ഹജ്ജ്; കല്ലേറ് പൂര്‍ത്തിയാക്കി മിനയില്‍നിന്നും മടക്കയാത്ര തുടങ്ങി

മക്ക: ഹജ്ജ് നിര്‍വഹിച്ചതിന്റെ നിറപുണ്യം നിനവുകളിലേക്ക് കൊളുത്തിയെടുത്ത് ഓരോ തീര്‍ഥാടകനും നവജാതശിശുവിന്റെ നൈര്‍മല്യത്തോടെ മിനയില്‍നിന്നും മടക്കയാത്ര തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പകുതിയിലേറെ തീര്‍ഥാടകര്‍ മിനയോട് വിടപറഞ്ഞു. അവശേഷിക്കുന്നവര്‍ ഇന്നലെയും മിനയില്‍ താമസിച്ച് ഇന്നത്തെ കല്ലേറ് കര്‍മം നിര്‍വഹിച്ച് മിനയില്‍നിന്ന് മടങ്ങും. സാധാരണ ബഹുഭൂരിഭാഗം ഹാജിമാരും ദുല്‍ഹജ്ജ് 12ന് മിന വിടാറുണ്ടെങ്കിലും ഇത്തവണ പകുതിയോളം തീര്‍ഥാടകര്‍ ദുല്‍ഹിജ്ജ 12നു കൂടി മിനയില്‍ താമസിച്ച് 13ന് മടങ്ങണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
ഹറം വികസന പ്രവര്‍ത്തനം നടന്നുവരുന്നതിനാല്‍ അവസാന ദിവസം വിദാഇന്റെ ത്വവാഫിന് എത്തുന്നവരുടെ തിരക്ക് ഒഴിവാക്കാന്‍ അന്‍പതു ശതമാനം ഹാജിമാര്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസമായ ഇന്ന് മിന വിടാന്‍ പാടുള്ളൂവെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഇതനുസരിച്ച് ഇന്നലെ മിനയില്‍ താമസിച്ചവര്‍ ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിന വിടും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയാവും.
ഇന്നലെ ളുഹ്ര്‍ നിസ്‌കാര ശേഷം ജംറകളില്‍ കല്ലെറിഞ്ഞ് സൂര്യാസ്തമയത്തിന് മുമ്പായി മിന വിടുന്നതാണ് ഉത്തമമെങ്കിലും രാവിലെ മുതല്‍ കല്ലേറ് പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിന വിട്ടുതുടങ്ങിയിരുന്നു. ജംറകളിലേക്കുള്ള നാനാവഴികളും ട്രെയിനുകളും ഹാജിമാരെകൊണ്ട് രാവിലെമുതല്‍തന്നെ വീര്‍പ്പുമുട്ടി. ഉച്ച കഴിഞ്ഞതോടെ ഇത് അണമുറിയാത്ത
പ്രവാഹമായി. കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ ജംറയില്‍നിന്നും നേരെ കാല്‍നടയായിട്ടായിരുന്നു മക്കയിലേക്ക് നീങ്ങിയത്. വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ മണിക്കൂറുകളെടുത്താണ് വിടവാങ്ങള്‍ ത്വവാഫ് നിര്‍വഹിക്കാന്‍ മസ്ജിദുല്‍ ഹറാമില്‍ എത്തിയത്. വിടവാങ്ങല്‍ ത്വവാഫിന് എത്തിയവരില്‍ അധികപേരും ഇന്നലെ മുതല്‍ തന്നെ അവരവരുടെ നാടുകളിലേക്ക് തിരിച്ചു. ഇന്ത്യയിലേക്കുള്ള ആദ്യഹജ്ജ് വിമാനം 20നാണ്. മദീനയില്‍നിന്ന് ഗുവാഹത്തിയിലേക്കാണ് ആദ്യവിമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചുമതലയുള്ള മലയാളി ഹാജിമാരുടെ മടക്കം മദീനയില്‍ നിന്നായിരിക്കും.
ഒരാഴ്ചത്തെ മദീന സന്ദര്‍ശനത്തിന് ശേഷമായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള യാത്ര.
അനധികൃത തീര്‍ഥാടനത്തിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയ സഊദി ഭരണകൂടത്തിന്റെ നടപടിയും വിദേശ-ആഭ്യന്തര ഹാജിമാരുടെ ക്വാട്ട കുറച്ചതും ജനത്തിരക്ക് കുറക്കാനും എത്തിയവര്‍ക്ക് പ്രയാസരഹിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അവസരമായി. മൂന്നു ജംറകളിലേക്കാണ് മിനിഞ്ഞാന്നത്തേതുപോലെ ഇന്നലെയും കല്ലേറ് കര്‍മം നടത്തിയത്. ജംറത്തുല്‍ അഖ്ബ, ജംറത്തുല്‍ വുസ്ഥ, ജംറത്തുല്‍ ഊലാ എന്നീ ജംറകളില്‍ ഏഴുവീതം കല്ലുകളാണ് എറിഞ്ഞത്. മിനയില്‍ അവശേഷിക്കുന്നവര്‍ ഇന്നും ഈ കര്‍മം ആവര്‍ത്തിക്കും. ജംറ സമുച്ചയത്തില്‍ മണിക്കൂറില്‍ അഞ്ചു ലക്ഷം പേര്‍ക്കു വരെ കല്ലെറിയാനായി. ജംറ പാലങ്ങളുടെ ശാസ്ത്രീയനിര്‍മാണവും വണ്‍വേ സംവിധാനവും അതീവസുരക്ഷാ ക്രമീകരണങ്ങളുമെല്ലാം കല്ലേറ് കര്‍മം എളുപ്പമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ജംറകള്‍ക്കടുത്തെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞു.
