Showing posts with label Article. Show all posts
Showing posts with label Article. Show all posts

"സമസ്ത: നവതിയുടെ നിറവില്‍"- ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എഴുതുന്നു..

മുസ്‌ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. കേരള മുസ്‌ലിം ചരിത്രം പഠനം നടത്തുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതുമാണ്. സമൂഹത്തില്‍ അശുഭകരമായ അപശബ്ദങ്ങള്‍ മുഴക്കാന്‍ ചിലര്‍ രംഗത്തുവന്ന ഘട്ടത്തിലാണ് സമസ്ത രൂപീകരിച്ചത്. സംഘടന രൂപീകരിച്ചത് മുതല്‍ ഇത്രയും കാലം, മുസ്‌ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരുക്കുകളുമില്ലാതെ സമസ്ത കാത്തു പോന്നു. സമസ്ത സ്ഥാപിത ലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തന ദൗത്യം ഇതു തന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത.
അതില്‍ ഏറ്റവും പ്രധാനമാണ് മദ്‌റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്‍ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്‌കരിച്ച പദ്ധതി കേരളത്തില്‍ ചുവട് പിടിക്കാന്‍ പലരും ശ്രമിച്ചു. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥലങ്ങളിലെ ഇസ്‌ലാമിക നവോത്ഥാനവും ഇതര സ്ഥലങ്ങളിലെ സാമുദായിക ബോധവും പഠനവിധേയമാക്കിയാല്‍ സമസ്ത സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാകും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കുന്നതില്‍ സമസ്ത ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളി ദര്‍സുകളില്‍ നിന്നും അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസ രംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്‌റസ സംവിധാനം പോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന മഹല്ലു സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിച്ചുകൊണ്ട് സമസ്തക്ക് കീഴില്‍ മാതൃക സൃഷ്ടിക്കുകയാണ്. ആശയ പ്രചാരണത്തിനും സംസ്‌കരണത്തിനും പറ്റിയ നല്ലൊരു പരിസരത്തിനാണ് ഇതുവഴി സാഹചര്യമൊരുക്കാന്‍ സമസ്തക്ക് അവസരം കിട്ടിയിട്ടുള്ളത്. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്‌കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍,
സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവക്ക് കീഴില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. 1926 മുതല്‍

ഹിജ്‌റാബ്ദം: പുതുവര്‍ഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍

വീണ്ടുമൊരു മുഹര്‍റം മാസം കൂടി സമാഗതമാകുന്നു. നമ്മുടെ ആയുസില്‍ നിന്നും ഒരാണ്ട് കൂടി കൊഴിഞ്ഞു പോകുന്നു. ഓരോ പുതു വര്‍ഷവും ആയുസ് നീണ്ടു കിട്ടിയതിന് പ്രപഞ്ചനാഥനോട് നന്ദി പ്രകടിപ്പിക്കാനും കഴിഞ്ഞു പോയ ദിനരാത്രങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ പശ്ചാത്തപിക്കാനുമുള്ളതാകണം.
മാനവിക ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹര്‍റമെന്നത് വസ്തുതയാണ്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം. ലോകത്തിന്റെ നാനാദിക്കുകളിലും ഇസ്‌ലാം പ്രചരിച്ചു. ലോക മുസ്‌ലിംകള്‍ക്ക് പൊതുവായൊരു കാലഗണനാ രീതി വേണമെന്ന ആവശ്യമുയര്‍ന്നു. എന്തിനെ അടിസ്ഥാനപ്പെടുത്തിയാകണം വര്‍ഷാരംഭം എന്ന ചര്‍ച്ചയില്‍ പലരും പല അഭിപ്രായങ്ങളും ഉന്നയിച്ചു. നബി(സ)യുടെ ജനം, പ്രവാചകത്വം, വഫാത്ത് തുടങ്ങിയ പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. ഒടുവില്‍ പ്രവാചക ചരിത്രത്തിലെ അനുപമമായ സംഭവമായ ഹിജ്‌റയാകാമെന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിച്ചു. ജനിച്ച നാട്ടില്‍ പ്രബോധന ദൗത്യം തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പലായനമാണല്ലോ ഹിജ്‌റ.
സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മഹിതമായ പാഠങ്ങളാണ് ഹിജ്‌റ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. പ്രവാചകന്‍(സ)യും അനുചരന്മാരും അല്ലാഹുവിന്റെ വഴിയില്‍ സര്‍വം സമര്‍പ്പിച്ച് കൊണ്ട് നടത്തിയ ഹിജ്‌റ പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്‌ലിം ലോകത്തിന് മാതൃകാ പരമാണ്. ഹിജ്‌റ എന്ന പദം ഉത്ഭവിച്ചത് തന്നെ വെടിയുക, ത്യജിക്കുക എന്നര്‍ഥം വരുന്ന ഹജറ എന്ന അറബി പദത്തില്‍ നിന്നാണ് എന്നത് തന്നെ ഹിജ്‌റയുടെ ഉള്‍പ്പൊരുള്‍ വിളിച്ചോതുന്നു.

ഉത്തമ മാതൃകയുടെ സ്മരണയുണര്‍ത്തി ബലിപെരുന്നാള്‍


വിശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്‌ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക ബഹുമതിയുള്ളതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും അവരുടെ മാതാവ് ഹാജറ ബീവി(റ)യുടെയും ത്യാഗസ്മരണകളാണ് ഹജ്ജും ബലിപെരുന്നാളാഘോഷവും. ആ മഹാരഥന്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ വിവിധമുഖങ്ങള്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സുദിനം.
ഹസ്രത്ത് ഇബ്‌റാഹീം(അ) നാഥനില്‍ അര്‍പ്പിച്ച അനര്‍ഘമായ ത്യാഗത്തിന്റെയും ആ മഹാനുഭാവന്‍ അതിജീവിച്ച തീക്ഷ്ണമായ പരീക്ഷണത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ബലിപെരുന്നാള്‍. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി(അ)ന്റെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അത് കൊണ്ടുതന്നെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലിനടത്തിയും സഅ്‌യ് ചെയ്തും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.

സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...

ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല?
പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്‍കി കൊണ്ട് ജില്ലയില്‍ സി.എം ഉസ്താദിന്റെ കൊലപാതകം വിഷയം വീണ്ടും ഉയര്‍ന്നു വരികയാണ്. അടുത്തിടെ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് തോന്നുന്നു. സത്യം പുറത്തു വരാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹമെന്ന് അവ വിളിച്ചു പറയുന്നുണ്ട്. 
ഒരു തരം വികാരമായിരുന്നു കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്കെല്ലാം നീതി പുലരുമെന്ന് ആശ പകര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കി. സമൂഹ്യ പ്രവര്‍ത്തകന്‍മാര്‍ അനുഭവ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞു. പണ്ഡിതന്മാര്‍ മഹത്വങ്ങളോതി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷെ, എവിടെയോ ഒരു ചോദ്യം ബാക്കിയായിരുന്നു. കെട്ടടങ്ങാതെ ആര് സംരക്ഷിക്കും ഈയൊരു ആവേശത്തെ? ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റടുത്തത് ചെറുതല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഡോ.സുരേന്ദ്രനാഥ് നടത്തിയ ഉദ്ഘാടന പ്രസംഗം അത്യന്തം പ്രസക്തമായിരുന്നു. ഈ കേസ് ആരാണ് കടലില്‍ മുക്കാന്‍ ശ്രമിക്കുന്നത് അവരെ കടലില്‍ മുക്കുമെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു വെച്ചു. പൗരന്റെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.ഒരു മഹാ പണ്ഡിതനെ കൊന്നുകളയാന്‍ മടിക്കാത്തവര്‍ സാധാരണ പൗരരെ എന്ത് ചെയ്യും? അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡോ.സുരേന്ദ്രനാഥ് സദസ്സിനോട് തറപ്പിച്ചു പറഞ്ഞു.
നീതിയുക്തമായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പോലും അത്യന്തം ദുരൂഹമാണ്. അതിനാല്‍ ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദ ശക്തി വളരെ വലുതാണെന്നും അദ്ദേഹം സംശയലേശമന്യേ ഉറക്കെ പറഞ്ഞു.ജീവിക്കാനുള്ള അവകാശമില്ലാതാകുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടത്.

