപ്പെന്നാണ് ഈ സ്ഥലത്തെ പ്രവാചകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. 15 മീറ്റര്‍ വീതിയും 22 മീറ്റര്‍ നീളവും ഉള്ള ഇവിടേക്ക് ഒരുതവണ കടന്നെത്താനും രണ്ടു റക്അത്ത് നിസ്‌കരിച്ച് തന്റെ എല്ലാ ആവശ്യങ്ങളും സര്‍വശക്തനോട് പറയുവാനും വിശ്വാസികള്‍ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ഈ ഭാഗത്ത് രാവുംപകലും സുരക്ഷാവിഭാഗങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചതുമുതല്‍ മദീനയിലേക്ക് നിലക്കാത്ത തീര്‍ഥാടക പ്രവാഹമാണിപ്പോള്‍. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ പാദമുദ്രകള്‍ പതിഞ്ഞ മദീനയുടെ മണ്ണില്‍നിന്ന് ഭക്തിയുടെ നിറവുകള്‍ വീണ്ടെടുക്കുകയാണ് തീര്‍ഥാടകസമൂഹം. തിരക്കിനിടയില്‍ ആ പുണ്യസ്ഥലത്ത് എത്തിച്ചേര്‍ന്ന് പ്രാര്‍ഥന നടത്തിയ നിര്‍വൃതിയിലാണ് തീര്‍ഥാടകരൊക്കെയും പ്രവാചക നഗരിയോട് വിടപറയുന്നത്.
കേരളത്തില്‍ നിന്നെത്തിയ 11 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 18 ന് കണ്ണൂര്‍ പരിയാരം സ്വദേശി നഫീസ(64)യും അവരുടെ ഭര്‍ത്താവ് അബ്ബാസ് (74) തിങ്കളാഴ്ചയും മരിച്ചു. മാനന്തവാടി സ്വദേശി അന്ത്രു ഖാളിയാരും ഇതേ ദിവസം മരിച്ചിരുന്നു.- എം.വി.എ അബൂശുഐബ്