ജംറയിലേക്കുള്ള തുരങ്കങ്ങളില്‍ സ്ഥാപിച്ച ചലിക്കുംപാതകളും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. സ്ത്രീകളും പ്രായമായവരും രോഗികളും മുഐസിമില്‍നിന്നും ശഅ്ബിയയില്‍നിന്നും ഈ പാതയില്‍ സഞ്ചരിച്ചാണ് കല്ലേറ് കര്‍മത്തിനെത്തിയത്. ഇക്കൊല്ലം ആദ്യമായാണ് പുണ്യസ്ഥലങ്ങളില്‍ ചലിക്കുംപാതകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരില്‍ അസീസിയയില്‍ താമസിക്കുന്നവര്‍ ഇന്നലെ രാത്രി തന്നെ അസീസിയയില്‍ എത്തിച്ചേര്‍ന്നു. ജിദ്ദയിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം നടത്തി മദീനയില്‍നിന്നും, മദീനയിലെത്തിയ ഹാജിമാര്‍ മക്കയില്‍നിന്ന് ജിദ്ദയിലെത്തിയുമായിരിക്കും നാട്ടിലേക്ക് മടങ്ങുക. മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാംഘട്ട മദീന തീര്‍ഥാടനം 20ന് തുടങ്ങും. ഇന്ത്യന്‍ ഹാജിമാര്‍ക്ക് വളരെ സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു.
1200 കെ.എം.സി.സി വളണ്ടിയര്‍മാരുടെയും ജിദ്ദ മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകളുടെ നൂറുകണക്കിന് വളണ്ടിയര്‍മാരുടെയും ജിദ്ദ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇരുനൂറോളം വിദ്യാര്‍ഥികളുടെയും സേവനം ഹാജിമാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നുവെന്ന് ഹജ്ജ് മിഷന്‍ അധികൃധര്‍ പറഞ്ഞു.
ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങിയ ശേഷം 41 പേരെ കാണാതായി. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ അഞ്ചു പേര്‍ മരിച്ചു. ഹജ്ജ് സൗഹൃദ സംഘം തലവനായി എത്തിയ മന്ത്രി ഗുലാംനബി ആസാദും ഹജ്ജ് മിഷന്‍ അധികൃതരും മിനയിലെ ഹാജിമാരുടെ ടെന്റുകള്‍ സന്ദര്‍ശിച്ച് ക്ഷേമങ്ങള്‍ വിലയിരുത്തി. നിയമവിരുദ്ധമായി തീര്‍ഥാടനത്തിനെത്തിയ ഏതാനും ഇന്ത്യക്കാരെ സഊദി അധികൃതര്‍ പിടികൂടിയിട്ടുണ്ടെന്ന് സഊദിയിലേക്കുള്ള പ്രവേശനിരോധനമുള്‍പ്പെടെയുള്ള ശിക്ഷാവിധികള്‍ ഇവര്‍ക്ക് നേരിടേണ്ടിവരുമെന്നും ഹജ്ജ് മിഷന്‍ വെളിപ്പെടുത്തി.
ഈ വര്‍ഷം ഹജ്ജ് പൊതുവെ സമാധാനപരമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ ചൂട് അനുഭവപ്പെട്ടതൊഴിച്ചാല്‍ കാര്യമായ പ്രയാസങ്ങളൊന്നും ഹാജിമാര്‍ക്കുണ്ടായില്ല. കാര്യമായ തിക്കും തിരക്കും അനുഭവപ്പെട്ടില്ല. ട്രെയിന്‍ ബസ് ഗതാഗത സര്‍വീസ് മുന്‍വര്‍ഷങ്ങളേക്കാള്‍ കാര്യക്ഷമമായിരുന്നു. മശാഇര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരിശോധകസംഘത്തെ നിര്‍ത്തിയിരുന്നു. യാത്രക്ക് മുമ്പ് പരിശോധകസംഘത്തെ കൈഉയര്‍ത്തി വള രൂപത്തിലുള്ള ടിക്കറ്റ് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു സ്റ്റേഷനുകളിലേക്ക് കടത്തിവിട്ടിരുന്നത്. ഇതുമൂലം മുന്‍ വര്‍ഷത്തേതുപോലുള്ള യാത്രാദുരിതം ഒഴിവായി.- എം.വി.എ അബൂശുഐബ്