പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട്; ജിദ്ദ SYS ആദര്‍ശ സമ്മേളനം നടത്തി

ജിദ്ദ : ആരാധനാ കാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ മാനവ രാശിയുടെ സാര്‍വ ലൗകിക സമാധാനത്തിന്റെ ഉദാത്തമായ ഒരു നയരേഖ പോലെ പ്രവാചക തിരുമേനി () തന്റെ ഹജ്ജത്തുല്‍ വദാഇലെ ചരിത്ര പ്രസിദ്ധമായ പ്രഭാഷണത്തിലൂടെ കൈമാറിയ സന്ദേശം അക്കാലത്ത് തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച നാടാണ് കേരളം എന്നും, ആ നല്ല നൂറ്റാണ്ടു മുതല്‍ വിശുദ്ധ ദീനിന്റെ വൈജ്ഞാനിക രംഗത്തെ ലോകോത്തമ മാതൃകകളായ പണ്ഡിത മഹത്തുക്കളിലൂടെ കൈമാറി വരുന്നതു കൊണ്ടാണ് വികലമാക്കപ്പെടാതെ നമ്മുടെ നാട്ടില്‍ ഇന്നും ദീന്‍ നില നില്ക്കുന്നതെന്നും
സുന്നി യുവജന സംഘം സംസ്ഥാന നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അറേബ്യന്‍ നാടുകളടക്കം അന്യ രാജ്യങ്ങളില്‍ നിന്ന് പോലും ദീനീ വിജ്ഞാന കുതുകികള്‍ നമ്മുടെ പൂര്‍വീകരായ പണ്ഡിതന്മാരുടെ ദര്‍സുകളിലേക്കാകര്‍ഷിക്കപ്പെട്ടു. മഖ്ദൂമീ പാരമ്പര്യം ചരിത്രത്തില്‍ തുല്യതയില്ലാത്ത വൈജ്ഞാനിക വിപ്ലവത്തിന് വഴിയൊരുക്കി. ധന്യമായ ആ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥാപിതമായ സമസ്ത, മതത്തില്‍ പുതുതായി ഒന്നും കൊണ്ടുവരാനല്ല; നേരെ മറിച്ച് പാരമ്പര്യത്തില്‍ നിന്നും പൈതൃകത്തില്‍ നിന്നും സമൂഹം അകന്നു പോകാതെ കാത്തു സൂക്ഷിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
"പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്" എന്ന പ്രമേയവുമായി സുന്നി യുവജന സംഘം നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശറഫിയ്യ ഹില്‍ ടോപ്‌ ഓഡിറ്റോറിയത്തില്‍ അബ്ദുള്ള ഫൈസി കൊളപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ടി എച്ച് ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി തിരുര്‍ക്കാട്, അബുബകര്‍ ദാരിമി താമരശ്ശേരി, കരീം ഫൈസി മേലാറ്റൂര്‍ , അലി മൗലവി നാട്ടുകല്‍ , മറ്റു പ്രമുഖര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബുബക്കര്‍ ദാരിമി ആലമ്പാടി നന്ദി പറഞ്ഞു.
- Usman Edathil