മദ്രസക്ക് നഷ്ടപരിഹാരം നല്‍കണം
വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഓണപ്പറമ്പില്‍ മദ്രസ തീ വെച്ചസ്ഥലം സന്ദർശിച്ചപ്പോൾ |
കണ്ണൂര്‍: അതിദാരുണമാംവിധമാണ് മതസ്ഥാപനം നശിപ്പിച്ചതെന്നും പ്രാകൃതമായ പ്രവര്‍ത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ആവശ്യപ്പെട്ടു.
സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരുന്നതിന് പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. പല സംഭവങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും മേഖലയിലെ നിരപരാധികളെ കേസില്‍ പെടുത്തിയാണ്പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അത്യന്തം പ്രകോപനപരവും നീചവുമായ വിധത്തിലാണ് ഇപ്പോഴത്തെ അക്രമം.
ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. തീവെച്ച് നശിപ്പിക്കപ്പെട്ട മദ്രസക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. പ്രദേശം കലുഷിതമാക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ടെന്ന് പ്രദേശം സന്ദര്‍ശിച്ചാല്‍ ബോധ്യമാകുമെന്നും ഇതു പുറത്ത് കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിംലീഗ് നേതാക്കളായ കെ.എം സൂപ്പി, കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഡ്വ.എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.ഒ.പി മുഹമ്മദലി ഹാജി, കടന്നപ്പളളി മുസ്തഫ, പി.പി മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ വായാട് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.