ദുല്‍ ഹിജ്ജ; വിശ്വാസി പരിഗണിക്കേണ്ട ദശദിനങ്ങള്‍

ല്ലാകാലവും ഒരുപോലെയല്ല. ചിലതിന് മറ്റുചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. വിശ്വാസികളുടെ ജീവിതത്തില്‍ അതിനനുസൃതമായ ആരാധനാക്രമങ്ങളും സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അതില്‍പെട്ട മാസമാണ് ദുല്‍ ഹിജ്ജ. അതിലെ ആദ്യ പത്ത് ദിനങ്ങള്‍ അതി ശ്രേഷ്ഠമാണ്.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിതാവായ ഇബ്രാഹിം നബി (അ) യുടെ വിളിക്കുത്തരം ചെയ്തു ലക്ഷോപലക്ഷം അടിമകള്‍ ഹജ്ജിനായി ഒരുമിച്ച് കൂടുന്ന അവസരം കൂടിയാണിത്.
ഈ ദിനരാത്രങ്ങള്‍ അതി മഹത്വമാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നതിനാലാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി).
അല്ലാഹു പറയുന്നു 'പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.' (അല്‍ ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹിജ്ജ മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നു കസീര്‍ (റ)തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, അവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

അറബിക് യൂനിവേഴ്‌സിറ്റിയെ വിവാദങ്ങള്‍ കൊണ്ട് തകര്‍ക്കരുത്

കേരളത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിമിത്തമായേക്കാവുന്ന അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം തീര്‍ച്ചയായും ചരിത്ര ബോധമില്ലായ്മയാണ്.ഇവിടെ ഭാഷയെയും സംസ്‌കാരത്തെും വര്‍ഗീയവല്‍ക്കരിക്കുന്നതും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണകരമാകും.എന്നാല്‍ ആത്യന്തികമായ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും രാജ്യനന്മയ്ക്കും വിഘാതമാകുന്ന പിന്തിരിപ്പന്‍ ആശയമാണ് വര്‍ഗീയത.അത് ഒരു ഭാഷയുടെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും കൂടുതല്‍ അപകടകരമാകും. ഏത് തരം ആളുകളില്‍ നിന്നുണ്ടായാലും വര്‍ഗീയ വീക്ഷണങ്ങള്‍ ചെറുക്കപ്പെടണം.
അറബിക് യൂനിവേഴ്‌സിറ്റിയെ എതിര്‍ക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കി വസ്തുതകള്‍ കാണാതെ പോകുകയാണ്.

ന്യൂനപക്ഷ ആനുകൂല്യം വില്‍പനക്കുള്ളതല്ല

വിദ്യാഭ്യാസരംഗത്തെ മൂലധനശക്തികളെപ്പോലും വെല്ലുന്നവിധത്തിലാണ് കേരളത്തിലെ സ്വാശ്രയമാനേജുമെന്റുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞൂറ്റുന്നത്. എം.ഇ.എസ് മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ 61 സീറ്റുകള്‍ ജസ്റ്റിസ് ജെ.എം ജയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരിക്കുകയാണ്.
സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചാണു മാനേജ്‌മെന്റ് പ്രവേശനംനല്‍കിയത്. എം.ഇ.എസ് പെരിന്തല്‍മണ്ണ മെഡിക്കല്‍കോളജിലെ 61 എം.ബി.ബി.എസ് സീറ്റും ഡെന്റല്‍ കോളജിലെ ആറു ബി.ഡി.എസ് സീറ്റുമാണ് കമ്മിറ്റി റദ്ദാക്കിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ച പതിനഞ്ചുദിവസം മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ മുമ്പിലുള്ളത്. ഇതിനകം പ്രവേശനം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടും.

‘അറഫ’ തിരിച്ചറിവിന്റെ ദിനമാണ്

റഫ എന്ന പദത്തിന്റെ വാക്കര്‍ഥം തന്നെ തിരിച്ചറിവ് എന്നാണ്. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് സ്വര്‍ഗ ഭ്രഷ്ടരായ ആദം നബി(അ)യും പ്രിയ പത്‌നി ഹവ്വാ ഉമ്മ(റ)യുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വച്ചായതിനാലാണ് അറഫയെന്ന് ആ പ്രദേശത്തിനു പേരു വന്നതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ വ്യക്തികള്‍ പരസ്പരം തിരിച്ചറിയുന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: 'ഞാന്‍ മറഞ്ഞ നിധിയായിരുന്നു. അപ്പോള്‍ ഞാന്‍ അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു'. മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുള്ള അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്്‌ലിമിനും ബാധ്യതയാണ്. അറിവുകളില്‍ ഏറ്റവും ഉത്തമം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ തിരിച്ചറിവിന്റെ ബോധം വിശ്വാസികളില്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഓരോ അറഫാ ദിനവും.

കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആത്മവിചിന്തനത്തിന്റെ ദിനരാത്രങ്ങള്‍

'ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തിയുണ്ട്, അതിന് ചിറകില്ലെങ്കിലും പറക്കാനുള്ള ശേഷിയുണ്ട്' എന്നു പറഞ്ഞത് വിഖ്യാതനായ കവി അല്ലാമാ ഇഖ്ബാലാണ്. ഹൃദയം തൊടുന്ന ഉപദേശങ്ങള്‍ കേള്‍ക്കാനും മാതൃകാരീതികളെ ജീവിതത്തോട് ചേര്‍ത്തുവെക്കാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുപ്പക്കാരടക്കം ആയിരത്തോളം പേര്‍ തിരൂരില്‍ നടന്ന കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സില്‍ ഒരുമിച്ചുകൂടിയപ്പോള്‍ സമൂഹത്തിനത് സുകൃതങ്ങളുടെ സന്ദേശമായി. മെയ് 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എസ്. കെ. എസ്. എസ്. എഫ്. ദഅ്‌വാവിഭാഗമായ ഇബാദ് സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വേറിട്ട അനുഭവമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച പ്രവാചക പ്രകീര്‍ത്തനകാവ്യം മന്‍ഖൂസ് മൗലിദിന്റെ ആലാപനത്തോടെ പരിപാടിക്ക് തുടക്കമായി. കോണ്‍ഫറന്‍സിന്റെ രൂപവും പ്രസക്തിയും ഉള്‍പെടുത്തി ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്ല റഹ്മാനി കാസര്‍കോട് വചനപ്പൊരുള്‍ അനവതരിപ്പിച്ചു. ഓരോ നിസ്‌കാരത്തിനു ശേഷവും പ്രത്യേകം ഖിറാഅത്ത് നിശ്ചയിക്കപ്പെട്ടിരുന്നു. പ്രതിനിധികള്‍ സദാസമയവും വുളൂഇലായിരുന്നു. വാങ്ക് വിളിച്ച ഉടനെ നിസ്‌കാരത്തിന് എല്ലാവരും നിസ്‌കാരത്തിനു തയ്യാറാവുന്നു. വെള്ളിയാഴ്ച രാത്രി സദസ്സ് ഏലംകുളം ബാപ്പു മുസ്‌ലിയാരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു. പിന്നെ സ്വലാത്തിന്റെ മെഡിറ്റേഷന്‍. വിശുദ്ധ റസൂല്‍ (സ്വ)യുടെ നായകത്വം ലോകത്തിനു മുഴുവന്‍ ലഭിക്കുന്നതിന്റെ വിവരണങ്ങളിലൂടെ സ്വലാത്ത് മനസിന്റെ മന്ത്രമാകുന്നതെങ്ങനെയെന്ന് ഡോ. അബ്ദുലത്വീഫ് കോഴിക്കോട് പരിശീലിപ്പിച്ചു. 

ശനിയാഴ്ച തഹജ്ജുദിനു ശേഷം പാപമാചന പ്രാര്‍ത്ഥന. സുബ്ഹിനു ശേഷം സ്‌നേഹപ്രപഞ്ചം സെഷനില്‍ മദ്ഹുന്നബിയിലൂടെ അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ വചനസഞ്ചാരം. പിന്നെ മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ എന്നീ സെഷനുകളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരുടെ സാന്നിധ്യവും സാരോപദേശങ്ങളും ഹൃദ്യമായി. സമര്‍പണത്തിന്റെ പ്രതീകങ്ങളായ ബദര്‍ ശുഹദാക്കളും ബുദ്ധിയുടെ അത്ഭുതമായ ശാഫിഈ ഇമാമും മനസ്സില്‍ നിറഞ്ഞ സംസാരങ്ങള്‍. ഉച്ചക്കു ശേഷം ദിക്‌റിന്റെ അന്തസാരങ്ങളിലേക്ക് സമസ്ത മുശാവറ അംഗം എ. മരക്കാര്‍ ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, , ഹൈദര്‍ ഫൈസി പനങ്ങാങ്ങര സദസ്സിനെ ക്ഷണിച്ചു. സി. മമ്മുട്ടി എം. എല്‍. എ. ആശീര്‍വാദവുമായെത്തി. അസ്വര്‍ നിസ്‌കാര ശേഷം പൈശാചികതക്കെതിരെ പ്രതിരോധത്തിന്റെ ബോധം നല്‍കുന്ന വിഷയാതവരണവുമായി ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ അരങ്ങില്‍ നിറഞ്ഞു. സെഷനുകള്‍ക്കിടയില്‍ വിവിധ പ്രകീര്‍ത്തന കാവ്യങ്ങള്‍ ആലപിക്കപ്പെട്ടു. സദസ്സ് അതെല്ലാം ഏറ്റു ചൊല്ലി. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍ശിയ തവക്കുല്‍ എന്ന സെഷന്‍ ശനിയാഴ്ച രാത്രി ലഭിച്ച സമ്മാനമായിരുന്നു. ലളിതമായ ശൈലിയില്‍ അഷ്ടാഹുവില്‍ 'രമേല്‍പിക്കലിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. 

എം. പി. മുസ്തഫല്‍ ഫൈസിയുടെ വിഷയാവതരണത്തോടെയാണ് സമാപന ദിവസത്തെ സെഷനുകള്‍ തുടങ്ങിയത്. പ്രാതലിനു ശേഷം ദഅ്‌വത്ത്, വൈദ്യം, ആദര്‍ശം എന്നീ വിഷയങ്ങളില്‍ നോളജ് കോര്‍ണറുകള്‍ രൂപപ്പെട്ടു. സമാപനസംഗമത്തിലേക്ക് സന്തോഷമായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എത്തി. എസ്. കെ. എസ്. എസ്. എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഡോ. ജാബിര്‍ ഹുദവി എന്നിവരുടെ നിര്‍ദേശങ്ങള്‍. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ സമാപന സന്ദേശം ഈറനണിഞ്ഞ കണ്ണുകളോടെയാണ് സദസ്സ് കേട്ടത്. സയ്യിദ് നിയാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞ് പ്രതിനിധികള്‍ എഴുന്നേറ്റ് മുസ്വാഫഹത്ത് ചെയ്ത് പിരിയുമ്പോള്‍ കുറവുകള്‍ പരിഹരിച്ച് കര്‍മ നിരതമായ കെ. കെ. എസ്. തങ്ങളുടേയും പി. എം. റഫീഖ് അഹ്മദിന്റെയും നേതൃത്വത്തിലുള്ള പ്രാദേശിക സ്വാഗതസംഘത്തിനും ചാരിതാര്‍ത്ഥ്യം. ഇബാദ് ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. 
- അബ്ദുറസാഖ് പൊന്നാനി / abdul razaq ck razaq puthuponnani

"നബിദിനം : ബിദ്അത്താരോപണവും വസ്തുതയും" ഉസ്താദ്‌ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു..

ര്‍ത്തമാനകാലത്തെ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം വന്നിരിക്കുന്നു. പ്രവാചക ജീവചരിത്രം, കുടുംബവൈശിഷ്ട്യം, പ്രത്യേകതകള്‍, അമാനുഷിക സംഭവങ്ങള്‍, ഇസ്‌ലാമിക നിയമങ്ങളുടെ ശാസ്ത്രീയത, ഖുര്‍ആനിന്റെ അതുല്യത തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന പഠന ക്ലാസുകളും ക്യാംപയിനുകളും സംഘടിപ്പിക്കുകയും പ്രവാചകചര്യ പിന്‍പറ്റേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഇത് നബി (സ) ജനിച്ച റബീഉല്‍ അവ്വല്‍ 12നോ ആ മാസമോ അതിനോടനുബന്ധിച്ചോ നടത്തുമ്പോള്‍ നബിദിനപരിപാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
അനുസ്മരണം നടത്തുന്നതിന്റെ രേഖകള്‍
വിവിധ പ്രവാചകന്‍മാരുടെയും മറ്റും ചരിത്രം അനുസ്മരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
''പ്രവാചകരെ, ഇബ്രാഹിം നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ, മൂസാ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ ഇസ്മാഈല്‍ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
പ്രത്യേകദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ചരിത്രപ്രധാനമായ ദിവസങ്ങള്‍ താങ്കള്‍ അവരെ ഓര്‍മിപ്പിക്കുക.'' (ഇബ്രാഹിം : 5)
അനുസ്മരണ പരിപാടികള്‍ കൊണ്ടെന്തു നേട്ടമെന്നാണു ചിലരുടെ സംശയം. ഖുര്‍ആന്‍ പരയുന്നു : ''പ്രവാചകരെ, ഈ പ്രവാചക ചരിത്രങ്ങള്‍ താങ്കളെ നാം കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ് ദൃഢീകരിക്കുന്നതിന് വേണ്ടിയാണ്.'' (ഹൂദ് : 120) ഇതര പ്രവാചകന്‍മാരുടെ ചരിത്രം അനുസ്മരിക്കുന്നത് നമ്മുടെ നബി തിരുമേനി (സ) ക്ക് മനോബലം നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമ്മുടെ പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് നമുക്ക് ധൈര്യവും മനോദാര്‍ഢ്യവും നല്‍കുമെന്ന കാര്യം ഇതില്‍ നിന്നു വ്യക്തമാണ്.
ജന്മദിനത്തിനെന്ത് പ്രാധാന്യം?
ജനിച്ചദിവസത്തിനെന്ത് പ്രാധാന്യം? കര്‍മത്തിനല്ലേ മഹത്വം? പ്രവാചകരായ മുഹമ്മദ് നബി (സ) പോലും ജനിക്കുമ്പോള്‍ കേവലം 'ആമിന പെറ്റ മുഹമ്മദ് 'മാത്രം. നബിദിന വിമര്‍ശകരില്‍ ചിലരുടെ ശൈലിയാണിത്! യാറസുലല്ലാഹ് ഞങ്ങളോട് ക്ഷമിച്ചാലും.

ജീവിക്കാന്‍ മറന്നൊരു ജീവിതം : ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനില്‍ക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍,  കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം...
തുടര്‍ന്ന് വായിക്കുക... www.suprabhaatham.com

ബീവി ഹാജറയെ ഓര്‍മിപ്പിക്കുന്ന ഹജ്ജ്

ലോക മുസ്‌ലിം പ്രതിനിധികള്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസമാണ് അറഫാ ദിനം. പരലോകത്തെ വിചാരണ നിലയത്തില്‍ (മഹ്ശറ) ഒത്തുകൂടുന്ന ജനകോടികളുടെ പ്രതീകാത്മകത ഇവിടെ ദൃശ്യമാവുന്നു. പണക്കാരനും പണിക്കാരനും ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും ഫഖീറും മനുഷ്യന്‍ ഉണ്ടാക്കിയ വൈവിധ്യത്തിന്റെ മതില്‍ക്കെട്ടുകള്‍ മാറ്റിനിര്‍ത്തി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് കണ്ണും കൈയും ഉയര്‍ത്തുന്നു. മരണത്തിന്റെയും മഹ്ശറയുടെയും ചരിത്രം മനസില്‍ രോമാഞ്ചമണിയിക്കുന്ന രംഗമാണ് അറഫ: ''അറഫയാണ് ഹജ്ജ്.'' ചരിത്രം പതയുന്ന അറഫാ താഴ്‌വര വിശ്വാസികളുടെ മഹാസംഗമ ഭൂമിയായി മാറുന്നു. എളിമയുടെ സമൂര്‍ത്തമായ ആവിഷ്‌കാരം.
ഈ മഹിതമായ സംഗമത്തിലെത്തുന്ന അനേകലക്ഷം തീര്‍ത്ഥാടകരുടെ മനസുകളില്‍ ഒട്ടേറെ അവിസ്മരണീയ സംഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ഹാജറബീവി. മക്കാ പട്ടണത്തിന്റെ ശില്‍പികളിലൊരാളാണ് അവര്‍. അവരുടെ സംഭവബഹുലമായ ജീവിതം ഓര്‍മയില്‍ പേറിക്കൊണ്ടാണ് ഹാജിമാര്‍ സഫാ മര്‍വ്വക്കിടയില്‍ പ്രയാണം (സഅ്‌യ്) നടത്തുന്നത്. നാല്‍പത് നൂറ്റാണ്ട് മുമ്പ് ജീവിച്ച കോപ്റ്റിക് വംശജയായ ഹാജറ എന്ന വനിതയെ പാശ്ചാത്യരും പൗരസ്ത്യരും അനുകരിക്കുന്നതാണ് ''സഅ്‌യ്''. ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.
ഹാജറ ബീവി ഹാജിമാരുടെ മാതാവാണ്. തപോഗ്രമായ മക്കയില്‍തന്നെയും ചോരപ്പൈതലിനെയും വിട്ടേച്ചുകൊണ്ട് ഇബ്രാഹിംനബി മടങ്ങുമ്പോള്‍ ഹാജറ ചോദിച്ചു: ''ജലശൂന്യമായ ഈ വിജന ഭൂമിയില്‍ ആരെ ഏല്‍പിച്ചാണ് അങ്ങ് പോകുന്നത്? മൗനമായിരുന്നു മറുപടി. ''അല്ല. അല്ലാഹുവിന്റെ കല്‍പ്പനയാണോ ഇത്?'' ''അതെ ഹാജറാ!! അതിനപ്പുറം വായിക്കാന്‍ ഞാന്‍ അശക്തനാണ്.'' ഭര്‍ത്താവിന്റെ മറുപടിയായിരുന്നു അത്. ''നിങ്ങള്‍ക്ക് പോകാം. നിശ്ചയം അല്ലാഹു ഞങ്ങളെ സംരക്ഷിക്കും.'' ഇതായിരുന്നു ഹാജറയുടെ സുദൃഡതയുള്ള മറുപടി. ചോരപ്പൈതല്‍ ഇസ്മാഈലിന്റെ ദാഹശമനത്തിന്നു ജീവജലം അന്വേഷിച്ചു സഫാ മലയിലേക്ക് അവര്‍ ഓടി. വെള്ളം കിട്ടാതിരുന്നപ്പോള്‍ മര്‍വ്വയിലേക്കും ഓടി. ഈ ഓര്‍മ പുതുക്കാന്‍ ജനകോടികളാണ് കൊല്ലംതോറും സഫാ മര്‍വ്വക്കിടയില്‍ പ്രയാണം നടത്തുന്നത്. ഇസ്മാഈലിന്റെ പാദത്തിന്‍ചുവട്ടില്‍ നിന്ന് സംസം പൊട്ടിയൊഴുകി. അത് കുഞ്ഞിനും മാതാവിനും ദാഹജലവും ലോകത്തിന്നു തീര്‍ത്ഥജലവുമാണ്.

