മഅ്ദനിക്ക് നീതി; മക്കള്‍ മത നേതാക്കളെ കണ്ടത് ഫലം ചെയ്യുന്നു..മഅ്ദനിയെ ജയിലില്‍ നിന്നും ബാംഗ്ലൂർ ആസ്പത്രിയിലേക്ക് മാറ്റി

അബ്ദുന്നാസിര്‍ മഅദനി
മലപ്പുറം: ഏറെ വൈകിയാണെങ്കിലും കര്‍ണാടകയിൽ 'നീതിയുടെ കിരണങ്ങൾ' കണ്ടു തുടങ്ങി.. ഇടക്കിടെ ഉണ്ടാവുന്ന ശരീരികാ അസ്വസ്ഥതകൾക്ക്പോലും ആവശ്യമായ ചികിത്സ നല്കാതിരുന്ന കര്ണാടക സർക്കാർ ഒടുവിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണെങ്കിലും   മദനിയെ കഴിഞ്ഞ ദിവസം നേത്ര ചികിത്സക്കായി ബാംഗ്ലൂരിലെ അഗര്‍വാള്‍ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാ സമയത്ത് ഭാര്യ സൂഫിയ മഅദനിക്കു കൂടെ നില്‍ക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 19നു മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. മഅദനിയുടെ ഇടതുകണ്ണിന്റെ സ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ 17ന് അഗര്‍വാള്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് മഅദനിക്ക് ഉടന്‍ ചികില്‍സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഏതായാലും ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങാനും തന്റെ കുടുംബത്തോടൊപ്പം നില്‍ക്കാനും സാഹചര്യമൊരുങ്ങിയത്‌ ബഹു.പാണക്കാട്‌ സയ്യിദ്‌ ഹൈദരലി തങ്ങള്‍, ശൈഖുനാ കോട്ടുമല ബാപ്പുമുസ്ല്യാര്‍ എന്നിവരടങ്ങുന്ന സമസ്‌ത നേതാക്കളെ മക്കൾ സന്ദര്‍ശിച്ചതും അവരുടെ പ്രാര്‍ത്ഥന നേടിയതും കൊണ്ടാണെന്നാണ്‌ വിശ്വാസികൾ കരുതുന്നത്.
മഅദനിയുടെമകൻ പാണക്കാട് നൂർമഹലിൽ 
പാണക്കാട് തങ്ങളെ സന്ദർ ശിച്ചപ്പോൾ..
മഅ്ദനിക്ക് നീതി ലഭ്യമാക്കണമന്നാവശ്യപ്പെട്ട്‌ ഒക്‌ടോ. 28 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മക്കള്‍ നടത്താനിരിക്കുന്ന  ഉപവാസ സമരത്തിന്‌ പിന്തുണ തേടാൻ കൂടിയാണ് കഴിഞ്ഞ തിങ്കളാഴ്ച മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്‌താര്‍, സലാഹുദ്ധീൻ  എന്നിവർ കേരള മുസ്ലിം സംയുക്ത വേദി, പി.ഡി.പി ഭാരവാഹികളോടൊപ്പം മത  നേതാക്കളെ കണ്ടിരുന്നത്‌.
അഗര്‍വാള്‍ ആസ്പത്രിയില്‍ കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയ വാര്‍ത്ത അറിയുമ്പോള്‍ ഉമര്‍ മുഖ്താര്‍ 'സമസ്ത' സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആവശ്യം അംഗീകരിക്കപ്പെട്ടതിലെ സന്തോഷം ഉമര്‍ മുഖ്താറിന്റെ മുഖത്ത് നിഴലിച്ചു. ചികിത്സാ സമയത്ത് ഉമ്മച്ചിക്ക് കൂടെ നില്‍ക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 28ന് ഞങ്ങള്‍ നടത്തുന്ന സമരം ഒരു പിതാവിന് വേണ്ടി മക്കള്‍ നടത്തുന്ന പോരാട്ടം മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്ന
രാജ്യത്തെ സര്‍വര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവരുടെയും പിന്തുണ ഇതിലുണ്ടാവണം. ഇക്കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ചാണ് ഞങ്ങള്‍ ഒടുവില്‍ ബാപ്പച്ചിയെ കണ്ടത്. തീര്‍ത്തും നിരപരാധിയാണ് ബാപ്പച്ചി. കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. ഒമ്പതര വര്‍ഷത്തെ കോയമ്പത്തൂര്‍ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ബാപ്പച്ചി ജയില്‍ മോചന ശേഷമുള്ള മുഴുവന്‍ സമയവും പൊലീസ് സംരക്ഷണത്തിലും നിരീക്ഷണത്തിലുമായിരുന്നു. അങ്ങനെയിരിക്കെ കുടകില്‍ പോയെന്നും ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമെല്ലാം പറയുന്നത് കെട്ടിച്ചമച്ചതാണ്. 