വിവാഹപ്രായം;ഫെയ്‌സ്ബുക്കിലെ മോശം പരാമര്‍ശത്തിനെതിരെ മായിന്‍ ഹാജി പരാതി നല്‍കി

കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി അപകീര്‍ത്തികരമായ പ്രയോഗം നടത്തിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി പരാതി നല്‍കി. സഊദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.മുരളീധരന്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാഹപ്രായം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെയും വ്യക്തിപരവുമായ നിലപാടുകള്‍ മായിന്‍ ഹാജി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രതികരണങ്ങളും അതിനുള്ള കമന്റുകളും വന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്ത ജയചന്ദ്രന്‍ നെരുവമ്പ്രം, അത് ഷെയര്‍ ചെയ്ത മുരളീധരന്‍ എന്നിവരുടെ നടപടി സാമുദായിക സ്പര്‍ധ വളര്‍ത്തും വിധമുള്ളതാണെന്ന് മായിന്‍ ഹാജി പരാതിയില്‍ പറയുന്നു.റിയാദ് ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി, പ്രവാസി കാര്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, സംസ്ഥാന സൈബര്‍ സെല്‍, ഡിജിപി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
വിവാഹപ്രായം; മുസ്‌ലിം 
സംഘടനകളെ ക്രൂശിക്കു
ന്നവരോട്..
(മുസ്‌ലിം പെണ്‍കുട്ടികുളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദവും ചര്‍ചയും ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെകുറിച്ച് രൂപീകൃതമായ മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിയുടെ കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായ എം.സി. മാഹിന്‍ ഹാജി നല്‍കുന്ന വിശദീകരണമാണ് ചുവടെ).
മുസ്‌ലിം സംഘടനകള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് വിവാഹ പ്രായ പരിധി നിയമത്തെ സംബന്ധിച്ച് പ്രകടിപ്പിച്ച അഭിപ്രായവും അതിനെതിരായ നിയമ നടപടിയെ സംബന്ധിച്ച് എടുത്ത തീരുമാനത്തെയും ചിലര്‍ വമ്പിച്ച വിവാദമാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലൊ. ഇതിനിടയില്‍ ശരീരം വളര്‍ന്നാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് വിടണമെന്ന് ഞാന്‍ പ്രസ്താവിച്ചതായി ഒരാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതായി കാണാനിടയായി.

സത്യമായിട്ടും ഞാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. മാത്രവുമല്ല, ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും വ്യക്തിപരമായി ഞാന്‍ നടത്തിയിട്ടില്ല. ചില ചാനലുകളുമായി നടത്തിയ ചര്‍ച്ചകളില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായം വളച്ചൊടിച്ച് എന്റെ പേരില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ ഏതോ കുബുദ്ധികള്‍ ശ്രമിച്ചതാണത്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഞാന്‍ പറഞ്ഞതിന് 18 വയസ് തികയുന്നതിന് മുമ്പ് മുസ്‌ലിം പെണ്‍കുട്ടികളെ മുഴുവന്‍ കെട്ടിച്ചയക്കണമെന്ന് അര്‍തഥമില്ല.

മുസ്‌ലിം സംഘടനകള്‍ക്കും അങ്ങിനെ അഭിപ്രായമില്ല. മറിച്ച് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍, ഉദാഹരണമായി പ്ലസ്ടു പഠിച്ച് കൊണ്ടിരിക്കുന്ന ഒരു വിദ്യര്‍ത്ഥിനി ഒരു യുവാവുമായി പ്രണയത്തിലാവുകയും അതില്‍ നിന്ന് പിന്തിരിയാനാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആ കുട്ടിയെ ആ യുവാവിന് കല്യാണം കഴിച്ച് കൊടുക്കാന്‍ നിലവിലുള്ള നിയമം മൂലം സാധിക്കില്ല. വിവാഹ പ്രായത്തിന്റെ നിയമം കാണിച്ച് കുട്ടിയോട് പിന്തിരിയാന്‍ അവശ്യപ്പെട്ടാല്‍ ആ പ്രായത്തിലുള്ള കുട്ടികള്‍ പിന്തിരിയാന്‍ തയ്യാറാവുമോ?. ആ സാഹചര്യത്തില്‍ വിവാഹം നടത്തിക്കൊടുത്താല്‍ രക്ഷിതാവും വിവാഹം കഴിച്ച വരനും രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷലഭിക്കും.

മറ്റൊരു ഉദാഹരണം: അമിതമായ വളര്‍ച്ചയുള്ള അപൂര്‍വം ചില കുട്ടികള്‍ 15 വയസാകുമ്പോഴേക്കും തന്നെ 25 വയസുകാരിയുടെ ശരീര വളര്‍ചയും പക്വതയും പ്രകടമാക്കുന്ന സംഭവങ്ങളുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക 18 വയസാകുന്നത് വരെ കാത്ത് നില്‍ക്കാന്‍ അനുവദിക്കുമോ? അതും ഒരു സാഹചര്യം. (ഇതാണ് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ എന്റെ പ്രസ്താവനയായി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്).