അറബിക് സർവ്വകലാശാലയെ ചുവപ്പുനാടയില്‍ കുരുക്കരുത് : പിണങ്ങോട് അബൂബക്കര്‍

177 മില്യണ്‍ ജനങ്ങളുടെ മാതൃഭാഷയാണ് അറബിക്. മധ്യപൗരസ്ത്യ നാടുകളിലും ചില ആഫ്രിക്കന്‍ നാടുകളിലും അറബിയാണ് വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത്. ഇരുന്നൂറു കോടിയിലധികം വരുന്ന മുസ്‌ലിംകള്‍ ദിനേനെ ബന്ധപ്പെടുന്ന അത്യുല്‍കൃഷ്ട ഭാഷയാണത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ആറാമത് ഭാഷയായി അറബിയെ അംഗീകരിച്ചിട്ടുണ്ട്. 22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്.
മദ്ധ്യപൂര്‍വ്വദേശത്ത് പല ഭാഷകള്‍ ഉപയോഗത്തിലുണ്ട്. പേര്‍ഷ്യന്‍(പെഹ്‌ലവി) കുര്‍ദിഷ്, ഹിമ്പ്രു, ടര്‍ക്കിഷ്, ബലൂചി, കാക്കേഷ്യന്‍, ബെര്‍ബര്‍ ഹമിറ്റിക്ക് എന്നീ ഭാഷകളോടൊപ്പം അറബിയും സംസാരിക്കപ്പെടുന്നു. ഇവയുടേയെല്ലാം അവസ്ഥാന്തരങ്ങളും, സമ്മിശ്രങ്ങളുമായി ഇനിയും കുറെയേറെ ഭാഷകള്‍ മദ്ധ്യപൂര്‍വ്വദേശത്ത് നിലവിലുണ്ട്. ഈ ഭാഷകള്‍ ഗര്‍ഭം ധരിച്ചുനില്‍ക്കുന്ന വിജ്ഞാനീയങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. മെസൊപൊട്ടോമിയ, ഈജിപ്ത് തുടങ്ങിയ പൗരാണിക സമൂഹങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഈ ഭാഷയുടെ തുടക്കം. അനേക സംസ്‌കാരങ്ങളും ചരിത്രാവശേഷിപ്പുകളും ലഭ്യമാവുന്നത് അറബിയിലൂടെയാണ്.
അറേബ്യന്‍ ഉപദ്വീപ്, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, സുഡാന്‍ തുടങ്ങിയ നാടുകളിലൊക്കെ ആധിപത്യം അറബിഭാഷക്കാണ്. മക്ക, മദീന നഗരങ്ങളിലും അതിന്നിടയിലുള്ളവര്‍ സംസാരിച്ചിരുന്ന ഈ ഭാഷ, പഠിക്കാനവസരം നിഷേധിച്ചുകൂടാ. സെമിറ്റിക്ക് ഗ്രൂപ്പില്‍പ്പെട്ട ഏതാനും സമാനഭാഷകള്‍ ലയിച്ചു രൂപം കൊണ്ടതാണ് അറബിഭാഷ എന്ന ഭാഷാ പണ്ഡിതവിധി മാനിക്കുന്നതോടൊപ്പം കാലാകാലങ്ങളില്‍ സംഭവിച്ച പേര്‍ഷ്യന്‍, ഗ്രീക്ക് സ്വാധീനങ്ങള്‍ ഉള്‍ക്കൊണ്ട് കരുത്തും ശക്തിയും ആര്‍ജ്ജിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബി ഭാഷ എത്തിയത് അറബ് വ്യാപാരികള്‍ വഴിയാണ്,

ഫലസ്തീനും സയണിസവും

ഫലസ്തീന്‍ ഭൂപ്രദേശത്തിന്റെ സിംഹഭാഗവും ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്താല്‍ പെരുമ്പാമ്പ് ആടിനെ വിഴുങ്ങും വിധം ഇസ്രാഈല്‍ ഘട്ടം ഘട്ടമായി വിഴുങ്ങുകയായിരുന്നു. യഹൂദമതത്തിന്റെ ഉത്ഭവം തൊട്ട് 1900 വരെയുള്ള കാലയളവില്‍ വാഗ്ദത്തഭൂമിയില്‍ ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം ഒരിക്കലും അവര്‍ ഉന്നയിച്ചിട്ടില്ല. വിദേശ നാടുകളില്‍ നിന്നും ജറുസലേമിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പോലും അത്യപൂര്‍വ്വമായിരുന്നു. യഹൂദര്‍ സിയോണ്‍ കുന്നുകളെ ലക്ഷ്യം വെച്ച് പ്രാര്‍ത്ഥിക്കുകയും പരസ്പരം കണ്ടുമുട്ടുമ്പോള്‍ 'അടുത്ത വര്‍ഷം ജറുസലേമില്‍' എന്ന ആപ്തവാക്യം ഉരുവിട്ട് ഹസ്തദാനം നടത്തുകയും ചെയ്യല്‍ പതിവായിരുന്നു. മതപരമായ വിശ്വാസത്തിനും ആചാരത്തിനുമപ്പുറം ഈ സ്ഥലനാമങ്ങള്‍ക്കും പദാവലികള്‍ക്കും രാഷ്ട്രീയമായ അര്‍ത്ഥങ്ങള്‍ ഒന്നുമില്ലായിരുന്നു.
യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റുകള്‍ ഫലസ്തീന്‍ തെരഞ്ഞെടുത്തത് ബഹുമുഖ ലക്ഷ്യത്തോടുകൂടിയായിരുന്നു. വാഗ്ദത്ത ഭൂമിയോടുള്ള ഇഷ്ടംകൊണ്ടല്ല; മറിച്ച് സാമ്പത്തികവും സാമ്രാജ്യത്വപരവുമായ താല്‍പര്യമായിരുന്നു പിന്നില്‍. 1935 ല്‍ ലോക സയണിസ്റ്റ് അധ്യക്ഷനായിരുന്ന നഹാം ഗോള്‍ഡ്മാന്റെ പ്രസ്താവന മേല്‍പറഞ്ഞ കാര്യം ശരിവെക്കുന്നതിനുള്ള ഒന്നാന്തരം തെളിവുകളാണ്. കാനഡയില്‍ നിന്നും ഫ്രഞ്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പ്രസ്താവന ഇങ്ങനെയായിരുന്നു. 'യഹൂദര്‍ക്ക് രാജ്യം സ്ഥാപിക്കുവാന്‍ ഉഗാണ്ടയിലോ മെഡഗാസ്‌ക്കറിലോ മറ്റോ സ്ഥലം കരസ്ഥമാക്കുക സാധ്യമായിരുന്നു. പക്ഷേ ഫലസ്തീനല്ലാതെ അവര്‍ക്ക് മറ്റൊരു നാടും ആവശ്യമില്ലായിരുന്നു. മത-ചരിത്ര പരിഗണനകള്‍ കൊണ്ടോ തൗറാത്തില്‍ ഫലസ്തീനെ കുറിച്ച് പരാമര്‍ശം ഉള്ളതുകൊണ്ടോ ആയിരുന്നില്ല ഇത്. പ്രസ്തുത യൂറോപിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഇടക്കുള്ള പാതകളുടെ സംഗമസ്ഥാനവും ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുവാനും ലോകാധിപത്യം നേടാനുമുതകുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ഫലസ്തീന്‍' എന്നതായിരുന്നു കാരണം.

