തളങ്കര: കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്ഥാനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ പണ്ഡിതന്‍മാരും മത നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം നടന്നത്.
അസര്‍ നിസ്‌കാരത്തിന് ശേഷം നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ദേഹം സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഖാസിയെ തലപ്പാവ് അണിയിച്ചു.

ഖാസിയായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ പുതിയ ഖാസിയായി തിരഞ്ഞെടുത്തത്. തന്റെ ഖാസി പദവി അള്ളാഹുവിന്റെ നിയോഗമാണെന്നും സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ പദവി പ്രയോജനപ്പെടുത്തുമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു