ത്യാഗ സ്മരണയുടെ വസന്തമായ ബലിപെരുന്നാള്‍ അത്യാഗ്രഹങ്ങളുടെ കരിമ്പടക്കെട്ടുകളിറക്കിവെച്ച് ആത്മാവ് സ്വപ്നസഫലീകരണത്തിന്റെ പടികയറുമ്പോള്‍ പെയ്തിറങ്ങുന്ന നിര്‍വൃതിയില്‍ ഹാജിമാര്‍ അലിഞ്ഞ് ചേരാനൊരുങ്ങുകയാണ്. മാനവ മാതൃകയായ ഇബ്രാഹീം നബി(അ)ന്റെ അര്‍പ്പണസന്നദ്ധതയുടെ ദീപ്ത സ്മരണയില്‍ മാലോകര്‍ വെളിച്ചം കൊള്ളാന്‍ തയ്യാറായി നില്ക്കുന്നു. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്ന നംറൂദിന്റെ തീച്ചൂടിനെ തണുപ്പാക്കി മാറ്റുകയും വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ അല്ലാഹുവിനു വേണ്ടി ബലിയറുക്കുകയും ചെയ്ത ഇബ്‌റാഹിം നബി (അ)യുടെ ഓര്‍മകളില്‍ സജീവമാകുന്ന പെരുന്നാള്‍ ദിനത്തിന്റെ യഥാര്‍ഥ സുഖം, അനുഭവിച്ച് രുചിച്ചറിയേണ്ട ഒരു വികാരം തന്നെയാണ്.
പെരുന്നാള്‍ ദിനത്തിന്റെ ഓര്‍മച്ചെപ്പില്‍ ചരിത്രത്തിന്റെ രാജവീഥിയിലെ അവിസ്മരണീയ ചില അടയാളപ്പെടുത്തലുകളുണ്ട്. പൗരാണിക മക്കയും അറഫയും മിനായും ജബലുന്നൂറും ജബലുറഹ്മയും സഫാമര്‍വാ കുന്നുകളും സംസവും ഇബ്‌റാഹീം മഖാമും ഹിജ്‌റ് ഇസ്മാഈലും…..
ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും സഹോദരലക്ഷങ്ങള്‍ ആ പുണ്യകേന്ദ്രങ്ങളിലേക്ക് ഒരു പ്രവാഹമായി എത്തിച്ചേരുന്നു. നംറൂദിന്റെ തീകുണ്ഡാരത്തിലെ ആളിപ്പടരുന്ന ജ്വാലകള്‍ക്ക് കുളിര് നല്‍കിയ മഹാനുഭാവന്‍. ശൂന്യമായ മണല്‍കാട്ടില്‍ പ്രിയതമയേയും പൊന്നോമന പുത്രനേയും ദൈവാജ്ഞപ്രകാരം ഇട്ടേച്ച്‌പോന്ന മനസ്സിന്റെ ഉടമ. ലോകാന്ത്യം വരെയുള്ള ജനതയെ കഅ്ബ മന്ദിരത്തിലേക്ക് വിളിച്ച അനശ്വര വിളിനാദത്തിന്റെ ഉടമയായ ഇബ്‌റാഹീം(അ). ആ പുണ്യ പുരുഷന്റെ ജീവിതസ്മരണകളാണ് ബലിപെരുന്നാള്‍. വാചകാനുസ്മരണകളല്ല, പ്രയോഗവല്‍കരണമാണ് ഈ സുദിനം ആവശ്യപ്പെടുന്നത്.
ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും സഹോദരലക്ഷങ്ങള്‍ ആ പുണ്യകേന്ദ്രങ്ങളിലേക്ക് ഒരു പ്രവാഹമായി എത്തിച്ചേരുന്നു. നംറൂദിന്റെ തീകുണ്ഡാരത്തിലെ ആളിപ്പടരുന്ന ജ്വാലകള്‍ക്ക് കുളിര് നല്‍കിയ മഹാനുഭാവന്‍. ശൂന്യമായ മണല്‍കാട്ടില്‍ പ്രിയതമയേയും പൊന്നോമന പുത്രനേയും ദൈവാജ്ഞപ്രകാരം ഇട്ടേച്ച്‌പോന്ന മനസ്സിന്റെ ഉടമ. ലോകാന്ത്യം വരെയുള്ള ജനതയെ കഅ്ബ മന്ദിരത്തിലേക്ക് വിളിച്ച അനശ്വര വിളിനാദത്തിന്റെ ഉടമയായ ഇബ്‌റാഹീം(അ). ആ പുണ്യ പുരുഷന്റെ ജീവിതസ്മരണകളാണ് ബലിപെരുന്നാള്‍. വാചകാനുസ്മരണകളല്ല, പ്രയോഗവല്‍കരണമാണ് ഈ സുദിനം ആവശ്യപ്പെടുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ ഒമ്പത് ദിനങ്ങള്‍
പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദുല്‍ഹിജ്ജയില്‍ പവിത്രമായ ആദ്യ പത്തിലെ ഒന്നു മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. മുന്‍ വര്‍ഷത്തേയും വരും വര്‍ഷത്തേയും പാപങ്ങള്‍ പൊറുക്കാന്‍ പര്യാപ്തമാകുന്നത് കൊണ്ടാണ് അവയില്‍ ഒമ്പതാമത്തെ (അറഫാദിനം) നോമ്പ് ഏറ്റവും ശ്രേഷ്ഠമാകുന്നത്. സുന്നത്ത് നോമ്പുകളോട് കൂടെ നഷ്ടപ്പെട്ട ഫര്‍ള് നോമ്പ് ഖളാഅ് വീട്ടാന്‍ കരുതുന്നതിലൂടെ രണ്ടും സ്വഹീഹാകുന്നതാണ്.
തക്ബീര്‍
പെരുന്നാള്‍ സമാഗതമാവുന്നതിലൂടെ തക്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമായ അന്തരീക്ഷത്തെ നാം വരവേല്‍ക്കുന്നു. അറഫാദിനത്തില്‍ സുബ്ഹിയില്‍ തുടങ്ങി അയ്യാമുത്തശ്‌രീഖിന്റെ അസ്‌റ് വരെ എല്ലാനിസ്‌കാര ശേഷവും സലാം വീട്ടിയ ഉടനെ മറ്റു ദിക്‌റുകള്‍ക്കു മുമ്പായി തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നിസ്‌കാരത്തിലെ സാധാരണ ദിക്‌റ്-ദുആകള്‍ക്ക് ശേഷം ചൊല്ലിയാലും സുന്നത്ത് ലഭിക്കും. പെരുന്നാള്‍ രാവിന്റെ മഗ്‌രിബ് മുതല്‍ പെരുന്നാള്‍ നിസ്‌കാരം വരെ നിശ്ചിത സമയമില്ലാതെ എല്ലായ്‌പ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. വീടുകള്‍, വഴികള്‍, അങ്ങാടികള്‍, പള്ളികള്‍ എന്നിവിടങ്ങളിലെല്ലാം അത്യുച്ചത്തില്‍ തക്ബീര്‍ ചൊല്ലല്‍ പ്രത്യകം സുന്നത്താണ്. മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉണ്ടാവുന്ന ഈ തക്ബീര്‍ ധ്വനികളാണ് മനസില്‍ പെരുന്നാളിന്റെ കുളിര് കോരിയിടുന്നത്.