ഇസ്രാഈലിനെ തിരുത്തിയ ലോകം

സ്രാഈലിന്റെ ഗസ്സ അധിനിവേശത്തിന് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുകയാണ്. എഴുപത്തിരണ്ടു മണിക്കൂര്‍ വെടിനിര്‍ത്തല്‍ ധാരണക്കൊപ്പമാണ് കര-വ്യോമ സേനകളെ ഗസ്സയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഇസ്രാഈല്‍ തീരുമാനിച്ചത്. ആക്രമണം അവസാനിച്ചപ്പോള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് 1800ലധികം ഫലസ്തീനികള്‍. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സാധാരണക്കാരും കുട്ടികളും. രണ്ടു ലക്ഷം പേര്‍ ഭവന രഹിതരായി. ഇസ്രാഈല്‍ പക്ഷത്ത് മരിച്ചത് 64 പട്ടാളക്കാര്‍. അവരുടെ സിവിലിയന്മാര്‍ ഹമാസിനെ ഭയപ്പെട്ടില്ല. മറിച്ച്, ഗസ്സയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍ അവരില്‍ പലരും ആര്‍ത്തു ചിരിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഇസ്രാഈലി മനുഷ്യാവകാശപ്രവര്‍ത്തകരെയും ജൂതന്മാരെയും സയണിസ്റ്റ് പട്ടാളം ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലടച്ചു.
മൂന്ന് ചെറുപ്പക്കാരെ കടത്തിക്കൊണ്ടുപോയി കൊന്നുകളഞ്ഞു എന്ന കാരണം പറഞ്ഞ് കൂട്ടക്കൊലക്ക് തുടക്കമിട്ട ഇസ്രാഈല്‍, അവരെക്കൊന്നത് ഹമാസല്ല എന്ന് സമ്മതിച്ചെങ്കിലും കൊടുംക്രൂരത അവസാനിപ്പിച്ചില്ല. ലോകം വ്രതവിശുദ്ധിയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനരാത്രങ്ങള്‍ പിന്നിടുന്ന നേരത്ത് ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരും മരണത്തിന്റെ കാലൊച്ച കാത്തിരുന്നു. നുണയില്‍ തുടങ്ങി നുണയില്‍ അവസാനിക്കുന്ന യുദ്ധങ്ങളുടെ പട്ടികയിലേക്ക് ഇസ്രാഈല്‍, ഗസ്സ ഓപ്പറേഷന്‍-2014 എന്നുകൂടി എഴുതിച്ചേര്‍ത്തു. ഇസ്രാഈലിനു ഭീഷണിയായ ഹമാസിന്റെ 32 ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്നാണ് ഗസ്സയില്‍നിന്ന് പിന്മാറുമ്പോള്‍ അവര്‍ അവകാശപ്പെടുന്ന നുണകളിലൊന്ന്.

ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍: ലാളിത്യത്തിന്റെ ആള്‍രൂപം

 വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറാംഗം ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍. അറിവിന്റെ ഉന്നതങ്ങളില്‍ നിന്ന് ലളിതജീവിതം കൊണ്ട് വിസ്മയം തീര്‍ക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ ഉപ്പ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉസ്താദിന്റെ വിയോഗം പണ്ഡിത കുലത്തിന് തീരാ നഷ്ടമാണ്. കേരളമങ്ങോളം ഒട്ടേറെ പ്രാര്‍ത്ഥനാ സദസുകളെ ദീപ്തമാക്കിയ അദ്ദേഹം ജാതിമത ഭേദമന്യേ സ്വീകാര്യനായിരുന്നു. ഒരു നാട് മുഴുവന്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉസ്താദിന്റെ വീട്ടിലെത്തുന്നത് പതിവ് കാഴ്ചയായിരുന്നു. എത്ര വിഷമം പിടിച്ച പ്രശ്‌നമാണെങ്കിലും ഒടുക്കം പുഞ്ചിരിച്ച് കൈകൊടുത്ത് പിരിയുന്നത് കാണാം. അനാഥ സംരക്ഷണത്തിനായി ജീവിതകാലം ഉഴിഞ്ഞ്‌വെച്ച അദ്ദേഹം പാണക്കാട് പൂക്കോയ തങ്ങള്‍ നല്‍കിയ ഒരു രൂപയുമായിട്ടാണ് പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാനക്ക് ശിലയിട്ടത്.
1935 ല്‍ വേങ്ങരക്കടുത്ത ഇരിങ്ങല്ലൂരിലാണ് ഒ.കെ ഉസ്താദ് ജനിച്ചത്. ഒറ്റകത്ത് കുഴിക്കാട്ടില്‍ അര്‍മിയാഅ് മുസ്‌ലിയാര്‍ എന്നാണ് മുഴുവന്‍ പേര്. മുസ്‌ലിം സമുദായം ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിക്കുന്ന അക്കാലത്ത് മത പഠന രംഗത്തെത്തിയ ഉസ്താദിന്റെ ആദ്യ ഗുരു ഉമ്മ തന്നെയായിരുന്നു. മുതഫരിദ് പോലുള്ള ചെറു ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സ്വായത്തമാക്കിയത് ഉമ്മയിലൂടെയായിരുന്നു. തെറ്റുകൂടാതെ ഖൂര്‍ആന്‍ ഓതുന്ന മകനെ പിതാവ് രായിന്‍കുട്ടി ഹാജി കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ത്തു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തോളം കോട്ടുമല ഉസ്താദിന്റെ ശിഷ്യത്വത്തിലായിരുന്നു. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് , എം.എം ബഷീര്‍ മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിക്ഷണവും നേടിയിട്ടുണ്ട്.

‘നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ എന്നും കേള്‍ക്കാമെന്നു കരുതുന്നത് വ്യാമോഹമല്ലേ’- സുപ്രഭാതം ചെയർമാൻ ശൈഖുനാ കോട്ടുമല സംസാരിക്കുന്നു..

സുപ്രഭാതം പുറത്തിറങ്ങുന്നത്‌ കേവലം ഒരു സാമുദായിക 
പത്രമായല്ല; ലക്ഷ്യമിടുന്നത്‌ ‘വന്‍കിടക്കാരെ’
സുപ്രഭാതം’ ദിന പത്രത്തിന്‍റെ പ്രിന്‍ററും പബ്ലിഷറുമായ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‍ലിയാര്‍ പത്രത്തിന്‍റെ നയങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
കേരളീയ മുസ്‍ലിംകളുടെ ആധികാരിക മത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മത്സരങ്ങള്‍ നിറഞ്ഞ മാധ്യമരംഗത്തേക്ക് വളരെ വൈകിയാണെങ്കിലും കടന്നുവരികയാണ്. എന്താണ് സമസ്ത ഇപ്പോള്‍ ഈ രംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?
ഇത് ഒരു സുപ്രഭാതത്തിലുണ്ടായ തീരുമാനമല്ല. വര്‍ഷങ്ങളായി നിരന്തരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്. മാധ്യമരംഗം മത്സരം നിറഞ്ഞതാണ്. ആരോഗ്യകരമായ മത്സരങ്ങള്‍ നല്ലതാണ്. അത് സമൂഹത്തിന് ഗുണം ചെയ്യും. അനാരോഗ്യകരമായ മത്സരത്തിന് സുപ്രഭാതം തയ്യാറല്ല. നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ കേള്‍ക്കുമെന്നത് പലപ്പോഴും വ്യാമോഹമല്ലേ.
ദിനപത്രങ്ങളും സായാഹ്നപത്രങ്ങളും ഉച്ചപത്രങ്ങളുമായി പ്രിന്റിങ് മാധ്യമങ്ങള്‍ നിരവധിയും, അതിലേറെ അതിനൊക്കെ വെല്ലുവിളിയുയര്‍ത്തി വിഷ്വല്‍ മീഡിയ കണക്കില്ലാതെയും കൂണുപോലെ പൊട്ടിമുളക്കുന്ന ഈ കാലത്ത് എന്താണ് സമസ്തയുടെ പത്രത്തിന്റെ പ്രസക്തി? എന്താണ് സമസ്ത മുന്നോട്ടുവെക്കുന്ന മാധ്യമനയം?

