മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ |
മക്ക: ഇത്തവണത്തെ ഹജ്ജ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍.കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഇത്തവണത്തെ ഹജ്ജ് ഒരു നാഴികക്കല്ലാണെന്ന് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.അല്ലാഹുവിന്റെ അതിഥികളായെത്തിയ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും ആയാസരഹിതമായും ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാനായതില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു. അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്തോഷം പ്രകടിപ്പിച്ചു. ഹാജിമാരുടെ സുരക്ഷിതത്വമായിരുന്നു ആതിഥേയരായ സഊദി ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത.
അന്തസ്സും ആഭിജാത്യവുമുള്ള വിശിഷ്ടാതിഥികളായി ഇവിടെയെത്തിയ തീര്‍ഥാടകര്‍ക്ക് അന്തസ്സോടെ തിരിച്ചുപോകാന്‍ വഴിയൊരുക്കുന്നതിനായിരുന്നു തങ്ങള്‍ ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അമീര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരിയും ഇരു ഹറമുകളുടെയും സേവകനുമായ അബ്ദുല്ല രാജാവിനെ അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു.
അദ്ദേഹത്തിനു പുറമെ മറ്റ് ഭരണാധികാരികളെയും അദ്ദേഹം അഭിനന്ദിച്ചു.കിരീടാവകാശി അമീര്‍ സല്‍മാന്‍,ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫ് എന്നിവരെ അദ്ദേഹം പ്രത്യേകമായി പേരെടുത്ത് പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നേട്ടങ്ങളും കോട്ടങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ട്. അത് മുന്നില്‍വെച്ച് ഹജ്ജ് കേന്ദ്രകമ്മിറ്റി ഹജ്ജ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.പാരമ്പര്യവും കാലോചിതമായ മാറ്റങ്ങളും ഉള്‍ക്കൊണ്ട് ഇസ് ലാമികചൈതന്യവും നിലനിര്‍ത്തി മുന്നോട്ടുപോകുമെന്ന് അമീര്‍ അറിയിച്ചു. അതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ലക്ഷക്കണക്കിന് ഹാജിമാര്‍ ഹജ്ജിന് പരിസമാപ്തി കുറിച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടന്നുവരുന്നതായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു. സഊദിയ അടക്കം 50 വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ യാത്രക്ക് തുടക്കം കുറിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഹാജിമാര്‍ക്ക് സംസം ജലം ഹജ്ജ് കമ്മിറ്റി വകയാണ് നല്‍കുന്നത്. പാക്ക് ചെയ്ത പത്തു ലിറ്റര്‍ സംസം വെള്ളമാണ് വിമാനം ഇറങ്ങിയ ഉടന്‍ വിതരണം ചെയ്യുകയെന്ന് ഹജ്ജ് മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ലഗേജ് മുന്‍കൂട്ടി ക്യാമ്പില്‍നിന്ന് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ മദീനയില്‍ വന്നിറങ്ങിയ ഹാജിമാരെല്ലാം ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴിയാണ് തിരിച്ചുപോകുന്നത്.ഇന്ത്യയിലേക്കുള്ള ആദ്യവിമാനം കല്‍ക്കട്ടയിലേക്കാണ് പുറപ്പെട്ടത്. 22ഉം 23ഉം തൂക്കമുള്ള രണ്ടു പെട്ടികളിലുള്ള ലഗേജുകള്‍ക്ക് പുറമെ 10 കിലോ ഹാന്‍ഡ്ബാഗും 10 ലിറ്റര്‍ സംസം വെള്ളവുമാണ് ഒരു ഹാജിക്ക് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.