1998 മാര്‍ച്ച് 31ന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കുമ്പോള്‍ തനിക്ക് നാല് വയസ്സും സലാഹുദ്ദീന് ആറ് മാസവുമായിരുന്നു പ്രായം. തമിഴ്‌നാട്ടിലെ ജയിലുകളിലെ ഇരുമ്പു വലയ്ക്കിടയിലൂടെ കണ്ട മുഖമാണ് ബാപ്പച്ചിയെ പറ്റിയുള്ള ആദ്യ ഓര്‍മ. ഒമ്പതര വര്‍ഷം ഇരുമ്പഴിക്കകത്ത് അവ്യക്തമായി കാണുകയും ഒരു പിതാവിന്റെ സ്‌നേഹ ചുംബനം ഏറ്റു വാങ്ങാന്‍ അവസരം കിട്ടാതെ പോവുകയും ചെയ്ത ഞങ്ങള്‍ക്ക് ഏറെ സന്തോഷം ലഭിച്ച ദിനമായിരുന്നു 2007 ഓഗസ്റ്റ് 1. കോയമ്പത്തൂരിലെ വിചാരണക്കോടതി നിരപരാധിയെന്ന് വിധിയെഴുതി. ബാപ്പച്ചി ജയില്‍ മോചിതനായത് അന്നായിരുന്നു. പുറത്തു വന്ന ബാപ്പച്ചിയെ തിരിച്ചുകിട്ടിയല്ലോയെന്ന് ആശ്വസിച്ച ദിനങ്ങളായിരുന്നു അത്. അവശനായ നിലയിലാണ് ബാപ്പച്ചിയെ കാണുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷം ഒരുമിച്ചു കഴിഞ്ഞു. അപ്പോഴേക്കും വീണ്ടും കള്ളക്കേസില്‍ അകപ്പെടുത്തി ബാംഗ്ലൂര്‍ പൊലീസ് പിടിച്ചു കൊണ്ടുപോയത് എങ്ങനെ താങ്ങാനാവും. സ്‌ഫോടന കേസില്‍ കുടുക്കുന്നതിന് ബാംഗ്ലൂര്‍ പൊലീസ് കെട്ടിച്ചമച്ച ഏറ്റവും പ്രധാനപ്പെട്ട സാക്ഷിമൊഴി എറണാകുളത്തെ മജീദ് എന്നയാളുടെ പേരിലായിരുന്നു. എറണാകുളം കലൂരില്‍ ബാപ്പച്ചി താമസിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ച് ബാംഗ്ലൂരില്‍ സ്‌ഫോടനം നടത്താന്‍ അദ്ദേഹം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് അയാള്‍ കണ്ണൂരില്‍ മൊഴി കൊടുത്തുവെന്നാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ മൊഴി കൊടുത്തുവെന്ന് പറയുന്ന ദിവസം മജീദ് എന്നയാള്‍ കാന്‍സര്‍ രോഗം കാരണം അബോധാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ഐസിയുവിലായിരുന്നുവെന്നും മൊഴി നല്‍കിയെന്ന് പറയുന്നതിന്റെ അഞ്ചാമത്തെ ദിവസം മരണപ്പെട്ടുവെന്നും രേഖകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിച്ചതാണ്. അപ്പോഴൊക്കെ പുതിയ ആരോപണങ്ങളുമായാണ് 'അജണ്ടക്കാര്‍' രംഗത്ത് വന്നത്. ബാപ്പച്ചി നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2010 ഓഗസ്റ്റ് 17 മുതല്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബാപ്പച്ചിയുടെ മോചനത്തിന് എല്ലാവരുടെയും സഹകരണം വേണം. കേസ് നിഷ്പക്ഷ കേന്ദ്ര ഏജന്‍സിയെകൊണ്ട് പുനരന്വേഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണം. കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ട് -ഉമര്‍മുക്താര്‍ പറഞ്ഞു.
Related News: 
ഒക്‌ടോ. 28 മുതൽ സെക്രട്ടറിയേറ്റിനു മുന്നില്‍  ഉപവാസ സമരം; പിന്തുണ തേടി മഅ്ദനിയുടെ മക്കള്‍ മതനേതാക്കളെ കണ്ടു
മലപ്പുറം: കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ മക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരത്തിന് മതസംഘടനാ നേതാക്കളുടെ പിന്തുണ തേടിയതായി കേരള മുസ്ലിം സംയുക്ത വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഅ്ദനിക്കുമേല്‍ ആരോപിച്ച കേസ് നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും ഒക്ടോബര്‍ 28നാണ് ഉപവാസ സമരം നടത്തുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തിങ്കളാഴ്ച കൊടപ്പനക്കല്‍ വസതിയില്‍ സന്ദര്‍ശിച്ച് പിന്തുണ തേടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരെയും മക്കൾ സന്ദര്ശിച്ചു.
മഅ്ദനിയുടെ അപകടകരമായ ആരോഗ്യാവസ്ഥ നേതാക്കളെ ധരിപ്പിച്ചു. പ്രമേഹം മൂര്‍ച്ഛിച്ച് ഇരു കണ്ണുകളുടെയും കാഴ്ച കുറഞ്ഞതായി, ബംഗളൂരു അഗര്‍വാള്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്‍െറ പരിശോധനാ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്‍െറ കോപ്പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി. മഅ്ദനിക്ക് നീതി ലഭ്യമാക്കാനും കേസ് പുനരന്വേഷിപ്പിക്കാനും കര്‍ണാടകക്കുമേല്‍ കേരള സര്‍ക്കാറിനെക്കൊണ്ട് സമ്മര്‍ദം ചെലുത്തിക്കുകയാണ് സമരലക്ഷ്യം. വിചാരണകൂടാതെ തടവില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുക എന്നതും സമരത്തിന്‍െറ ലക്ഷ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. തുടർന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനിയുടെ മകന്‍ ഉമര്‍ മുക്താര്‍, സഹോദരന്‍ ജമാല്‍ മുഹമ്മദ്, വേദി സെക്രട്ടറി ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് നജീബ്, ജാഫര്‍ അലി ദാരിമി, ബാപ്പു പുത്തനത്താണി, അബ്ദുല്‍ ലത്തീഫ് മൗലവി എന്നിവര്‍ സംബന്ധിച്ചു.