അനീതിക്കെതിരെ പൊരുതാന്‍, സത്യം വളച്ചുകെട്ടില്ലാതെ വിളിച്ചുപറയാന്‍ ചങ്കൂറ്റംകാണിക്കുന്ന ഒരുപത്രത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന് സമസ്ത വിശ്വസിക്കുന്നു. ഇരകളുടെ പക്ഷം ചേരേണ്ടവര്‍ വേട്ടക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നത് ഞെട്ടലോടെ നമുക്ക് കാണേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സുപ്രഭാതത്തിനു സാധിക്കും.
എവിടെയെത്തിയിട്ടുണ്ട് നമ്മുടെ ഒരുക്കങ്ങള്‍? എന്തു പുതിയ ടെക്‌നോളജിയാണ് മറ്റു മാധ്യമങ്ങളില്‍ നിന്ന് വേറിട്ട് നാം പരീക്ഷിക്കാനിരിക്കുന്നത്? ഒാഗസ്റ്റ് ഒന്നിന് മലയാളിയുടെ വിരല്‍തുമ്പിലെത്തും സുപ്രഭാതം. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സുപ്രഭാതം ഒാണ്‍ലൈന്‍ എഡിഷന്‍ ജൂലൈ മുപ്പത്തൊന്നിന് ആരംഭിക്കും. പത്രം ആരംഭിക്കുന്നത് സപ്തംബര്‍ ഒന്നിനാണ്. ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി സര്‍ക്കുലേഷന് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സുപ്രഭാതത്തിനു ലഭിച്ചു. കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് മലയാളികള്‍ സുപ്രഭാതത്തെ വരവേല്ക്കാന്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് നല്ലൊരു പത്രം കൊടുക്കാമെന്ന വിശ്വാസത്തിലാണ്. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും കണക്കുകൂട്ടലുകള്‌‍ തെറ്റിച്ച കോപികളുടെ വര്‍ധനവുമാണ് പ്രതീക്ഷിച്ചതിലും വൈകി പുറത്തിറക്കേണ്ടി വരുന്നതിനു കാരണം. ഏറ്റവും ആധുനികമായ ന്യൂസ്റാപ്പ് എന്ന സാങ്കേതികവിദ്യയാണ് നമ്മള്‍ സ്വീകരിക്കുന്നത്. അരക്കോടി രൂപയോളം ചെലവഴിച്ച് പുതിയൊരു സോഫ്റ്റ്‍വെയര്‍ സ്ഥാപിച്ചുകഴിഞ്ഞു.
വരിക്കാരുടെ എണ്ണത്തില്‍ മലയാള മാധ്യമരംഗത്ത് മൂന്നാം സ്ഥാനത്താണ് സുപ്രഭാതമെന്ന് കേള്‍ക്കുന്നുണ്ട്. വളരെ ശുഭകരമായ വാര്‍ത്തയാണത്. പ്രത്യേകിച്ചും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന നിലക്ക് പ്രസിദ്ധീകരണത്തിനു മുമ്പെ മറ്റേതൊരു പത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോഡാണത്.
വരിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല. റെക്കോര്‍ഡുകള്‍ വേറെയും ഒരുപാടുണ്ട്. ആറ് എഡിഷനുകള്‍ ഒരുമിച്ച് ആരംഭിക്കുക എന്നതും ചെറിയ കാര്യമല്ല. കേരളത്തിലല്ല, ഇന്ത്യയില്‍ തന്നെ ആരാണ് ഈ പരീക്ഷണത്തിന് തയ്യാറാകുക. സമസ്തയുടെ വലിയ നെറ്റ്‍വര്‍ക്ക് തന്നെയാണ് ഇത്രയേറെ വരിക്കാരെ നേടാന്‍‍ നമ്മെ സഹായിച്ചത്.
ഒരു മാധ്യമമെപ്പോഴും അഡ്രസ് ചെയ്യേണ്ടത് പൊതുസമൂഹത്തെയാണ്. നേരത്തെ പറഞ്ഞപോലെ കാക്കത്തൊള്ളായിരം പത്രമാസികകള്‍ പുറത്തിറങ്ങു നാട്ടില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം പോന്ന എന്തു വ്യത്യസ്തതയാണ് പത്രത്തിനുണ്ടാവുക?

ഈദുല്‍ ഫിത്വറിനു മുമ്പ്‌ ഫിത്വര്‍ സകാത്ത്‌ നല്‍കുക


 വിശ്വാസികളെല്ലാം ഇന്ന്‌ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാ നുള്ള തിരക്കിലാണ്‌. ഇത്തരുണത്തില്‍ ഈദുല്‍ ഫിത്വറിന്റെ സുപ്രധാന ഭാഗവും ഏറെ പ്രാധാന്യമേറിയതും അതേ സമയം മിക്കവരും വിസ്‌മരിക്കുന്നതുമായ ഫിത്വര്‍ സകാത്തിനെ കുറിച്ചുള്ള ചില കര്‍മ്മ ശാസ്‌ത്ര വശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്‌ നന്നായിരിക്കും.
ഹിജ്‌റ രണ്‌ടാംവര്‍ഷമാണ്‌ ശരീരത്തിന്റെ സകാത്തായി അറിയപ്പെടുന്ന ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്‌ഥിരപ്പെട്ട താണ്‌ ഈ സകാത്തെന്നു ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്‌ട്‌. (തുഹ്‌ഫ : 3/305)
എന്നാല്‍, മറ്റു സകാത്തുകള്‍ പോലെ തന്നെ ഫിത്വര്‍ സകാത്തും ചില പണക്കാരുടെ മാത്രം ബാധ്യതയാണെന്ന ധാരണയാണ്‌ പലര്‍ക്കുമുള്ളത്‌. വാസ്‌തവത്തില്‍ പെരുന്നാള്‍ ദിനത്തിലെ ചിലവ്‌ കഴിച്ച്‌ സ്വന്തമായി എന്തെങ്കിലും മിച്ചം വരുന്നവര്‍ക്കെല്ലാം ഈ സകാത്ത്‌ ബാധകമാണെന്നാണ്‌ യാഥാര്‍ത്ഥ്യം. പണ്‌ഢിതരും ഖാസിമാരും പലവുരു ഇക്കാര്യം ഉണര്‍ത്താറുണ്ടെങ്കിലും ചെറിയൊരു ശതമാനം വിശ്വാസികള്‍ ഇന്നും ഇതേ കുറിച്ച്‌ ബോധവാ•ാരായിട്ടില്ലെന്നത്‌ ഖേദകരമാണ്‌. 
ഫിത്വര്‍ സകാത്തിന്റെ ഉദ്ദേശം
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഫിത്വര്‍ സകാത്ത്‌ കൊണ്‌ടുദ്ദേശിക്കുന്നത്‌. അതു കൊണ്ടു തന്നെ, ശരീരവുമായി ബന്ധപ്പെട്ട ഒരു സകാത്തായതിനാല്‍ ഇവിടെ ധനമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള പരിഗണന ഈ സകാത്തിലില്ല. 
ഇതര സകാത്തുകളുടെ നേട്ടമായി എടുത്തുപറയുന്ന ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്‌ഥ എന്നതു ഇതുകൊണ്ടുള്ള ഉദ്ദേശവുമല്ല. അിറച്ച്‌ ചില നിബന്ധനകള്‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌. നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171).
ഇവിടെ നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്‌ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്ന ഉദ്ദേശ്യമല്ല, പ്രത്യുത, ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈ കാര്യവും കൂടി നടക്കുമെന്നുമാത്രം. ഇപ്രകാരം പണ്‌ഢിത•ാര്‍ വിശദീകരിച്ചിട്ടുമുണ്ട്‌. കാരണം നോമ്പില്ലാത്ത കുട്ടിക്കും ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലൊ!.
സകാത്ത്‌ ബാധ്യതയുള്ളവര്‍

മൈത്രിയുടെ വിളക്കുകള്‍ തെളിയുന്ന ഈദ് -- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു..