പെരുന്നാള്‍ നിസ്‌കാരം
പെരുന്നാള്‍ നിസ്‌കാരം ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്‌കാരങ്ങളിലൊന്നാണ്. സൂര്യന്‍ ഉദിച്ചതു മുതല്‍ മധ്യത്തില്‍ നിന്നും നീങ്ങും വരെയാണ് അതിന്റെ സമയം. സൂര്യന്‍ ഒരു കുന്തത്തിന്റെ അളവോളം ഉയരുന്നത് വരെ (ഏഴുമുഴം) പിന്തിപ്പിക്കലും സുന്നത്താണ്. വലിയ പെരുന്നാള്‍ നിസ്‌കാരം രണ്ട് റക്അത്ത് അല്ലാഹുവിന് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഇമാമോടു കൂടി ഞാന്‍ നിസ്‌കരിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. പിന്നീട് തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുക, ശേഷം വജ്ജഹ്തു ഓതി അഊദു ഓതുന്നതിനു മുമ്പായി ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലുക. തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍ എന്ന് ചൊല്ലലും സുന്നത്താണ്. ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം ഖാഫ്, അഅ്‌ല എന്നീ സൂറത്തുകളില്‍ ഏതെങ്കിലും ഒന്നും രണ്ടാം റക്അത്തില്‍ ഇഖ്തറബത്ത്, ഗാശിയ എന്നിവയില്‍ എതെങ്കിലും ഒരു സൂറത്തും ഓതല്‍ സുന്നത്തുണ്ട്. സാധാരണ നിസ്‌കാരം പോലെ നിയ്യത്തോടുകൂടെ രണ്ട് റക്അത്ത് നിസ്‌കരിച്ചാലും സുന്നത്ത് ലഭിക്കും. ജമാഅത്തായി നിസ്‌കരിക്കുന്ന പുരുഷന്മാര്‍ക്ക് നിസ്‌കാരത്തിന് ശേഷം രണ്ട് ഖുതുബ സുന്നത്തുണ്ട്. എന്നാല്‍ ഒറ്റക്ക് നിസ്‌കരിക്കുന്നയാള്‍ക്കും സ്ത്രീകള്‍ക്കും അത് സുന്നത്തില്ല. ളുഹ്‌റിന് മുമ്പ് നിസ്‌കരിക്കാന്‍ സൗകര്യപ്പെട്ടില്ലെങ്കില്‍ അത് ഖളാഅ് വീട്ടല്‍ സുന്നത്താണ്. ഫിത്‌റ് സകാത്തിന്റെ സൗകര്യത്തിന് വേണ്ടി ചെറിയപെരുന്നാള്‍ നിസ്‌കാരം അല്‍പം പിന്തിപ്പിക്കലും ഉള്ഹിയ്യത്തിന്റെ സൗകര്യത്തിന് വേണ്ടി വലിയപെരുന്നാള്‍ നിസ്‌കാരം ആദ്യസമയത്ത് തന്നെ വേഗം നിര്‍വഹിക്കലും സുന്നത്താണ്. ചെറിയപെരുന്നാളിന് ലഘുവായി എന്തെങ്കിലും കഴിച്ചും വലിയപെരുന്നാളിന് ഒന്നും ഭക്ഷിക്കാതെയുമാണ് നിസ്‌കാരത്തിന് പുറപ്പെടേണ്ടത്. കുളിക്കുക, സുഗന്ധം പൂശുക, ഭംഗിയുള്ള പുതുവസ്ത്രം ധരിക്കുക, ഒരു വഴിയിലൂടെ നിസ്‌കാരത്തിന് പുറപ്പെടുകയും മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുക, ശാന്തമായി നടക്കുക തുടങ്ങിയവ പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം സുന്നത്തുള്ള കാര്യങ്ങളാണ്. ഇന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും ശ്രേഷ്ഠമായ പെരുന്നാള്‍ നിസ്‌കാരത്തെ വേണ്ടവിധം പരിഗണിക്കുന്നില്ല. അതെല്ലാം പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണ് എന്നാണ് നമ്മില്‍ പലരുടെയും ധാരണ. പുരുഷന്മാര്‍ കഴിവിന്റെ പരമാവധി സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമൊരുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാളെയുടെ വിജയത്തിന് മുതല്‍കൂട്ടാകുന്ന ഇത്തരം സുവര്‍ണ്ണാവസരങ്ങള്‍ ഉപയോഗപ്പെടുത്തി നല്ലൊരാത്മീയാന്തരീക്ഷം സൃഷ്ടിക്കാന്‍ നാം സദാ ജാഗരൂഗരാകണം.
