മക്ക: ഈ വര്‍ഷം ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ വിശുദ്ധ ഭൂമിയില്‍ നിന്നും തങ്ങളുടെ നാടുകളിലേക്ക് കൊണ്ടുപോയത് 13.8 ബില്യണ്‍ മില്ലിലിറ്റര്‍ സംസം. ശരാശരി 10 ലിറ്റര്‍ സംസം വെള്ളമാണ് ഓരോ ഹാജിമാരും കൊണ്ടുപോകുന്നത്. 1,380,000 വിദേശ തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്.
ഏതൊരു വിശ്വാസിയുടെയും ജീവിതത്തിലെ അപൂര്‍വ സൌഭാഗ്യമാണ് വിശുദ്ധ മണ്ണിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കുക എന്നത്. തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തങ്ങളുടെ സ്വന്തക്കാര്‍ക്കു വേണ്ടി ഹാജിമാര്‍ കരുതിവെക്കുന്ന യാത്രാസമ്മാനമാണ് സംസമെന്ന പുണ്യതീര്‍ത്ഥം. വര്‍ഷം തോറും മില്യണ്‍ കണക്കിന് ലിറ്റര്‍ സംസമാണ് ഹജ്ജിനും ഉംറക്കും വേണ്ടിയെത്തുന്ന തീര്‍ത്ഥാടകര്‍ കൊണ്ടുപോകുന്നത്. മഹാനായ ഇസ്‍മാഈല്‍ നബിയുടെ കാലിനടിയില്‍ നിന്ന് ഉറവയെടുത്ത സംസം ഒരിക്കലും ഉറവ വറ്റാത്ത അക്ഷയ സ്രോതസ്സാണ്.
സംസമിന്‍റെ അളവറ്റ മഹത്വമുല്‍ഘോഷിക്കുന്ന പ്രവാചകവചനങ്ങളാണ് സംസം ശേഖരിക്കാനും ഏത് പ്രയാസവും സഹിച്ച് അതിനെ തങ്ങളുടെ സ്വന്തക്കാരിലേക്ക് എത്തിക്കാനും തീര്‍ത്ഥാടകര്‍ക്ക് പ്രചോദനമാവുന്നത്. ഏതു രോഗത്തിനും ശമനമേകുന്നുവെന്നതാണ് സംസമിന്‍റെ ഏറ്റവും വലിയ സവിശേഷത. പാനീയം എന്നതു പോലെ ഭക്ഷണമായും ഉപയോഗിക്കാമെന്നതും സംസമിന്‍റെ പ്രത്യേകതയാണ്.
ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ നടന്ന വികസപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് സംസം കിണര്‍ ഇന്ന് കാണുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്. അബ്ബാസി ഖലീഫമാരായ മഹ്ദി, ഹാറൂന്‍ റശീദ്, അമീന്‍, മുഅ്തസിം എന്നിവരുടെ കാലത്ത് കിണര്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ശേഷം ഉസ്മാനികളുടെയും സുഊദികളുടെയും ഭരണകാലത്തും സംസം വികസനം പ്രാധാന്യത്തോടെ നടന്നിരുന്നു.