മദ്‌റസക്കും ലൈബ്രറിക്കും തീകൊളുത്തിയ അക്രമികളെ ഉടന്‍ പിടികൂടണം : SKSSF

കോഴിക്കോട് : പ്രാസ്ഥാനിക രംഗത്ത് കടുത്ത പ്രതിസന്ധി നേരിടുന്ന കാന്തപുരം വിഭാഗം അക്രമങ്ങള്‍ക്കും തീവെപ്പിനും നേതൃത്വം നല്‍കി തങ്ങളുടെ തീവ്രവാദ മുഖം വ്യക്തമാക്കിയിരിക്കുകയാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡണ്ട് സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഓണപ്പറമ്പില്‍ മദ്‌റസക്കും അതിന്റെ ലൈബ്രറിക്കും തീകൊളുത്തിയ അക്രമികളെ ഉടന്‍ പിടികൂടണം. ഇതില്‍ പോലീസ് നിസ്സംഗത തുടര്‍ന്നാല്‍ സംഘടന ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പാറാട് ബോംബുനിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ എത്തിച്ചുകൊടുത്തത് എസ്.എസ്.എഫ് പ്രവര്‍ത്തകനാണെന്ന് വ്യക്തമായിരിക്കെ ഈ വിഷയത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ കാന്തപുരം വിഭാഗം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നിസാര സംഭവങ്ങളുടെ പേരില്‍പോലും മാധ്യമങ്ങളില്‍ ചാടി വീഴുന്ന ബി.ജെ.പി നേതാക്കള്‍ കാന്തപുരത്തിന്റെ നേതൃത്വത്തലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ മൗനം പാലിക്കുന്നത് കാന്തപുരം - മോഡി ബന്ധം തടസ്സമായതുകൊണ്ടാണോയെന്ന് വ്യക്തമാക്കണം.
ഏതാനും മാസങ്ങളായി സംസ്ഥാനത്തെ വിവിധ മഹല്ലുകളില്‍ കാന്തപുരം വിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് നേതൃത്വം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ അയ്യൂബ് കൂളിമാട്, അബ്ദുല്ല കുണ്ടറ, അബ്ദുസ്സലാം ദാരിമി കിണവക്കല്‍ , ഇബ്രാഹീം ഫൈസി ജെഡിയാര്‍ , റഹീം ചുഴലി, പി.എം റഫീഖ് അഹമ്മദ്, റശീദ് ഫൈസി വെള്ളായിക്കോട്, മമ്മുട്ടി മാസ്റ്റര്‍ തരുവണ, മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE