മദ്രസ തീവയ്‌പ്‌; അറസ്‌റ്റ്‌ വൈകുന്നത്‌ ഗുരുതരമായ ക്രമസമാധാന പ്രശ്‌നത്തിന്‌ വഴിവയ്ക്കുമെന്ന് സെന്‍ട്രല്‍ കൌണ്‍സില്‍

പഴയങ്ങാടി :ഓണപ്പറമ്പ മദ്രസ തീവച്ച്‌ നശിപ്പിച്ച സംഭവം പൈശാചികവും അതിക്രൂരവുമാണെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രസിഡന്റ്‌ സി.കെ.എം. സ്വാദിഖ്‌ മുസല്യാര്‍. വിശുദ്ധ ഖുര്‍ആനും അമൂല്യഗ്രന്ഥങ്ങളും മദ്രസാ രേഖകളും നശിപ്പിച്ച കുറ്റവാളികളെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നും അറസ്‌റ്റ്‌ വൈകുന്നത്‌ ഗുരുതരമായ ക്രമസമാധാന പ്രശ്‌നത്തിന്‌ വഴിവയ്ക്കുമെന്നും നേതാക്കൾ പറഞ്ഞു. 
സംഭവസ്‌ഥലം സംസ്‌ഥാന നേതൃസംഘം സന്ദര്‍ശിച്ചു. ലോക പണ്ഡിത സഭാംഗം ഡോ. മുഹമ്മദ്‌ നദ്‌വി കൂരിയാട്‌, മദ്രസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കോട്ടപ്പുറം അബ്‌ദുല്ല, സമസ്‌ത മാനേജര്‍ എം.എ. ചേളാരി, സമസ്‌ത ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹമ്മദ്‌ മൌലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു
സന്ദര്‍ശനം.മാണിയൂര്‍ അബ്‌ദു റഹിമാന്‍ ഫൈസി, അബ്‌ദു സമദ്‌ മുട്ടം, അബ്‌ദുല്‍ ഷുക്കൂര്‍ ഫൈസി, അബ്‌ദുല്‍ ലത്തീഫ്‌ ഫൈസി പറമ്പായി, മുഹമ്മദ്‌ ബ്‌നു ആദം, സി. മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ. സ്വലാഹുദ്ദീന്‍, കെ. അബ്‌ദുല്ല ഹാജി, പി.പി. മഹമൂദ്‌ ഹാജി, അഫ്‌സല്‍ രാമന്തളി, മുസ്‌തഫ കൊട്ടില എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥരുമായി സംഘം ചര്‍ച്ച നടത്തി.