അത് പോലെ മറ്റൊരു സാഹചര്യം: 15-16 വയസ് പ്രായവും നല്ല ശരീര വളര്‍ചയും എത്തിയ ഒരു പെണ്‍കുട്ടിയുടെ പിതാവിന്/മാതാവിന് കാന്‍സര്‍ തുടങ്ങിയ മാരകമായ വല്ല രോഗവും ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരില്ലാ എന്നുറപ്പായാല്‍ (എല്ലാവരെയും സര്‍വ്വ ശക്തന്‍ അതില്‍ നിന്നും കാക്കട്ടെ) തന്റെ കുട്ടിയെ ഒരു പുരുഷന്റെ കൈകളില്‍ ഏല്‍പിച്ചതിന് ശേഷം മരിച്ചാല്‍ മതിയായിരുന്നു എന്ന ഒരു അവസ്ഥയുണ്ടായാല്‍. ഇനിയും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.

ഇങ്ങിനെയുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍ പോലും മക്കളുടെ വിവാഹം 18 തികയാതെ ഈ നിയമം പ്രകാരം നടത്താന്‍ ഒക്കുകയില്ല. നടത്തിയാല്‍ ജയില്‍ ശിക്ഷ നിര്‍ബന്ധം. ഈ സാഹചര്യവും നമ്മുടെ രാജ്യത്തെ ഭരണ ഘടന മുസ്ലിം സമുദായത്തിന് അനുവദിച്ച വ്യക്തി നിയമം എടുത്ത് കളഞ്ഞ് ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ചില സംഘടനകളെങ്കിലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. വ്യക്തി നിയമത്തില്‍ അനുവദിച്ച വിവാഹത്തിന് നിബന്ധന വെക്കുകയും നിബന്ധന തെറ്റിയാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന അവസ്ഥ ഉണ്ടാകുന്നത് സമുദായത്തിന് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നതുമാണ് മുസ്‌ലിം മത സംഘടനകള്‍ (രാഷ്ട്രീയ പാര്‍ട്ടികള്‍പെടുകയില്ല) ഇങ്ങിനെ ഏറെ ആലോചിച്ച് ഈ തീരുമാനത്തില്‍ എത്താന്‍ കാരണം.

അത് തന്നെ ഇതിന്റെ പേരില്‍ എന്തെങ്കിലും സമരമോ, പ്രക്ഷോഭമോ, ജാഥയോ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനോ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ ഇതിന്റെ പേരില്‍ തടഞ്ഞു വെക്കാനോ, വളഞ്ഞു വെക്കാനോ, അപകടപെടുത്താനോ അല്ല തീരുമാനം. ഭരണകൂടത്തില്‍ നിന്ന് വന്ന ഈ തീരുമാനത്തിന്റെ സാധുതയെ ഇന്ത്യയിലെ ഏറ്റവും വലിയ നീതി പീഠമായ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ മാത്രമാണ് തീരുമാനിച്ചത്.

ഇതില്‍ എന്തിനാണ് ഇത്രയും അധികം വിവാദം. മുസ്ലിം സമുദായത്തെ എന്തെങ്കിലും കാരണം ഉണ്ടാക്കി കുത്തി നോവിക്കാനും അപമാനിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന ചില കുബുദ്ധികളാണ് ഈ വിവാദത്തിന് പിന്നില്‍. അതിനെ ഒരാളും തെറ്റിദ്ധരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

മുസ്‌ലിം പെണ്‍കുട്ടികളെ 18 വയസ് തികയുന്നതിന് മുമ്പ് തന്നെ വിവാഹം കഴിപ്പിച്ച് വിട്ടിരിക്കണം എന്ന് ഒരു മുസ്‌ലിം സംഘടനയും ഇവിടെ ആവശ്യപ്പെടുന്നില്ല. മറിച്ച് 12 വയസിലും 14 വയസിലും 15 വയസിനും മുമ്പേ മഹാ ഭൂരിപക്ഷം പെണ്‍കുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം കല്യാണം കഴിപ്പിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതെല്ലാം ഇന്ന് മാറി. ഈ സമുദായത്തിലെ 99 ശതമാനം പെണ്‍കുട്ടികളെയും വിവാഹം ചെയ്യിക്കുന്നത് 18 വയസിന് മുകളിലാണ്.

കേരളത്തില്‍ ഇപ്പോള്‍ മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായി ഏറെ പുരോഗതി നേടിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസം വ്യാപകമായ ഈ അവസ്ഥയില്‍ വിവാഹപ്രായം ചുരുങ്ങിയത് 20 വയസ് എങ്കിലും ആയിട്ടുണ്ട്. ഈ സമുദായാത്തെ ഈ അവസ്ഥയിലെക്കെത്തിച്ചത് മേല്‍ പറഞ്ഞ മുസ്ലിം സംഘടനകളും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാരണങ്ങളാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കേണ്ടി വന്നാല്‍ അതിന് കനത്ത ശിക്ഷ നേരിടേണ്ടി വരുന്ന അവസ്ഥ മാറണമെന്ന് ചിന്തിച്ചതിനാല്‍ ഈ സംഘടനകളെ ക്രൂശിക്കാന്‍ നടക്കുന്നവര്‍ മേല്‍ പറഞ്ഞ കാര്യങ്ങളും ഓര്‍ക്കണം.