വിശ്വാസികള്‍ക്ക് അനുവദനീയമായ രണ്ട് ആഘോഷ ദിനങ്ങളാണ് പെരുന്നാളുകള്‍. ഈദുല്‍ഫിത്വറും ഈദുല്‍ അസ്ഹായും (ചെറിയപെരുന്നാളും ബലിപെരുന്നാളും). റമസാനില്‍ നോമ്പനുഷ്ഠിച്ച് വ്യക്തി ജീവിതം ശുദ്ധീകരിക്കാന്‍ അവസരം നല്‍കിയ പ്രപഞ്ചനാഥനോടുള്ള നന്ദിപ്രകടനമാണ് ഈദുല്‍ഫിത്വര്‍. ദൈവീക കല്‍പന പ്രകാരം പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഹസ്രത്ത് ഇബ്രാഹിം നബി (അ)യുടെ സമര്‍പ്പണ സന്നദ്ധതയെ സ്മരിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുബന്ധമാണ് ഈദുല്‍ അസ്ഹാ.
ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങളായ നമസ്‌ക്കാരത്തിന്റെയും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും അന്തസ്സത്ത തന്നെ; 'എല്ലാം അല്ലാഹുവിനുള്ളതാണ്' എന്ന വിശ്വാസ പ്രമാണമാണ്. 'എന്റെ ആരാധനകളും കര്‍മങ്ങളും ജീവിതവും മരണവും നാഥാ നിനക്കുള്ളതാണ്' എന്ന സമര്‍പ്പണം. അല്ലാഹു നല്‍കിയ ജീവിതം എന്ന അനുഗ്രഹത്തിന് പ്രതിഫലമായി അര്‍പ്പിക്കുന്നത്.
മനുഷ്യന്‍ എന്നത് ഒരു അഹങ്കാര പദമല്ലെന്നും അടിമുടി പരിശോധിച്ചാല്‍ തന്റേതെന്ന് അവകാശപ്പെടാന്‍ ഒരു തരിമ്പുപോലും ദേഹ പ്രകൃതിയില്‍ സ്വന്തമായി ഇല്ലാത്ത അതീവ ദുര്‍ബലനും ദരിദ്രനുമായ ജീവിയാണെന്നും മറ്റുള്ള മേന്മകളും പ്രൗഢികളുമെല്ലാം ദൈവത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണെന്നും ആരാധനാ കര്‍മ്മങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
അതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും അനുഗൃഹീതമായ ജീവിവര്‍ഗം മനുഷ്യരാണെന്നും നന്മയും തിന്മയും വേര്‍തിരിക്കാനുള്ള വിവേചനബുദ്ധി ലഭിച്ചു എന്നത് തന്നെ മനുഷ്യന്റെ ഏറ്റവും വലിയ മഹത്വമാണെന്നും തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. സര്‍വശക്തനായ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യനു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് ആത്മ പരിശോധന ചെയ്യാന്‍ ലഭിക്കുന്ന ഏറ്റവും മഹത്തായ അവസരമാണ് റമസാന്‍.

ലൈലത്തുല്‍ ഖദ്ര്‍; വിധി നിര്‍ണയത്തിന്റെ അനുഗ്രഹീത രാവ്

മനുഷ്യാരംഭം മുതല്‍ അല്ലാഹു അവതരിപ്പിച്ച് തുടങ്ങിയ മാര്‍ഗ ദര്‍ശനത്തിന്റെ അവസാന പതിപ്പാണ് മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ച് കൊടുത്ത വിശുദ്ധ ഖുര്‍ആന്‍. പ്രവാചക ഹൃദയത്തില്‍ ജിബ്‌രീല്‍ മാലാഖ പരിശുദ്ധ ഖുര്‍ആനുമായി ആദ്യമായി പറന്നിറങ്ങിയത് ഒരു രാത്രിയിലായിരുന്നു. ആ രാത്രിയെ അനുഗ്രഹത്തിന്റെയും വിധി നിര്‍ണയത്തിന്റെയും രാത്രിയായി അല്ലാഹു നിശ്ചയിച്ചു. അക്കാര്യം ഖുര്‍ആനിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
'അനുഗ്രഹീതമായ ഒരു രാവിലാണ് നാമിത് അവതരിപ്പിച്ചത്. ഇതുവഴി നാം ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കാര്യങ്ങളെല്ലാം ആ രാത്രിയിലാണ് നമ്മുടെ ഉത്തരവനുസരിച്ച് തീരുമാനിക്കപ്പെടുന്നത്. ദൈവ ദൂതന്‍മാരെ അയക്കുന്നത് നാം തന്നെയാണ്. നിന്റെ നാഥനില്‍നിന്നുള്ള കാരുണ്യമാണത്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണവന്‍ (വി.ഖു. 44: 3-6).


ആ രാത്രി റമസാന്‍ മാസത്തിലാണന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു (2: 185). 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ആ രാത്രി. മാലാഖമാരും പരിശുദ്ധാത്മാവും ആ രാവില്‍ അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ സര്‍വ്വ നിശ്ചയങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റേതാണാരാവ്. പ്രഭാതം പുലരുവോളം' (97: 3-5). വിധി നിര്‍ണയത്തിന്റെയും ആസൂത്രണത്തിന്റെയും പദവിയുടെയും മൂല്യത്തിന്റെയും ശക്തിയുടെയും രാത്രി എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്നതാണ് 'ലൈലത്തുല്‍ ഖദ്ര്‍' എന്ന വാചകത്തിന്.
മനുഷ്യ ജീവിതത്തിന് അതിന്റെ ആത്യന്തികമായ വിജയത്തിലേക്ക് വഴി തുറന്നു കിട്ടിയ രാത്രി. അനുഭൂതിപൂരകമായ സ്വര്‍ഗ പൂങ്കാവനങ്ങളില്‍ മനുഷ്യന് നിത്യാനന്ദത്തിന്റെ ശാശ്വത ജീവിതത്തിന് വഴിയൊരുങ്ങിയ രാത്രി. അത് അനുഗ്രഹത്തിന്റേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈവീക കാരുണ്യം പ്രവഹിപ്പിച്ച് ആകാശം ഭൂമിയെ മാറോടണച്ചപ്പോള്‍ അതിലൂടെ മനുഷ്യാത്മാവ് തന്റെ രക്ഷിതാവിന്റെ ഉത്തുംഗ സവിധത്തിലെത്തിച്ചേര്‍ന്ന മഹോന്നത രാത്രി.