ഉള്ഹിയ്യത്ത്
ഒരായുഷ്‌കാലത്തിന്റെ പ്രാര്‍ത്ഥനക്ക് ശേഷം അല്ലാഹു കനിഞ്ഞേകിയ അരുമസന്താനത്തെ ദൈവമാര്‍ഗത്തില്‍ ബലിനല്‍കാന്‍ ഇബ്‌റാഹിം നബി (അ) സന്നദ്ധനായതിനെ സ്മരിച്ചു കൊണ്ടാണ് ലോക മുസ്‌ലിംകള്‍ ഉളുഹിയ്യത്ത് കര്‍മം നടത്തുന്നത്. ബലിപെരുന്നാള്‍ ദിനത്തിലെ ഏറ്റവും പ്രതിഫലാര്‍ഹമായ കര്‍മ്മം ഉള്ഹിയ്യതാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഉള്ഹിയ്യത്തിന്റെ രക്തം ഭൂമിയില്‍ പതിക്കും മുമ്പേ അത് സ്വീകരിക്കപ്പെടുമെന്നും ആ മൃഗത്തിന്റെ ഓരോ അവയവങ്ങള്‍ക്കും പകരമായി പ്രതിഫലം നല്‍കപ്പെടുമെന്നും സ്വിറാത്ത് പാലത്തിലൂടെ സ്വര്‍ഗപ്രവേശനത്തിന് അതൊരു വാഹനമായി പ്രത്യക്ഷപ്പെടുമെന്നും ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
തനിക്കും കുടുംബത്തിനുമുള്ള ഭക്ഷണം, വീട്, വസ്ത്രം എന്നീ ആവശ്യങ്ങള്‍ കഴിച്ച്, ഉള്ഹിയ്യത്തറുക്കുവാന്‍ സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്‌ലിമിനും ഈ പുണ്യ ബലികര്‍മ്മം സുന്നത്താണ്. (പോത്ത്, പശു, എരുമ, മൂരി) തുടങ്ങിയ മാട് മൃഗങ്ങളെ ഏഴുപേര്‍ പങ്കിട്ടെങ്കിലും ബലികര്‍മ്മം നടത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഒറ്റക്ക് കഴിവുള്ളവര്‍ ഒരാടിനെയെങ്കിലും ബലികഴിച്ച് നരകത്തിന്റെ മീതെ തലനാരിനേക്കാളും നേര്‍ത്ത സ്വിറാത്ത് പാലം കടക്കാന്‍ കരുതല്‍ വെക്കുക. പെരുന്നാള്‍ പ്രഭാതത്തിന്റെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം, രണ്ട് ഖുതുബ എന്നിവക്കുള്ള സമയം കഴിഞ്ഞത് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ സൂര്യനസ്തമിക്കും വരെയാണ് ഉള്ഹിയ്യത്തിന്റെ സമയം. രാത്രി അറവ് നടത്തല്‍ കറാഹത്താണ്. ബലിയറുത്ത നാട്ടിലെ മുസ്‌ലിമിനാണ് അത് വിതരണം ചെയ്യേണ്ടത്. അമുസ്‌ലിമിന് വിതരണം ചെയ്യലും, അന്യ നാട്ടിലേക്ക് കൊടുത്തയക്കലും, മാംസം സ്വീകരിച്ചവന്‍ അമുസ്‌ലിം സുഹൃത്തിനെ തീറ്റിപ്പിക്കലും ഹറാമാണ്. ഉള്ഹിയ്യത്ത് അറുക്കുവാന്‍ ഉദ്ദേശിക്കുന്നയാള്‍ ദുല്‍ഹജ്ജ് ഒന്ന് മുതല്‍ മുടി, നഖം, പല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍ സുന്നത്താണ്. ഉളുഹിയ്യത്ത് നടത്തിയതിന്റെ പുണ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ലഭ്യമാകാന്‍ വേണ്ടിയാണത്. ബലികര്‍മ്മം അര്‍പ്പണബോധത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിലെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആവിഷ്‌കാരത്തിന് പ്രചോദനമാണ് അത്. അത് സമാധാന പൂര്‍ണമായ ജീവിതത്തിന്റെ ചാലകശക്തിയാണ്.
