ഗൾഫ്‌ രാഷ്ട്രങ്ങളിൽ ഇന്ന് ബലി പെരുന്നാൾ.. കേരളത്തില്‍ നാളെ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ആഴ്ചകള്‍ക്ക് മുമ്പേ എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ന് സൂര്യോദയത്തിന് ശേഷം പെരുന്നാള്‍ നിസ്‌കാരം നടക്കും. നിസ്‌കാരത്തിനും ബലി കര്‍മ്മത്തിനും എല്ലായിടത്തും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സഊദിയില്‍ സൂര്യോദയത്തിന് ശേഷം 14 മിനുട്ട് കഴിഞ്ഞാണ് നിസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പ്രവിശ്യകളിലും നിസ്‌കാര സ്ഥലങ്ങളും പള്ളികളും ഇതിന്നായി പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ഇമാം തുര്‍ക്കി മസ്ജിദിലായിരിക്കും നിസ്‌കാരം നിര്‍വ്വഹിക്കുക. ശേഷം അദ്ദേഹം സന്ദര്‍ശകരെ കാണും. കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ഗര്‍നാഥ പള്ളിയിലും നിസ്‌കരിക്കും. റോഡുകളും തെരുവുകളും വൈദ്യുത അലങ്കാരങ്ങള്‍ കൊണ്ട്
വര്‍ണാഭമാക്കിയിട്ടുണ്ട്. ബലിപെരുന്നാള്‍ അവധി കഴിയും വരെ വിവിധ നഗരങ്ങളില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത വിഭാഗം അറിയിച്ചു. റോഡുകളിലും പാര്‍ക്കുകളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിസ്‌കാരത്തിന് മുമ്പേ തന്നെ ട്രാഫിക് വിഭാഗം രംഗത്തിറങ്ങും. മുനിസിപ്പാലിറ്റികളുമായി സഹകരിച്ചാണ് ഉള്ഹിയ്യത്ത് അറുക്കാനുള്ള സജ്ജീകരണമേര്‍പ്പെടുത്തിയിട്ടുള്ളത്. കന്നുകാലികളെ വില്‍ക്കാനും അറുക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അല്ലാത്ത സ്ഥലങ്ങളില്‍ അറവ് നടത്തിയാല്‍ പിഴ അടക്കേണ്ടി വരും. ബലിമൃഗങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് മാര്‍ക്കറ്റില്‍.
സോമാലിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബലിമൃഗങ്ങള്‍ എത്തിച്ചിട്ടുള്ളത്. ഹജജ്, ഈദ് അവധി ദിവസങ്ങളില്‍ വിവിധ പ്രവശ്യകളില്‍ ഒട്ടേറെ സാംസ്‌കാരിക സംഘടനകള്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കഠിനമായ ചൂട് മാറി തണുപ്പിന് കാഠിന്യമേറുന്നതിനു മുന്‍പുള്ള സുഖകരമായ കാലാവസ്ഥയായതിനാല്‍ പരസ്പര സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് മിക്ക മലയാളി കുടുംബങ്ങളും. അവര്‍ക്ക് ആതിഥ്യമരുളാന്‍ വര്‍ണാഭമായ ഒട്ടേറെ പരിപാടികളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നാളെയാണ് ബലിപെരുന്നാള്‍.