ആലംബമറ്റവര്‍ക്ക് അത്താണിയാവണം പെരുന്നാള്‍ ആഘോഷം: തങ്ങള്‍
മലപ്പുറം: ആദര്‍ശപാതയിലെ ത്യാഗ സന്നദ്ധതയും ഐക്യത്തിന് വേണ്ടിയുള്ള ദൃഢനിശ്ചയവുമാണ് ഈദുല്‍ അസ്ഹാ വിശ്വാസികളിലുണര്‍ത്തുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യന്റെ സര്‍വ സൗഭാഗ്യങ്ങളുടെയും ഉറവിടമായ പ്രപഞ്ച സ്രഷ്ടാവിന്റെ ആജ്ഞയനുസരിച്ച് ജീവിക്കാന്‍ ഓരോ വിശ്വാസിയും സൂക്ഷ്മത പുലര്‍ത്തണം.
ഭൗതിക മോഹങ്ങളില്‍ മയങ്ങി വീഴാതെ പാരത്രിക ജീവിതം ഭദ്രമാക്കുന്നതിനുള്ള കര്‍മങ്ങളും നന്മയുമാണ് ഭൂമിയില്‍ നിറവേറ്റേണ്ടത്. അതിന് ത്യാഗ സന്നദ്ധത വേണം. ഹസ്രത്ത് ഇബ്രാഹിം നബി (അ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കാണിച്ച സമര്‍പ്പണം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സ്വന്തം പുത്രനെ ദൈവീക കല്‍പന പ്രകാരം ബലിയര്‍പ്പിക്കാന്‍ ഇബ്രാഹിം നബി സന്നദ്ധനായി. ജീവിതത്തില്‍ ഏറ്റവും
പ്രിയപ്പെട്ടത് തന്നെ വിശ്വാസ പാതയില്‍ ത്യജിക്കാന്‍ സന്നദ്ധരാവുക എന്ന സന്ദേശമാണത്.
പ്രിയപ്പെട്ടത് തന്നെ വിശ്വാസ പാതയില്‍ ത്യജിക്കാന്‍ സന്നദ്ധരാവുക എന്ന സന്ദേശമാണത്.
പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുബന്ധമായി വരുന്ന ആഘോഷ സുദിനമാണത്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) പരിപൂര്‍ണ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ അറഫാ ദിനത്തിന്റെ ഓര്‍മപ്പെരുന്നാള്‍. മനുഷ്യത്വത്തിന്റെ പൂര്‍ണതയാണ് അറഫാ വിളംബരം. ദൈവത്തിനു മുന്നില്‍ മനുഷ്യരെല്ലാം സമന്മാരാണ് എന്ന അന്തിമ പ്രഖ്യാപനമാണത്. ദൈവീക മാര്‍ഗത്തിലെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും ഭാവങ്ങള്‍ സമന്വയിച്ചതാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം.
മറ്റുള്ളവര്‍ക്കായി സേവനവും കാരുണ്യവും അര്‍പ്പിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന ബോധമാണ് അറഫാ പ്രഖ്യാപനത്തിലൂടെ പ്രവാചക തിരുമേനി സമൂഹത്തില്‍ രൂപപ്പെടുത്തിയത്. ലോകത്ത് കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും കണ്ണീരൊപ്പാന്‍ ഓരോ വിശ്വാസിയും കഠിന പ്രയത്‌നം ചെയ്യണം. ദേശ, ഭാഷാ അതിരുകളില്ലാതെ ആലംബഹീനര്‍ക്ക് ആശ്വാസമെത്തിക്കണം.
പെരുന്നാളിന്റെ ആഘോഷങ്ങള്‍പോലും നഷ്ടപ്പെട്ട സഹോദരന്മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. മുസഫര്‍ നഗര്‍ ഉള്‍പ്പെടെ ഭയവിഹ്വലരായി കഴിയുന്ന, പട്ടിണി കിടക്കുന്ന സഹോദരന്മാരുടെ സങ്കേതങ്ങള്‍ ഏറെയുണ്ട്. എല്ലായിടത്തും കണ്ണും മനസ്സും സഹായ ഹസ്തവുമെത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പെരുന്നാള്‍ ദിനം ഊര്‍ജമാകണം. ആലംബമറ്റവര്‍ക്ക് അത്താണിയാകുന്നതാവട്ടെ പെരുന്നാള്‍ ആഘോഷങ്ങള്‍. മതമൈത്രിയുടെയും സമാധാന ജീവിതത്തിന്റെയും നന്മ വിരിയിക്കാന്‍ മുന്നിട്ടിറങ്ങുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍.
അല്ലാഹു അക്ബര്‍...
വലില്ലാഹില്‍ ഹംദ്.