മൈലാഞ്ചി
ആഘോഷവേളകള്‍ വര്‍ണ്ണാഭമാക്കുവാന്‍ സമൂഹം വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കാറുണ്ട്. പെരുന്നാള്‍ ദിവസം പലരും പതിവാക്കുന്ന കാര്യമാണ് മൈലാഞ്ചിയിടല്‍. അത് സംബന്ധമായ ചില വിധിവിലക്കുകള്‍ ഈ അവസരത്തില്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും. വിവാഹിതരായ സ്ത്രീകള്‍ പെരുന്നാള്‍ ദിവസം മൈലാഞ്ചിയണിയുന്നതിനെ ഇസ്‌ലാം നിരോധിച്ചിട്ടില്ല. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ മൈലാഞ്ചിയണിയല്‍ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. അവിവാഹിതരായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയണിയല്‍ കറാഹത്താണ്. ചികിത്സ പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ പുരുഷന്‍മാര്‍ മൈലാഞ്ചിയണിയല്‍ ഹറാമാണ്. നര കറുപ്പിക്കല്‍ കഠിനമായ ഹറാമാണ്, എന്നാല്‍ മൈലാഞ്ചിയണിഞ്ഞ് മുടിയുടെ നിറം മാറ്റല്‍ സുന്നത്താണെന്നാണ് കര്‍മ്മശാസ്ത്ര പക്ഷം. ഹജ്ജ് ത്യാഗ സ്മരണകളുടെ അകമ്പടിയില്‍ സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയില്‍ പുളകം കൊള്ളുന്ന കര്‍മമാണ് ഹജജ്. നിരവധി തത്വങ്ങള്‍ അന്തര്‍ലീനമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്ന്. ഒരാഗോള മുസ്‌ലിം സംഗമത്തിന്റെ മംഗളകരമായ മുഹൂര്‍ത്തം. പിറന്ന് വീണ കുഞ്ഞിന്റെ നിഷ്‌കളങ്ക പരിശുദ്ധിയുടെ വസന്തം പോല്‍ ഹൃദയത്തെ സ്ഫുടം ചെയ്‌തെടുക്കുന്ന വികാരവിചാരങ്ങളുടെ വര്‍ഷപ്പെയ്ത്ത്. പ്രയാസങ്ങളുടെ കയ്പുനീര്‍ കടിച്ചിറക്കി പ്രതിസന്ധികള്‍ ശീതളഛായയാക്കി മക്കയിലേക്കും അവിടെ നിന്ന് അറഫയിലേക്കും പിന്നെ മുസ്ദലിഫയിലേക്കും അവിടെ നിന്ന് മിനായിലേക്കും ഒരു പ്രയാണം. മാനവികതക്ക് വേണ്ടി സാഹോദര്യത്തിന്റെ പടപ്പാട്ട് പാടുന്ന ജനലക്ഷങ്ങളുടെ ത്വവാഫ്. ആ സമര്‍പ്പണ സന്നദ്ധതക്ക് അല്ലാഹുവിന്റെ സ്വര്‍ഗവാഗ്ദാനം. പ്രിയതമയേയും സന്താനങ്ങളേയും ഉപേക്ഷിക്കുന്നത് ഹിജ്‌റയുടെ പ്രതീതി. ഓരോ കണ്ണീര്‍തുള്ളികളിലും പശ്ചാത്താപത്തിന്റെ ഒരായിരം കടലിരമ്പല്‍. അതൊരു ദൈവിക സ്പര്‍ശനത്തിന്റെ അനുരണനമാണ്.
