കല്ലെറിയല്‍ കര്‍മം |
മക്ക: മനംനിറഞ്ഞ പുണ്യവുമായി ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മം നടത്തി. ബിസ്മില്ലാഹി അല്ലാഹു അക്ബര്‍... (അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ അത്യുന്നതനാണ്...) ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ പ്രാര്‍ഥനകള്‍ ജംറയില്‍ അലയടിച്ചു. പിശാചിന്റെ പ്രതീകമായ സ്തൂപത്തില്‍ കല്ലെറിഞ്ഞ് തീര്‍ഥാടകര്‍ തിന്മക്കുമേല്‍ നന്മയുടെ വിജയത്തിന്റെ സ്മരണ പുതുക്കി.
ജംറത്തുല്‍ അഖ്ബ, ജംറത്തുല്‍ ഊലാ, ജംറത്തുല്‍ വുസ്ഥാ എന്നീ മൂന്നു സ്തൂപങ്ങളില്‍ ആദ്യത്തേതിലായിരുന്നു ഇന്നലെ കല്ലെറിയല്‍ കര്‍മം.ഇനിയുള്ള ദിവസങ്ങളില്‍ മൂന്നു സ്തൂപങ്ങള്‍ക്ക് നേരെയും കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കും. കല്ലെറിയല്‍ കര്‍മത്തിനു ശേഷം പെരുന്നാള്‍ നിസ്‌കാരത്തിനും ത്വവാഫുല്‍ ഇഫാളക്കുമായി തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിലെത്തി. സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.