വെളിയങ്കോട് ഉമര്‍ഖാസി ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വലതുടക്കം; റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം ഇന്ന്

വെളിയങ്കോട്:പ്രമുഖ പണ്ഡിതനും സൂഫിയും  സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ 161-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്നായി വിശ്വാസികളുടെ പ്രവാഹമായിരുന്നു.
രാത്രിയോടെ ഉമര്‍ഖാസിയുടെ മഖ്ബറയോട് ചേര്‍ന്നുള്ള പള്ളിയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. 7.30-ഓടെ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുബാരി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദിക്‌റ് ഹല്‍ഖയോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്.
ദിക്‌റ് സദസ്സിനുശേഷം കൂട്ടപ്രാര്‍ഥനയും നടന്നു. വെളിയങ്കോട് ഖാസി ഹംസ സഖാഫി, യു.പി. മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ്അലി ഫാളിലി എന്നിവരും സംബന്ധിച്ചു. ആണ്ടുനേര്‍ച്ചയുടെ ഭാഗമായി തിങ്കളാഴ്ച രാത്രി ഏഴിന് നടക്കുന്ന ഉമര്‍ഖാസി അനുസ്മരണ സമ്മേളനത്തിൽ റഹ്മത്തുള്ള ഖാസിമി മൂത്തേടം  പങ്കെടുക്കും.മഹല്ല് പ്രസിഡന്റ് റിട്ട. ഡി.ഐ.ജി എം.ടി. മൊയ്തുട്ടിഹാജി അധ്യക്ഷതവഹിക്കും.
എട്ടുമുതല്‍ രണ്ടുവരെ ഭക്ഷണവിതരണം നടക്കും. ഭക്ഷണവിതരണത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിന് പൊന്നാനി പോലീസ്സിന്റെയും മഹല്ല് കമ്മിറ്റിയുടെ വളണ്ടിയര്‍മാരുടെയും സേവനമുണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.