ആഭാസമല്ല ആഘോഷം
ആര്‍ഭാടങ്ങളും ആഭാസങ്ങളുമില്ലാത്ത ആഘോഷം പ്രോത്സാഹിപ്പിക്കുകയും നന്മയെ അതിലംഘിക്കുന്ന ആഹ്‌ളാദ പ്രകടനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. ത്യാഗ സ്മരണകളുണര്‍ത്തുന്ന ബലിപെരുന്നാളിന്റെ സന്ദേശവും അത് തന്നെ. കുടുംബബന്ധങ്ങളുടെ ഭദ്രത ഊട്ടിയുറപ്പിക്കാനും വേരറ്റു പോകാനടുക്കുന്ന സൗഹൃദബന്ധങ്ങള്‍ക്ക് പുതുജീവന്‍ പകരുവാനുമാണ് നാം പെരുന്നാള്‍ വേളകള്‍ ഉപയോഗപ്പെടുത്തേണ്ടത്. വിരുന്നിനു പോകലും കൂട്ടുകാരോടൊത്ത് സിയാറത്ത്, ടൂര്‍ എന്നിവ സംഘടിപ്പിക്കലുമൊക്കെ അതിന്റെ ഭാഗമാണ്. എന്നാല്‍ കള്ളു കുടിക്കാനും സിനിമക്ക് പോകാനും പെരുന്നാള്‍ ദിനം തന്നെ തിരഞ്ഞെടുക്കുന്നത് ഖേദകരമാണ്. പെരുന്നാള്‍ ദിവസം നാം വയറുനിറയെ ഭക്ഷണം കഴിക്കുകയും ബാക്കി വന്നത് ഓടയിലെറിയുകയും ചെയ്യുമ്പോള്‍ നമ്മുടെ ചുറ്റുവട്ടത്ത് കടം വാങ്ങി പെരുന്നാള്‍ കഴിക്കുന്ന എത്ര പേരുണ്ട് എന്ന് നാം അന്വേഷിക്കാതെ പോകുന്നുവെങ്കില്‍, ആ പെരുന്നാള്‍ അര്‍ത്ഥശൂന്യമാണ്. പാശ്ചാത്യകപടതയുടെ കരിമ്പടക്കെട്ടുകളിലകപ്പെട്ട് സുഖാഢംബരങ്ങളുടെ പറുദീസയില്‍ സ്വതന്ത്രമായി വിഹരിക്കുന്ന ആധുനിക മുസല്‍മാന്‍ ഇബ്രാഹീം(അ)ന്റെയും ഇസ്മാഈല്‍ (അ)ന്റെയും ആത്മസമര്‍പ്പണ ചരിത്രത്തിന്റെ കനല്‍പതിഞ്ഞ പാതയോരങ്ങളിലൂടെ ആത്മാന്വേഷണം നടത്തേണ്ടതുണ്ട്. അവിടെ വിണ്ടു കീറിയ ഹൃദയങ്ങള്‍ക്ക് ദാഹശമനമുണ്ട്. നീണ്ട ജീവിതസഞ്ചാരത്തിന്റെ അനുസ്യൂതതയിലെ ഇടത്താവളമായ ജീവിതത്തിന് ആശ്വാസമുണ്ട്. ഭൂകമ്പങ്ങളും കലാപങ്ങളും പട്ടിണി മരണങ്ങളും ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്ന കാലമാണിത്. ലോകത്ത് ഇന്ന് ജീവിക്കുന്ന എട്ടു പേരിലൊരാള്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുണ്ട്. തലമുറകളോളം അനുഭവിക്കാനുള്ള സ്വത്തും ആഹാരവും ഉണ്ടായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പട്ടിണിയിലായ സമ്പന്നര്‍ വേറെയും..! അതിനാല്‍ പെരുന്നാള്‍ ദിനമാണെങ്കില്‍ പോലും വയറുനിറച്ചുണ്ണുന്നതിന് മുമ്പ് അയല്‍വാസിയുടെ കണ്ണുനീരിന്റെ ചൂടറിയുക. അവനു വേണ്ടത് പങ്കുവെക്കുക. രോഗിയുടെ ഹൃദയത്തിന്റെ തുടിപ്പറിയുക. അല്ലാഹുവിന്റെ അനുഗ്രത്തിന്റെ ആഴമറിയുക. ആ ആത്മനിര്‍വൃതിയുടെ തെളിനീര്‍ കയങ്ങളില്‍ നമുക്ക് ധന്യരാകാം. നാഥന്‍ തൗഫീഖ് നല്‍കട്ടെ….ആമീന്‍.
തയ്യാറാക്കിയത്. റശീദ് ഹുദവി ഏലംകുളം (For More Articles Pls Visit: www. islamonweb.com)